Categories: Varadyam

മരിച്ച കുഞ്ഞുങ്ങള്‍ വിരുന്നു വരുന്നു

Published by

ചിത്രശലഭങ്ങളാണ് കുട്ടികള്‍ എന്നല്ലേ നാം കാവ്യാത്മകമായി പറയാറ്. അവരങ്ങനെ ചറപറാ നടന്നും ഓടിയും ചാടിയും പറന്നു നടക്കുന്നതു കാണുന്നതു തന്നെ ഒരു ഭാഗ്യമല്ലേ? എന്നാല്‍ ആ ഭാഗ്യം പതിയെപ്പതിയെ നമ്മുടെ കൈകളില്‍ നിന്ന് ഊര്‍ന്നുപോവുകയാണ്. ആരൊക്കെയോ അത് തട്ടിപ്പറിച്ചെടുക്കുകയാണ്.

കണ്ണീരിനും കനിവിനുമിടയില്‍ അവര്‍ നഷ്ടപ്പെട്ടുപോവുകയാണ്. ആ നഷ്ടപ്പെടല്‍ പലരുടെയുള്ളിലും ഉണ്ടാക്കിയിട്ടുള്ള വിങ്ങല്‍ ഭയാനകമാണ്. അതിന്റെ വര്‍ണനകള്‍ കേട്ടുകേട്ട് സമൂഹം ഏതാണ്ട് അസ്തപ്രജ്ഞമായിരിക്കുന്നു. എന്നാലും ചില രജതരേഖകള്‍ തെളിഞ്ഞുകിടപ്പുണ്ട്. മുന്നേ സൂചിപ്പിച്ച ചിത്രശലഭങ്ങളെ നാമെങ്ങനെയായിരുന്നു നോക്കിക്കണ്ടിരുന്നത്, ഓമനിച്ചിരുന്നത്, പരിപാലിച്ചിരുന്നത് എന്നതൊക്കെ ആ രജതരേഖകളില്‍ തെളിഞ്ഞുവരുന്നു. അത്തരം ചിലത് മാതൃഭൂമി ആഴ്ചപ്പതിപ്പി (ഏപ്രില്‍)ല്‍ കാണാം.

മലയാളത്തിന്റെ അമ്മ മനസ്സില്‍ ഉറന്നുവന്ന ആ സ്‌നേഹാക്ഷരങ്ങള്‍ വാരികയെ തരളിതമാക്കുന്നുണ്ട്. അക്ഷരപുണ്യമായി സുഗതകുമാരി എന്ന അമ്മ മനസ്സില്‍ നിന്ന് 44 വരികളായി ഒഴുകിയെത്തിയ കാവ്യതീര്‍ത്ഥത്തിന് പേര് ഇങ്ങനെ: മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്…. ഓര്‍മ്മയുടെ പൂമുഖത്തേക്ക് പതുപതുത്ത കാല്‍വെപ്പുകളായി കുഞ്ഞുങ്ങള്‍ കടന്നുവരികയാണ്. മാമ്പൂകണ്ടും ഉണ്ണികളെ കണ്ടും കൊതിക്കരുതെന്ന് പണ്ടുള്ളവര്‍ പറഞ്ഞതെത്ര ശരിയെന്ന് ഇന്നത്തെ സംഭവവികാസങ്ങളിലൂടെ പൊള്ളിപ്പിടഞ്ഞ് പോകുമ്പോള്‍ നമുക്കു തോന്നും.

കിളിക്കൊഞ്ചലും ഉണ്ണി നിശ്വാസങ്ങളുമായി വാത്സല്യപ്പൂങ്കാവനത്തിലൂടെ പാറിക്കളിച്ചവരുടെ സ്ഥിതി എത്രമാത്രം ഭയാനകമാണ്. അവരുടെ മോഹങ്ങളൊക്കെയും ആഗ്രഹങ്ങളത്രയും ചവിട്ടിയരച്ച് ആര്‍ത്തട്ടഹസിക്കുന്ന അനുഭവത്തില്‍ നിന്ന് നമുക്ക് മോചനമുണ്ടോ എന്നാണ് സുഗതകുമാരി ചോദിക്കുന്നത്. എന്താണ് നമുക്കു സംഭവിച്ചിരിക്കുന്നതെന്ന് ആ അമ്മ നെഞ്ചുപൊട്ടി വ്യാകുലപ്പെടുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളായി അത് നമ്മെ വേട്ടയാടുകയാണ്.

മഹാനഗരത്തിന്റെ നടുക്കുനിന്നാണ് ആ പിഞ്ചുകുഞ്ഞുങ്ങളുടെ വരവ് കാണുന്നത്. നോക്കൂ:

മിഴിഞ്ഞ കണ്ണുകള്‍, മുറിഞ്ഞ ചുണ്ടുകള്‍

ഒടിഞ്ഞു തൂങ്ങിയോരിളം കഴുത്തുകള്‍

ഉടഞ്ഞനെഞ്ഞുകള്‍, ചതഞ്ഞ മെയ്യുകള്‍

തുടകളില്‍ ചോരക്കറയൊലിപ്പുകള്‍…

ദയാരഹിതമായ മനുഷ്യക്കോലങ്ങള്‍ കുഞ്ഞുങ്ങളോടു ചെയ്യുന്നതിന്റെ ക്രൂരതയത്രയും വരികളില്‍ ചോരവാര്‍ന്നു കിടക്കുകയാണ്. അമ്മയും കവിയും ഒരാളാവുമ്പോള്‍ കാവ്യം എത്രമാത്രം മാതൃസ്പര്‍ശമുള്ളതാവുമെന്നതിന് വേറെ തെളിവെന്തിന്? മക്കളെ പൊന്നുപോലെ സംരക്ഷിച്ച്, ചിറകിനടിയില്‍ കാത്തുവെച്ച് ചൂടു നല്‍കിയോര്‍ ഇന്നെവിടെയെന്നാണ് സുഗതകുമാരി ചോദിക്കുന്നത്.

എവിടെയമ്മമാര്‍? പിതാക്കള്‍? രക്ഷകര്‍?

എവിടെപ്പോയ് വന്ദ്യഗുരുക്കന്മാര്‍? ദൈവ

വചനം ഘോഷിക്കും മഹാപുരോഹിതര്‍?

എവിടെ നേതാക്കള്‍? നിയമപാലകര്‍?

എവിടെയന്ധമാം തുലാസ്സില്‍ ദേവത?

മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്…..

രാക്ഷസമനസ്‌കരുടെ തിറയാട്ടത്തില്‍പ്പെട്ട് ചിറകുകരിഞ്ഞ ചിത്രശലഭങ്ങളുടെ കണ്ണീര്‍പ്പെരുമഴയെ ഇത്ര മനോഹരമായി നമ്മുടെ ഹൃദയങ്ങളിലേക്ക് ചാലിട്ടൊഴുക്കാന്‍ ഈ അമ്മ മനസ്സിനല്ലാതെ മറ്റാര്‍ക്കു കഴിയും? ഈ കൊടുംവേനലില്‍ ഒരു തീര്‍ത്ഥ ജലത്തില്‍ മുങ്ങിക്കുളിച്ച അനുഭവമാണ് ആര്‍ക്കുമുണ്ടാവുക. ഓരോരുത്തരിലും വാത്സല്യം ചുരത്തുന്ന ആ പഴയ അമ്മമനസ്സുകള്‍ എല്ലായിടത്തും ഉണ്ടാവുന്ന സൗവര്‍ണകാലമാണ് സുഗതകുമാരി പ്രതീക്ഷിക്കുന്നത്. പ്രാര്‍ത്ഥനാനിര്‍ഭരമായ ആ മനോജ്ഞകാലത്തേക്കു പോകുമെന്ന ദൃഢപ്രതിജ്ഞയെടുത്തുകൂടേ നമുക്ക്? സ്വപ്‌നങ്ങള്‍ ഒടുങ്ങാത്ത മനസ്സുകളുമായി സ്വര്‍ഗങ്ങള്‍ തേടിപ്പോയ കുഞ്ഞുങ്ങള്‍ പാതിരാത്രിയില്‍ നനുത്ത കാല്‍വെപ്പുകളുമായി വരാതിരിക്കണമെങ്കില്‍ പ്രതിജ്ഞയെടുത്തേ തീരൂ, പാലിച്ചേ തീരൂ. അല്ലെങ്കില്‍ സുഗത ടീച്ചര്‍ പറഞ്ഞതുപോലെ: നമുക്കുപാഞ്ഞുപോയൊളിക്കാം മാളത്തില്‍/തുറിച്ച കണ്‍കളാലവര്‍ കാണും മുമ്പേ…. അതിന് അവസരം കൊടുക്കാതിരിക്കുക, ഉണ്ണികള്‍ വിരിയട്ടെ, ഉണര്‍വിലേക്ക്, ഉര്‍വരതയിലേക്ക്. സമൂഹത്തിന്റെ കരുതിവെപ്പില്‍ അവര്‍ സ്വാസ്ഥ്യം കൊള്ളട്ടെ.

************

ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏതായാലും നമ്മുടെ ഉണ്ണികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. സുഗത ടീച്ചറുടെ മാതൃവാത്സല്യത്തില്‍ തുടങ്ങി ജെ. ദേവികയുടെ ഗിരിപ്രഭാഷണത്തിലൂടെ ഡോ. ജയശ്രീ എ.കെ.യുടെ നിരീക്ഷണ പ്രഹേളികയിലൂടെ, പി.പി. രാമചന്ദ്രന്റെ വരണ്ട കവിതയായ അത് ലൂടെ അങ്ങനെ പോവുന്നു. നന്മയും തിന്മയും കൈകോര്‍ത്തു പോവുമ്പോള്‍ ശാസിക്കാനും ശാന്തമാക്കാനും ശിക്ഷിക്കാനും കഴിവുള്ള സമൂഹം യഥാസമയം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന സന്ദേശം നല്‍കാന്‍ വാരികയ്‌ക്കായി എന്ന്

സമാധാനിക്കയത്രേ കരണീയം.

കണ്ണീരു കണ്ട് കനിവൂറുമെങ്കില്‍

കണ്ണാകാലമെത്ര നന്നായിരുന്നൂ

************

പുരോഗമനം എങ്ങനെയാണ് മനസ്സിലാവുക എന്ന് അറിയാന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ടെന്നായിരുന്നു നാം കരുതിയത്. എന്നാല്‍ അത് സോസിമ്പ്ള്‍ ആണെന്ന് ചിലരുടെ പ്രിയപ്പെട്ട ഇരട്ടച്ചങ്കന്‍ പറയുന്നു. അതിന് വേണ്ടത് രണ്ട് സംഗതികളാണ്. ഒന്ന് ബുദ്ധി, മറ്റത് മനസ്സ്. നാം പുരോഗമിക്കുന്നുണ്ടോ എന്ന് ബുദ്ധികൊണ്ട് ചോദിച്ചുകൊണ്ടിരിക്കുന്നതാണ് പ്രശ്‌നം. ആ ബുദ്ധി ആറ്റില്‍ക്കളഞ്ഞ് മനസ്സുകൊണ്ട് ചോദിക്കണം. നാദാപുരത്തിനടുത്ത വളയത്തെ മഹിജ ഇതുവരെ ബുദ്ധികൊണ്ടാണ് ചോദിച്ചുകൊണ്ടിരുന്നത്. മകനെ കൊന്നവരെ പിടിക്കാനും ശിക്ഷകൊടുക്കാനും എന്തേ കഴിയുന്നില്ല എന്നായിരുന്നു ആ ചോദ്യം. അതാണ് പ്രശ്‌നമായത്.

ആ അമ്മയ്‌ക്ക് മനസ്സുകൊണ്ട് ചോദിക്കാമായിരുന്നു. നേരത്തെ പാര്‍ട്ടിക്കുവേണ്ടി മനസ്സുകൊടുത്തുപോയ സ്ഥിതിക്ക് അതിനു കഴിയാതായി. അതിനാല്‍ പുരോഗമനം എന്താണെന്ന് മനസ്സിലായില്ല. ഉന്നതരുടെ താളത്തിനൊത്ത് തുള്ളുന്ന സമകാലിക പാര്‍ട്ടിതത്വശാസ്ത്രത്തെ അറിയണമെങ്കില്‍ ബുദ്ധികൊണ്ട് ചോദിച്ചിട്ട് കാര്യമില്ല. അതിനു മനസ്സുതന്നെ വേണം. മനസ്സുണ്ടെങ്കില്‍ മതമുണ്ട്. മതമുണ്ടെങ്കില്‍ വഴിയുണ്ട് എന്നാണ് പുതിയ തത്വശാസ്ത്രം. അത് അറിയാത്ത മഹിജ, ആങ്ങള ശ്രീജിത്ത് തുടങ്ങിയവര്‍ക്കൊന്നും ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ല.

അവര്‍ക്ക് കൂട്ടായി മറ്റു പാര്‍ട്ടിക്കാര്‍ രംഗപ്രവേശം ചെയ്ത സ്ഥിതിക്ക് അത് അതിന്റെ വഴിക്ക് പോവുന്നതല്ലേ ഉചിതം? ബുദ്ധികൊണ്ട് മഹിജ ചോദിച്ച ചോദ്യത്തിന് മനസ്സുകൊണ്ട് ഇരട്ടച്ചങ്കന്റെ മറുചോദ്യം ഇങ്ങനെ: എന്തു നേടാനായിരുന്നു ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം? ഇതിന് നമ്മുടെ സുഗത ടീച്ചര്‍ കവിതയിലൂടെ മറുപടി പറഞ്ഞത് ഓര്‍ത്തുവെക്കുക: നമുക്കുവായ്മിഴി ചെവിയെല്ലാം പൊത്തി-

യൊളിക്കാം, നാം തന്നെ മുടിച്ച ഭൂമി തന്‍

കനല്‍ക്കുഴികളില്‍ പുകഞ്ഞൊടുങ്ങിടാം

ഒടുക്കാഴ്ച

ഏപ്രില്‍ 14ന് വിഷുവായിരുന്നു. ഒരു പ്രമുഖ പത്രത്തിലെ നക്ഷത്രവാരം പംക്തിയില്‍ ഒരു നക്ഷത്രഫലത്തില്‍ ഇങ്ങനെ കാണാം: മാതാപിതാക്കളോടൊപ്പം അന്യദേശത്ത് ഓണമാഘോഷിക്കാന്‍ പുറപ്പെടും.

അഞ്ചുമാസം യാത്ര ചെയ്യേണ്ട ഏതു രാജ്യത്താണാവോ ആ മകന്‍ (മകള്‍) ജോലി ചെയ്യുന്നുണ്ടാവുക? ചോദ്യങ്ങളില്ലെങ്കില്‍ ഉത്തരങ്ങളില്ല. ആയതിനാല്‍ നമുക്കു ചോദ്യങ്ങളെ ഗളഹസ്തം ചെയ്യാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by