വയനാട്ടിലെ ഗോത്ര ഗ്രാമങ്ങള്‍ ഞാണൊലി മുഴക്കത്താല്‍ മുഖരിതമാണ്. ജില്ലയിലെ നൂറ്റിയമ്പതോളം വനവാസി കുരുന്നുകള്‍ ആയോധനകല അഭ്യസിക്കുന്ന തിരക്കിലാണിപ്പോള്‍. തലയ്ക്കല്‍ ചന്തു സ്കൂള്‍ ഓഫ് ആര്‍ച്ചറിയുടെ നേതൃത്വത്തിലാണ് അമ്പെയ്ത്ത് പരിശീലനം. ഇതിനുപുറമെ വോളിബോള്‍ പരിശീലനം, യോഗാ ക്ലാസ്സുകള്‍, വാനനിരീക്ഷണം, ഇംഗ്ലീഷ്- ഹിന്ദി സ്പോക്കണ് ക്ലാസ്സുകള്‍ തുടങ്ങിയവയും നടത്തിവരുന്നു.
അമ്പെയ്ത്ത് മത്സരത്തില്‍ ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്നതിനും ഗോത്ര വിഭാഗങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റം പ്രതിരോധിക്കുവാനുമാണ് ഇവരുടെ പരിശീലനം. കഴിഞ്ഞ 15 ദിവസമായി മാനന്തവാടി ഗവണ്മെന്റ് കോളേജ് മൈതാനിയില്‍ രാജ്യത്തെ വിദഗ്ദ്ധരായ നാല് കോച്ചുകളുടെ നേതൃത്വത്തിലാണ് പരിശീലനം. രാവിലെ 7.30 മുതല്‍ എട്ടുവരെ ശാരീരിക പരിശീലനം, അര മണിക്കൂര്‍ റബ്ബര്‍ പ്രാക്ടീസ്, അമ്പും വില്ലും പരിശീലനം എന്നിങ്ങനെയാണ് ദിനചര്യ. പ്രത്യേക വാഹനത്തിലും മറ്റുമായാണ് എല്ലാ കുട്ടികളും പരിശീലനത്തിനെത്തുന്നത്.
അല്‍പ്പം ചരിത്രം
വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്താണ് വേദി. കാട്ടിക്കുളത്തെ പഞ്ചായത്ത് മൈതാനിയില്‍ കേരളോത്സവം നടക്കുകയാണ്. തിരുനെല്ലി അത്ലറ്റിക് അക്കാദമിയുടെ കീഴില്‍ ധാരാളം വനവാസികള്‍ കായികരംഗത്ത് പരിശീലനം നേടുന്നുണ്ട്. പാലത്തിങ്കല്‍ ഗിരീഷ് മാഷാണ് ഇതിന്റെ സംഘാടകന്‍. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനവും അഭ്യുദയകാംക്ഷികളുടെ സംഭാവനയും കൊണ്ടാണ് അക്കാദമിയുടെ പ്രവര്‍ത്തനം. സ്പോര്‍ട്സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങളെ വെല്ലുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇവിടുത്തെ വനവാസി കുട്ടികള്‍ക്കാകുന്നു. മൈതാനത്ത് നടക്കുന്ന പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ട് മത്സരാര്‍ത്ഥികള്‍ മാത്രമേയുള്ളൂ.
ഒരാള്‍കൂടി ഇല്ലെങ്കില്‍ ഐറ്റം റദ്ദ് ചെയ്യും. ഗിരീഷ് മാഷും കൂട്ടുകാരും മറ്റൊരു മത്സരാര്‍ത്ഥിയെ അന്വേഷിച്ചുനടന്നു, മുട്ടോളമുള്ള മിഡി ധരിച്ച് കാണികള്‍ക്കിടയിലിരുന്ന തൃശ്ശിലേരിക്കാരി ജയ്ഷയോട് മത്സരിക്കാമോ എന്നായി ചോദ്യം. പെട്ടന്നുതന്നെ മറുപടിയും വന്നു, പറ്റില്ല. തുടര്‍ന്ന് കൂട്ടുകാരികളുടെ നിര്‍ബന്ധത്തിനുവഴങ്ങി ജയ്ഷ ഓടാമെന്നേറ്റു. ജീവിതത്തില്‍ ആദ്യമായാണ് ജയ്ഷ സ്പോര്‍ട്സില്‍ പങ്കെടുക്കുന്നത്. മൂന്നാം സ്ഥാനം കിട്ടുമെന്ന് സംഘാടകര്‍ പറഞ്ഞു. മറ്റ് രണ്ട് കുട്ടികളും ദേശീയ താരങ്ങളായിരുന്നു. എന്നാല്‍ ജയ്ഷ മത്സരത്തില്‍ ഒന്നാമതെത്തി.
തിരുനെല്ലി അക്കാദമി ജയ്ഷക്ക് പിന്നീട് വിദഗ്ദ്ധ പരിശീലനം നല്കി. ഭാരതത്തിന്റെ അഭിമാനമായി മാറിയ ഒ.പി. ജയ്ഷ എന്ന കായികതാരത്തിന്റെ ഉദയം ഇവിടെ നിന്നാണ്.
വയനാട്ടിലെ വനവാസികള്‍ അമ്പെയ്ത്ത് കലയില്‍ നിപുണരാണ്. കുറിക്കുകൊള്ളുന്ന അമ്പയയ്ക്കുന്നവരാണ് കുറിച്ച്യര്‍. പഴശ്ശിയുടെ പോരാളികളില്‍ മുന്‍നിരക്കാര്‍ വനവാസികളായിരുന്നു. ആയിരക്കണക്കിന് ബ്രിട്ടീഷുകാരെയാണ് വിഷം പുരട്ടിയ അമ്പുമായി വനവാസികള്‍ നേരിട്ടത്. ഇത് പോയകാല ചരിത്രം.
ഇന്ന് വനവാസി സംസ്കാരത്തിന്റെ ഭാഗമായ വേട്ടയാടലും മറ്റും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇക്കാരണത്താല്‍തന്നെ പുതുതലമുറയ്ക്ക് അസ്ത്ര-ശസ്ത്ര വിദ്യയില്‍ പ്രാവീണ്യവും കുറവാണ്. പ്രതീകാത്മക വേട്ടയാടല്‍ മാത്രമാണ് ഇന്ന് നടക്കുന്നത്. വനവാസി ഊരുകളില്‍ അമ്പും വില്ലും കാണാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ക്ക് ഈ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിക്കാനുള്ള വേദികളില്ല. പഠിക്കാനുള്ള സംവിധാനവുമില്ല. ഒ.പി. ജയ്ഷയെ പോലെ ഉയര്‍ന്നുവരേണ്ട നൂറുകണക്കിന് വനവാസി കായികതാരങ്ങള്‍ വയനാട്ടിലുണ്ട്. അവരെ കണ്ടെത്തുക എന്നത് ശ്രമകരമല്ല. ഈ വെല്ലുവിളിയാണ് തലയ്ക്കല്‍ ചന്തു സ്കൂള്‍ ഓഫ് ആര്‍ച്ചറി ഏറ്റെടുത്തിരിക്കുന്നത്.
ആര്‍ച്ചറിയിലെ മുഖ്യപരിശീലകന്‍ എം.ആര്. ചന്ദ്രനാണ്. 18 വര്‍ഷമായി അദ്ദേഹം ഈ മേഖലയിലുണ്ട്. നിരവധിതവണ ദേശീയ ചാമ്പ്യനായ അദ്ദേഹം ആര്‍ച്ചറി നാഷണല്‍ ക്യാമ്പിലും സായി ക്യാമ്പിലും പരിശീലനം നല്കിവരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ അജിത്ത് ബാബു, ഇടുക്കിയില്‍ നിന്ന് അമല്‍രാജു, ഡാനിയ ജിജി, സാന്ദ്ര ബെന്നി, ശ്രീലക്ഷ്മി തുടങ്ങിയ ഇരുനൂറോളം കുട്ടികള്‍ ദേശീയ-സംസ്ഥാന മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
മറ്റൊരു കോച്ചായ ഇ.എ. രാജന് അഞ്ച് വര്‍ഷം കിര്‍ത്താഡ്സില്‍ ആര്‍ച്ചറി പരിശീലിപ്പിച്ചിട്ടുണ്ട്. സായി ക്യാമ്പിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നിരവധി തവണ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. പത്തോളം നാഷണല്‍ മത്സരത്തില്‍ പങ്കെടുത്തു. 2016 ലെ നാഷണല്‍ ഗെയിംസിലും പങ്കെടുത്തു. കണ്ണൂര്‍ ജില്ലാ ആര്‍ച്ചറി അസോസിയേഷന് സെക്രട്ടറി, അഡ്വഞ്ചര്‍ അക്കാദമിയുടെ കണ്ണൂര്‍ പരിശീലകന് തുടങ്ങിയ നിലയില്‍ അദ്ദേഹം സേവനം ചെയ്തുവരുന്നു. സ്വന്തമായി 300ല്‍ അധികം കുട്ടികളെ പരിശീലിപ്പിച്ച് മെഡലുകള്‍ കരസ്ഥമാക്കാന്‍ പ്രാപ്തനാക്കി. സിദ്ധാര്‍ത്ഥ്, ദശരഥ്, ഋഷിക, അനാമിക, ആത്മിക, രോഹിത് തുടങ്ങിയ ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിന് സ്വന്തം.
കല്‍പ്പറ്റ കമ്പളക്കാട് സ്വദേശിയായ ആനേരി ഗംഗാധരന് കണ്ണൂര്‍ യൂണിവേഴ്സിറ്റി കോച്ച്, കിര്‍ത്താഡ്സ് കോച്ച് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 ല്‍ കോയമ്പത്തൂരില്‍ നടന്ന കേരളാ റൂറല്‍ ഗെയിംസിന്റെ കേരളാ കോച്ചായിരുന്നു. അക്ഷയദാസ്, അക്ഷരദാസ്, ശ്രീരാഗ്, സൂര്യ, ദിവ്യ, ആര്യ തുടങ്ങിയ കുട്ടികള്‍ക്ക് അദ്ദേഹം പരിശീലനം നല്‍കിയിട്ടുണ്ട്. 2016 ഡിസംബറില്‍ ബോംബെയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ റൗണ്ട് വിഭാഗത്തിന്റെ പരിശീലകനും ഗംഗാധരനായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി പരിശീലകനായി ജോലി ചെയ്തുവരുന്നു.
മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ തറവാട്ടില്‍ നിന്നാണ് മറ്റൊരു കോച്ചായ വിനോദ് എത്തുന്നത്. ഒന്‍പത് വര്‍ഷമായി സംസ്ഥാനത്തെ സ്വര്‍ണ്ണമെഡല്‍ ജേതാവായിരുന്നു വിനോദ്. 2010 ല്‍ നാഷണല്‍ മെഡലും കരസ്ഥമാക്കി. 17 വര്‍ഷമായി ഇദ്ദേഹം ഈ മേഖലയിലുണ്ട്. നാഷണല്‍ ഗെയിംസ് ആര്‍ച്ചറിയില്‍ വെങ്കലം നേടിയ കെ.വി. അരുണ്‍കുമാറിന്റെ പരിശീലകന് ഇദ്ദേഹമായിരുന്നു.
പരിശീലകന്മാര്ക്ക് വയനാട്ടിലെ ഗോത്ര വിഭാഗങ്ങളുടെ കഴിവുകള്‍ കണ്ടെത്തുന്നതിന് പ്രയാസമില്ലെന്നാണ് ഇവര്‍ നല്കുന്ന സൂചന. ചിട്ടയായ പരിശീലനത്തിലൂടെ ദേശീയ മെഡല്‍ കരസ്ഥമാക്കാന്‍ നിലവിലെ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനത്തിനും കഴിയുമെന്നാണ് വിലയിരുത്തല്‍. പട്ടിണിയില്‍ നിന്നും ഉയര്‍ന്നുവരുന്ന പല വനവാസി കുട്ടികള്‍ക്കും ഈ മേഖലയില്‍ അവരുടേതായ ഇടം കണ്ടെത്താന്‍ കഴിയുമെന്ന് പരിശീലകനായ ആനേരി ഗംഗാധരന്റെ അഭിപ്രായം.
ഗംഗാധരന്റെ കീഴിലാണ് പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായിരുന്ന അക്ഷയ ദാസും അക്ഷര ദാസും പരിശീലനം നേടിയത്. ഇരട്ടകുട്ടികളായ ഇവര്‍ പെരുമ്പാവൂരില്‍ നടന്ന സംസ്ഥാന മിനി അമ്പെയ്ത്ത് മത്സരത്തില്‍ സ്വര്‍ണ്ണം നേടി. അക്ഷയദാസ് ഇന്ത്യന്‍ റൗണ്ട് ഇനത്തിലും അക്ഷര ദാസ് റിക്കര്‍വ് റൗണ്ട് ഇനത്തിലുമാണ് സ്വര്‍ണ്ണം നേടിയത്. 2015ലും 16ലും അക്ഷയ ദാസിന് ദേശീയ മത്സരത്തില്‍ വെള്ളി ലഭിച്ചു.
2017 ജനുവരി ഒന്നിന് സമാപിച്ച മുംബൈ ചേമ്പൂര് സ്റ്റേഡിയത്തില്‍ നടന്ന 19-ാമത് ദേശീയ വനവാസി അമ്പെയ്ത്ത് മത്സരത്തില്‍ കേരളം റണ്ണര്‍ അപ്പായി. ചിട്ടയായ പരിശീലനമാണ് കേരളത്തിന് മെഡല്നേടിത്തന്നത്. 16 പേരാണ് മത്സരത്തില്‍ മാറ്റുരച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓവറോള്‍ കിരീടവും കേരളത്തിനാണ് ലഭിച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 30, 40 മീറ്ററുകളില്‍ കേരളത്തിനായി എ.ബി. സൂര്യ സ്വര്‍ണ്ണം നേടി. ഇതേ ഇനത്തില്‍ കേരളത്തിന്റെ കെ.എല്‍. ആര്യ വെള്ളിയും നേടി. 30 മീറ്ററില്‍ ദിവ്യ ചന്ദ്രനിലൂടെ വെങ്കലവും കേരളത്തിന് സ്വന്തം. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.എം. വിനോദ്കുമാര്‍ 50 മീറ്ററില്‍ വെള്ളിയും 40 മീറ്ററില്‍ വെങ്കലും നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 മീറ്ററില്‍ കേരളത്തിന്റെ സരുണ്‍ ചന്ദ്രന് സ്വര്‍ണ്ണം നേടി. മേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ സൂര്യ വ്യക്തിഗത ചാമ്പ്യയുമായി. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച സൂര്യയ്ക്കും ദിവ്യക്കും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യിലേക്ക് സെലക്ഷനും ലഭിച്ചു.
അമ്പെയ്ത്തില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്ത ഭൂരിഭാഗം കുട്ടികളും വയനാട്ടുകാരാണ്. വയനാട്ടില്‍നിന്ന് ഇനിയും ധാരാളം കായികതാരങ്ങള്‍ ചിട്ടയായ പരിശീലനത്തിലൂടെ ദേശീയ നിലവാരത്തിലേക്ക് ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: