ഹിന്ദുസ്ഥാനി സംഗീതത്തിലെ വായ്പ്പാട്ടുകാരില്‍ സ്വതന്ത്ര ഇന്ത്യയെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി ആരെന്നു ചോദിച്ചാല്‍ കണ്ണുമടച്ചു പറയാവുന്ന ഒരുത്തരമുണ്ട്. ആ പേരാണ് കിഷോരി അമോങ്കര്‍!
കാല്പനികതയെ തന്റെ സ്വരമാധുരിയില്‍ ചാലിച്ച് നാദവിസ്മയം തീര്‍ത്ത വിശ്രുതസംഗീതജ്ഞ. ജയ്പൂര്‍ അത്രൗളി ഘരാനയുടെ അന്തസ്സ്. ഗസലുകളും ഖവാലികളും വിരാജിച്ചിരുന്ന സംഗീതസഭകളില്‍ ശുദ്ധവും വ്യതിരിക്തവുമായ തന്റെ മധുരാലാപന ശൈലികൊണ്ട് ആരാധകരെ കീഴടക്കി പരമ്പരാഗത രീതികളെ കുറേക്കൂടി ജനകീയമാക്കിയ സംഗീത പരിവര്‍ത്തക.
കര്‍ണാടക സംഗീതത്തില്‍ എം.എസ്.സുബ്ബലക്ഷ്മിയെന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തിലെ അമൂല്യരത്നം. 1931 ലാണ് കിഷോരി അമോങ്കറുടെ ജനനം. ജയ്പൂര്‍ ഘരാനയിലെ അതികായയായ മൊഗുബായി കുര്‍ദിക്കറുടെ മകളായി സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ത്തന്നെയാണ് കിഷോരി അമോങ്കറും ജനിച്ചത്. ആറാം വയസ്സില്‍ പിതാവ് നഷ്ടപ്പെട്ടു. ചെറുപ്പത്തിലേ സംഗീതതല്പരയായിരുന്ന മകളെ പത്താം വയസ്സിലാണ് മാതാവ് മൊഗുബായി ഒരു ഗുരുവിന്റെ കീഴില്‍ സംഗീതം അഭ്യസിക്കാന്‍ വിടുന്നത്. കിഷോരിയുടെ സ്വരസ്ഫുടതയില് അതൃപ്തിയുണ്ടായിരുന്നു ആ ഗുരുവിന്. നിരന്തരം കേള്‍ക്കേണ്ടിവന്ന പരാതിയില്‍ മനംനൊന്ത് മൊഗുബായി ഗുരുവിനെ ഒഴിവാക്കി മകളെ സംഗീതം അഭ്യസിപ്പിക്കുന്നത് സ്വയം ഏറ്റെടുത്തു. കിഷോരിയുടെ വേറിട്ട സംഗീതാഭിരുചി ഉരുത്തിരിഞ്ഞുവന്നത് അമ്മയില്‍നിന്നുള്ള പഠനത്തിന് കീഴിലായിരുന്നു.
ആദ്യമൊക്കെ ഭജനുകളിലും ജനകീയ സംഗീതത്തിലും താല്പര്യം കാട്ടിയിരുന്ന അവര്‍ കാലക്രമേണ ശാസ്ത്രീയസംഗീതത്തിന്റെ തുറസ്സായ മേഖലകളിലേക്ക് തന്റെ നാദസപര്യയെ വഴിതിരിച്ചു വിട്ടു. പതിനേഴാം വയസ്സു മുതല്‍ അമ്മയെ അനുഗമിച്ച് സദസ്സുകളില്‍ പാടിയിരുന്ന മകള്‍ക്ക് തനതായ ശാസ്ത്രീയസംഗീതത്തില്‍ കൈവന്ന പ്രാവീണ്യമോര്‍ത്ത് മൊഗുബായി ഏറെ അഭിമാനിച്ചു. ഒപ്പം സ്കൂള്‍ പഠനത്തിലും മികവു കാട്ടിയിരുന്ന അവര്‍ക്ക് ഡോക്ടറാകാനായിരുന്നു ഇഷ്ടം. ബോംബെ ജയ്ഹിന്ദ് കോളേജില്‍ സയന്‍സ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പിടിപെട്ട അസുഖങ്ങള്‍ മൂലം ഇന്റര്‍മീഡിയറ്റ് പരീക്ഷ എഴുതാന്‍ കഴിയാതെ വന്നതുകൊണ്ട് ആ മോഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു. സിനിമയ്ക്കു പിന്നണി പാടുന്നതിലും അവര്‍ ഒരു കൈ നോക്കാതിരുന്നില്ല. വി.ശാന്താറാമിന്റെ ‘ഗീത് ഗായാ പത്തറോനെ’ എന്ന സിനിമയില്‍ പാടിയെങ്കിലും ആഗ്രഹം സഫലമാകാതെ പോയി.
കിഷോരിയുടെ തട്ടകം ഇതൊന്നുമല്ല എന്നു മനസ്സിലാക്കിയ മൊഗുബായി മകളെ വായ്പാട്ടിന്റെ അനന്തസാധ്യതകളിലേക്ക് ആനയിച്ചു. അങ്ങനെ ആഗ്ര ഘരാനയിലെ അന്‍വര്‍ ഹുസൈന് ഖാന്, ബണ്ടി ബസാര്‍ ഘരാനയിലെ അന്‍ജാനിബായി മാല്‍പേകര്‍, ഗ്വാളിയോര്‍ ഘരാനയിലെ ശരത്ച്ചന്ദ്ര ആരോള്‍കര്‍, ഗോവയിലെ സംഗീതജ്ഞനായിരുന്ന ബാലകൃഷ്ണഭുവ പര്വത്കര് തുടങ്ങിയവരുടെ കീഴില്‍ പല ഘട്ടങ്ങളായി കിഷോരി അമോങ്കറുടെ സംഗീതപഠനം നീണ്ടുപോയി.
ഇരുപത്തഞ്ചാം വയസ്സില്‍ അപ്രതീക്ഷിതമായി കിഷോരിയുടെ ശബ്ദം ഏതാണ്ട് നിലച്ചുപോയ ഒരവസ്ഥയുണ്ടായി. ആധുനികവൈദ്യശാസ്ത്രത്തിനോ പരമ്പരാഗത ചികിത്സകള്‍ക്കോ ആ ശബ്ദത്തെ വീണ്ടെടുക്കാനായില്ല. എല്ലാം പ്രതീക്ഷകളും അസ്തമിച്ചപ്പോള്‍ പൂനയിലെ ദിവ്യനായിരുന്ന സര്ദേശ്മുഖ് മഹാരാജ് കിഷോരിയുടെ സ്വരസിദ്ധി തിരിച്ചുകൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തു. രണ്ടു വര്‍ഷമെടുത്തു ചികില്‍സയും ധ്യാനവും പൂര്‍ണ്ണമാകുവാന്‍. കിഷോരി മടങ്ങിയെത്തിയത് തികച്ചും പുതിയ വ്യക്തിത്വമാര്‍ന്ന സംഗീതജ്ഞയായിട്ടായിരുന്നു.
ഈ കാലയളവില്‍ അനുഭവിച്ച ഏകാന്തതയും മറ്റു ദിനചര്യകളും അവരെ ബലിഷ്ഠമാര്‍ന്ന സംഗീതവ്യക്തിത്വത്തിനുടമയാക്കി. ആത്മീയഗുരുകൂടിയായിത്തീര്ന്ന സര്ദേശ്മുഖ് മഹാരാജില്‍നിന്ന് അവര്‍ ആയൂര്‍വേദത്തിന്റേയും ധ്യാനത്തിന്റേയും ജ്യോതിഷ ശാസ്ത്രത്തിന്റേയും അവശ്യപാഠങ്ങള്‍ കരഗതമാക്കുകയും ചെയ്തു. കിഷോരിയുടെ വേറിട്ട ആലാപനശൈലി ഘരാനകളെ കോള്മയിര് കൊള്ളിക്കുന്നത് 1960 കളിലാണ്.പരമ്പരാഗത വായ്പ്പാട്ടുരൂപങ്ങളായ ഖയാലും തുമ്രിയും ഗസലുമൊക്കെ തന്റെ മാന്ത്രികനാദത്തില്‍ പുതുഭാവം കൈക്കൊണ്ടു. 1970 കളുടെ തുടക്കത്തില്‍ത്തന്നെ വായ്പ്പാട്ടുകാരുടെ സഭകളില്‍ അത്യുന്നതസ്ഥാനം വഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഘരാനകള്ക്കു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും സംഗീത സെമിനാറുകള്‍ സംഘടിപ്പിക്കാനും അവര്‍ നിയോഗിക്കപ്പെട്ടു. ആത്മാവിഷ്കാരത്തിന്റെ ഭാവചൈതന്യം തുളുമ്പുന്ന ആ നാദധാരയില്‍ ഹിന്ദുസ്ഥാനി സംഗീതസഭകളാകെ ഉണര്‍വ്വിന്റെ നവപീയൂഷമാണ് നുകര്‍ന്നത്.
കടുത്ത വികാരാവേശം പ്രകടമാക്കാതെയുള്ള അവരുടെ ആലാപനങ്ങളില്‍ വിഷാദച്ഛായയും ഏകാന്തതയുമൊക്കെ അന്തര്‍ലീനമായിരുന്നു. ഖയാലുകള്‍ പാടുമ്പോള്‍ ആത്മാവിഷ്കാരത്തിന്റെ ഭാവതീവ്രത കൂടുതല്‍ വെളിപ്പെട്ടു. തീവ്രവും പട്ടുപോലെ മൃദുലവുമായ രാഗവിസ്താരശൈലിയിലൂടെ കിഷോരി ആസ്വാദകസദസ്സുകള്‍ കീഴടക്കുകയായിരുന്നു.കിഷോരി അമോങ്കറെക്കുറിച്ച് ആദ്യമായി വായിക്കുന്നത് ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു. അവരുടെ സംഗീതജീവിതം നന്നായി വരച്ചു കാട്ടിയ ആ കവര്‍ സ്റ്റോറിയുടെ വായനാനുഭവം അതിന്റെ ഭാഷാലാവണ്യം കൊണ്ട് ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഈയടുത്ത കാലത്ത് പനാജിയില്‍ വച്ച് ആ സ്വരമാധുരി നേരിട്ടാസ്വദിക്കാനുള്ള ഭാഗ്യമുണ്ടായി.
നിരവധി പുരസ്കാരങ്ങളും ബഹുമതികളും കിഷോരി അമോങ്കര്‍ കരസ്ഥമാക്കിയിട്ടുണ്ട്. 1987ല്‍ പത്മഭുഷണും 2002ല്‍ പത്മവിഭൂഷണും നല്കി രാഷ്ട്രം അവരെ ആദരിച്ചു.1985ല്‍ സംഗീതനാടക അക്കാദമി പുരസ്കാരം 1997ല്‍ സംഗീതസമ്രാട്ട് പുരസ്കാരം 2009ല്‍ സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു.
മാതാവ് മൊഗുബായിക്കും പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ടെന്നതിലൂടെ ആദ്യമായി ഒരു കുടുംബത്തില്‍ രണ്ടു പത്മഭൂഷണ്‍ എന്ന മഹിമയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: