കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാസര്‍കോട് ജില്ലയിലെ ബഡ്സ് സ്കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ദുരിതബാധിതരുടെ ഭവനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് നടത്തിയ തെളിവെടുപ്പിനുശേഷമാണ് ദുരിത ബാധിതരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. കാസര്‍കോട്ടെ ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ച കമ്മീഷന്, പ്രശ്നവുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പാക്കിവരുന്ന സംവിധാനങ്ങള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദുരിതബാധിതരായ കുട്ടികള്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുളള വിവിധ സംവിധാനങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കിയ കമ്മീഷന്, ഇവ കുറേക്കൂടി കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി അതിന് സഹായകരമായ റിപ്പോര്‍ട്ട് ആണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ദുരിതബാധിതരായ കുട്ടികള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നവിധത്തിലും അവരുടെ അന്തസ്സിനും വ്യക്തിത്വത്തിനും കോട്ടം വരുത്തുന്ന തരത്തിലും അവരെ സമരത്തിലോ പ്രതിഷേധ കൂട്ടായ്മയിലോ പങ്കെടുപ്പിക്കരുതെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തു. ദുരിതബാധിതര്‍ക്കും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രതേ്യകം ട്രൈബ്യൂണല്‍ രൂപീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. ഇതിനായി നിയമനിര്‍മ്മാണം ആവശ്യമാണെങ്കില്‍ അതിനും നടപടി സ്വീകരിക്കേണ്ടതാണ്.
പ്രതേ്യകം ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതില്‍ സാങ്കേതിക-നിയമ തടസ്സമുണ്ടെങ്കില്‍ നിലവിലെ ഏതെങ്കിലും കോടതിക്ക് ട്രൈബ്യൂണലിനുളള എല്ലാ അധികാരവും നിയമംമൂലം നല്കാന് നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ എന്ന വിഷവസ്തു മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും സൃഷ്ടിക്കുന്നതും ഭാവിയില്‍ സൃഷ്ടിക്കാവുന്നതുമായ പ്രശ്നങ്ങളെക്കുറിച്ച് എപ്പിഡമോളജിക്കല്‍ പഠനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്തു. അനുബന്ധ രോഗാവസ്ഥകളെ എങ്ങനെ പ്രതിരോധിക്കാമെന്നതും പഠനവിധേയമാക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ കാസര്‍കോട് കേന്ദ്രീകരിച്ച് ഒരുക്കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കും പരിചരിക്കുന്നവര്‍ക്കും ആശുപത്രികളിലെ ക്യൂ സമ്പ്രദായം ഒഴിവാക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇക്കാര്യം കാണിച്ച് കാസര്‍കോട് ജില്ലാ കളകടര്‍ ഉത്തരവ് പുറപ്പെടുവിക്കണം. ഈ വിവരം എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയും എംപാനല്‍ഡ് ആശുപത്രികളെയും അറിയിക്കേണ്ടതും അവര്‍ നിര്‍ദ്ദേശം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ദുരിതബാധിതപ്രദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്റ്റര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡയറക്റ്റര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ദുരിതബാധിതരെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാകയാല്‍ ഇവയ്ക്കാവശ്യമായ സംവിധാനങ്ങള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ജില്ലാ-താലൂക്ക് ആശുപത്രികളിലും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തണം.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെയും ജില്ല-താലൂക്ക് ആശുപത്രികളിലേയും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലംമാറിപ്പോയാല്‍ പകരക്കാരെ യാതൊരു കാലതാമസവും കൂടാതെ നിയമിക്കണം. ദുരിതബാധിതര്‍ക്ക് സൗജന്യമായി മരുന്നു നല്‍കണം. ഇത് ഒരിക്കലും മുടങ്ങുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യം കാണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്റ്ററും വ്യക്തമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: