പാലക്കാട്: കടുത്ത വെയിലും മഴയും അവഗണിച്ച് ഒറ്റമുണ്ടുടുത്ത് കറുപ്പന് രാവിലെ ഇറങ്ങുന്നത് പാടത്തേയ്ക്കോ പറമ്പിലേയ്ക്കോ അല്ല; വീട്ടില്‍ നിന്നും കുറച്ചകലെയുള്ള മാലിന്യകൂമ്പാരത്തിലേയ്ക്ക്. കറുപ്പന്റെ ഒരുദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവിടെയാണ്. ചീഞ്ഞുനാറുന്ന മാലിന്യകൂമ്പാരത്തില്‍ നിന്ന് ഒരുചാണ്വയറു നിറക്കുവാനുള്ള പെടാപാട്.. കൊല്ലങ്കോട് മാമ്പ്രപ്പാടം കറുപ്പന് എന്ന എഴുപതുകാരന്റെ ലോകം ഈ മാലിന്യകൂമ്പാരവും മക്കളുമാണ്,. പ്രായം തളര്‍ത്തിയ ശരീരം ഒന്നിനും വഴങ്ങുന്നില്ലെങ്കിലും താന്‍ തളര്‍ന്നാല്‍ ആറുവയറുകള്‍ പട്ടിണിയാവുമെന്ന ആശങ്കയില്‍ വാര്‍ദ്ധക്യത്തെ തോല്‍പ്പിച്ച് മാലിന്യത്തിനു മുകളിലൂടെ നീങ്ങുന്ന കാഴ്ച്ച ഹൃദയബേധകമാണ്.
കറുപ്പന് അഞ്ച് മക്കളാണ്. ഭാര്യ വള്ളി വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. കുടുംബം പോറ്റേണ്ട ഒരേഒരു ആണ്‍തരി മാനസികവിഭ്രാന്തിയുടെ പിടിയില്‍.ഒരു മകളാവട്ടെ കൈകാലുകള്‍ തളര്‍ന്നു കിടക്കുന്നു. രണ്ടുപെണ്‍മക്കളെ കെട്ടിച്ചയച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പനിബാധിച്ച് ഒരു മകള്‍ മരിക്കുകയുണ്ടായി. സഹോദരിയുടെ പെട്ടന്നുണ്ടായ മരണമാണ് ലോഡിംഗ് തൊഴിലാളിയായ മകന് മണിയെ മാനസീകവിഭ്രാന്തിയിലേക്ക് തള്ളിയത്. തുടര്‍ന്ന് വീടുവിട്ടിറങ്ങിയ മണിയെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. വയറുനിറയെ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ ദേഷ്യംവരുകയും വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്യും. കുട്ടിയായിരിക്കുമ്പോഴാണ് മകള്‍ ചന്ദ്രികയ്ക്ക് പനി വന്നത്. ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ ആരോഗ്യവതിയായ മകളുടെ കൈകാലുകള്‍ തളര്‍ന്നു. പരസഹായം ഇല്ലാതെ സ്വന്തം കാര്യംചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഇളയമകളും രണ്ടുകുട്ടികളും ഇവരുടെകൂടെയാണ് താമസം. ഇളയമകളുടെ ഭര്‍ത്താവ് ജോലിക്കുപോവുന്നുണ്ടെങ്കിലും തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകുവാന്‍ സാധിക്കുന്നില്ല.
ഓലകൊണ്ട് മറച്ചിരുന്ന ഷെഡായിരുന്നു ഇവരുടെ വീട്. എറണാകുളത്തെ ഒരു സന്നദ്ധസംഘടന ഇടപെട്ട് ഇവര്‍ക്ക് വീടുവച്ചു നല്കി. എന്നാല്‍ രണ്ടുമാസം മുമ്പാണ് വൈദ്യുതി ലഭിച്ചത്. ചിലരുടെസഹായത്താല് മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവിലാണ് ചന്ദ്രിക പിടിച്ചുനില്‍ക്കാവുന്ന അവസ്ഥയിലെത്തിയത്. അച്ഛന് കറുപ്പന് പോയികഴിഞ്ഞാല്‍ ഇളയമകള്‍ അംബികയാണ് മണിയെയും ചന്ദ്രികയെയും നോക്കുന്നത്.
പാതയോരത്തെ മാലിന്യകൂമ്പാരത്തില്‍ തിരഞ്ഞ് ലഭിക്കുന്ന മദ്യകുപ്പികളും, പ്ലാസ്റ്റിക് സാധനങ്ങളും പെറുക്കി ആക്രിക്കടയില്‍ വിറ്റാണ് ഈ അച്ഛന് മക്കളെ നോക്കുന്നത്. പെറുക്കുന്നതിനിടെ കിട്ടുന്ന തുണികള്‍ മകള്‍ ചന്ദ്രികയ്ക്ക് നല്‍കും. ആക്രിസാധനങ്ങള്‍ വിറ്റുകിട്ടുന്ന തുകയ്ക്ക് വൈകീട്ട് വരുമ്പോള്‍ രണ്ട് കിലോഅരിയും സാധനങ്ങളും വാങ്ങിവരും. രാത്രിയിലേക്കും അടുത്ത ദിവസം രാവിലെ ഉണ്ടാക്കാനും മാത്രമെ അരി തികയുകയുള്ളു. ചിലദിവസങ്ങളില്‍ ഈകുടുംബം പട്ടിണിയായിരിക്കും. ഇടക്കാലത്ത് തീരെ സുഖമില്ലാതെ കിടന്നിരുന്നു. ഒരു സന്നദ്ധ സംഘടന മാസത്തിലൊരിക്കല്‍ അരിയും സാധനങ്ങളും നല്‍കാറുണ്ട്.
ചേച്ചിമാര് എടുത്തുകൊണ്ടുപോയാണ് ചന്ദ്രികയുടെ വികലാംഗ പെന്ഷന് ശരിയാക്കിയത്. വാര്‍ദ്ധക്യപെന്‍ഷന്‍ ലഭിക്കുന്നതിന് അച്ഛനോട് അപേക്ഷിക്കുവാന്‍ ആവശ്യപെട്ടപ്പോള്‍ താന്‍ അപേക്ഷയുമായി പോയാല്‍ മക്കള്‍ പട്ടിണിയാവുമെന്ന് പറഞ്ഞായിരുന്നു ഇതുവരെയും അപേക്ഷിക്കാതിരുന്നത്. ഒരു നേരെത്ത് ആഹാരത്തിനായി കഷ്ടപ്പെടുന്ന ഇവര്‍ക്കുള്ളത് എപിഎല്‍ റേഷന്‍ കാര്‍ഡാണ്. നാട്ടിലെ ജനപ്രതിനിധികള്‍ക്ക് ഇവര്‍ വെറും വോട്ടുബാങ്കുമാത്രമാണ് .
റേഷന്‍കടയില്‍ നിന്നും ലഭിക്കുന്ന ഏഴ് കിലോ അരി ആറുപേരടങ്ങുന്ന കുടുംബത്തിന് തികയാറില്ല. അനര്‍ഹരായ നിരവധിപ്പേര്‍ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുമ്പോഴും ഇവരെപോലെയുള്ളവര്‍ സര്‍ക്കാരിന്റെ കണക്കിലില്ല. ഇവരെ സഹായിക്കുന്നതിന് വാര്‍ഡ് മെമ്പറോ പഞ്ചായത്ത് അധികൃതരോ തിരഞ്ഞുനോക്കിയിട്ടില്ല. മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ നിരാലംബരായവരെ അവണിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ കുടുംബം.
ഈ വീട്ടിലെ അടുപ്പ് പുകയണമെങ്കില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ കനിയണമെന്നു പറയുമ്പോള്‍ ആ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. ഇനി എത്രകാലം ജീവനോടെ ഉണ്ടാവും എന്നറിയില്ല.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മക്കള്‍ എന്തുചെയ്യുമെന്ന ആദിയോടെയാണ് അദ്ദേഹം മാലിന്യകൂമ്പാരത്തിനു മുകളിലൂടെ നടക്കുന്നത്.
കൊല്ലങ്കോട് എസ്ബിടി ശാഖയില്‍ ചന്ദ്രികയ്ക്ക് 20327143473 എന്ന നമ്പറില്‍ അക്കൗണ്ട് ഉണ്ട്.തങ്ങളെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: