പാലക്കാട്: ദേശീയ ആരോഗ്യമിഷന്റെ കീഴില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി 2013-ല്‍ നടത്തിയ പരീക്ഷയില്‍ നിയമനം പേരിലൊതുങ്ങുന്നു. താത്പര്യമറിയിക്കുന്ന പഞ്ചായത്തുകളില്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്നിരിക്കെയാണിത്.
എന്നാല്‍ റാങ്ക് പട്ടിക നിലനില്‍ക്കേ ആരോഗ്യമിഷന്റെ ഒഴിവുകളില്‍ വീണ്ടും നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2013 -ലാണ് എന്‍എച്ച്എം ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ജില്ലാ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. എന്‍എച്ച്എമ്മിനു കീഴില്‍ ഈപട്ടികയില്‍ കാര്യമായി നിയമനമുണ്ടായില്ല. പിന്നീട് ദേശീയ ആയുഷ് മിഷനു കീഴില്‍ ചില ജില്ലകളില്‍ ഏതാനും നിയമനങ്ങള്‍ നടന്നു.
കൊല്ലം-രണ്ട്, എറണാകുളം- ഒന്ന്, തൃശ്ശൂര്‍-രണ്ട്, പാലക്കാട്-ഒന്ന്, മലപ്പുറം -ഏഴ്, കോഴിക്കോട് -ഒന്ന്, കണ്ണൂര്‍-ഒന്ന് എന്നിങ്ങനെയായിരുന്നു നിയമനം. റാങ്ക് പട്ടിക എന്‍എച്ചഎം സംസ്ഥാന മിഷന് ഡയറക്ടര്‍ 2016 ജൂണ്‍ 1-ന് ഒരു വര്‍ഷത്തേക്ക നീട്ടി. പട്ടികയ്ക്ക് മെയ് 31 വരെ പ്രാബല്യമുണ്ട്. പട്ടിക നിലനില്‍ക്കെയാണ് കണ്ണൂരും തൃശ്ശൂരും പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ എന്‍എച്ച്എം ആയുര്‍വേദ ഡിസ്പെന്‍സറികള്‍ തുടങ്ങുന്നതിനും പദ്ധതിയുണ്ടായിരുന്നു. ഡിസ്പെന്‍സറികള്‍ക്ക് കെട്ടിടവും ഒരു ജീവനക്കാരെയും തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണം.
ഡോക്ടറെ എന്‍എച്ച്എം നിയമിക്കും. ഈ നിബന്ധനപ്രകാരം പാലക്കാട് ജില്ലയില്‍ 23 തദ്ദേശസ്ഥാപനങ്ങള്‍ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്ക് താത്പര്യം പ്രകടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യം എന്‍എച്ച്എമ്മിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: