കാസര്‍കോട്: വേനല്‍ ആരംഭിച്ചതോടെ ജില്ലയിലെ മലയോര മേഖല ഉള്‍പ്പെടെ നാടും നഗരവും കൊടും വരള്‍ച്ചയുടെ പിടിയിലമരുകയാണ്. കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ കുടിവെള്ളത്തിനായി വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് ആശ്രയിക്കുന്നത് ജലഅതോറിറ്റിയെയാണ്. ജലഅതോറിറ്റി കുടിവെള്ളം ശേഖരിക്കുന്ന ബാവിക്കര പുഴയില്‍ ഉപ്പ് വെള്ളം കയറിയതോടെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.
കാസര്‍കോട് നഗരസഭ പരിസരവും സമീപ പ്രദേശങ്ങളും ഉപ്പുവെള്ളം കുടിച്ചു തുടങ്ങി. പയസ്വിനി പുഴയില്‍ നിന്നും കാസര്‍കോട്ടേക്ക് ശുദ്ധജലമെത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷന് വേണ്ടി ആലൂര് മുനമ്പില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണ ഇത്തവണയും ചോര്‍ന്നതാണ് ഉപ്പുവെള്ളം ലഭിക്കാന്‍ കാരണം. പതിനമൂന്ന് ലക്ഷം രൂപ മുടക്കി രണ്ട് മാസം മുമ്പാണ് താല്‍ക്കാലിക തടയണ നിര്‍മിച്ചത്. എല്ലാവര്‍ഷവും ഉണ്ടാകാറുള്ളതുപോലെ താത്ക്കാലിക തടയണ നിര്‍മ്മിക്കുന്നതിലെ അപാകതയാണ് ചോര്‍ച്ചക്ക് കാരണം. തടയണ ചോരാന്‍ തുടങ്ങിയതോടെ പുഴയിലെ ജലനിരപ്പ് കുത്തനെ കുറയുകയും ഉപ്പുവെള്ളം കയറുകയുമാണ് ചെയ്തത്. ഇതോടെ കാസര്‍കോട് നഗരത്തിലെ മിക്ക ഹോട്ടലുകളിലും കുടിക്കാന്‍ ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. കഴിഞ്ഞ വര്‍ഷം ചില ഘട്ടങ്ങളില്‍ ഉപ്പിന്റെ അംശം അനുവദിക്കാവുന്നതില്‍ കൂടുതലായതു കൊണ്ട് കുടിവെള്ള വിതരണം പൂര്‍ണമായി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജലത്തില്‍ അനുവദനീയമായ ഉപ്പിന്റെ അംശം 250 മില്ലിഗ്രാം ആണെങ്കില്‍ കാസര്‍കോട് ഇത് 9000 മില്ലിഗ്രാമായി വര്‍ദ്ധിച്ചിരുന്നു. ലോകാരോഗ്യ സംഘടന കുടിവെള്ളത്തില്‍ അനുവദിക്കുന്ന പരമാവധി അളവ് 1000 മില്ലിഗ്രാമാണ്. ഇത് ദോഷകരമാവില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. പുഴയില്‍ വെള്ളം വറ്റി തുടങ്ങിയതിനാല്‍ ഉപ്പുവെള്ളം വിതരണം ചെയാല്‍ ഗുരുതരമായ പ്രശ്നം ഉണ്ടാകുമെന്ന് കണ്ടെത്തിയതിനാല്‍ കഴിഞ്ഞ വര്‍ഷം വാട്ടര്‍ അതോറിറ്റി ജലവിതരണം പൂര്‍ണമായി നിര്‍ത്തിവെച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം നല്കിയ ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനം എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് ഓരോ വര്‍ഷവും മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്. സ്ഥിരം തടയണ നിര്‍മിക്കുമെന്ന ഉറപ്പ് നല്‍കാതെ താല്‍ക്കാലിക തടയണയുടെ നിര്‍മാണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. സര്‍ക്കാറില്‍ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിനെതിരെയുള്ള സമരത്തില്‍ നിന്നും ആക്ഷന്‍ കമ്മറ്റി പിന്‍വാങ്ങിയത്. താല്‍ക്കാലിക തടയണ നിര്‍മാണം നിമിത്തംമൂലമുള്ള മലിനീകരണവും ശക്തമാണ്. വര്‍ഷാവര്‍ഷം ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ പുഴയില്‍ അടിഞ്ഞു കൂടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. തടയണ നിര്‍മിച്ച് ആഴ്ചകകള്‍ക്കകം തന്നെ ചോര്‍ന്നത് കാര്യക്ഷമമായി തടയണ നിര്‍മിക്കാത്തതിനാലാണ്. ഇതോടെ കുടിവെള്ളത്തെ ആശ്രയിക്കുന്ന ഒരുലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ ഇനി ഉപ്പുവെള്ളം കുടിക്കേണ്ടിവരും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് രൂപ താല്‍ക്കാലിക തടയണയുടെ പേരില്‍ ചെലവഴിക്കുന്നതിന് പിന്നില്‍. കഴിഞ്ഞ പത്ത് വര്‍ഷമായി താല്‍ക്കാലിക തടയണ നിര്‍മിച്ചതിന്റെ പേരില്‍ സര്‍ക്കാറിന് ലക്ഷങ്ങളാണ് നഷ്ടം. ഇതിന് പരിഹാരമായി ചന്ദ്രഗിരി പുഴയിലെ ബാവിക്കരയില്‍ ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇതിന്റെ നിര്‍മാണവും പാതിവഴിയിലാണ്.
നൂറ് മീറ്റര്‍ വീതി, രണ്ട് കിലോമീറ്റര്‍ വരെ നീളം, ഏകദേശം മൂന്ന് മീറ്റര്‍ ആഴം എന്നിങ്ങനെ വിസ്തൃതമായ രീതിയില്‍ തയ്യാറാക്കിയ ബാവിക്കരയില്‍ തടയണ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. 2005ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യ കരാറുകാരന് പണി നിര്‍ത്തിപ്പോയശേഷം എസ്റ്റിമേറ്റില്‍ വലിയ വര്‍ധനവ് നടത്തി പുതിയ കരാറുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. പാതിവഴിയില്‍ അദ്ദേഹം പണിനിര്‍ത്തിപ്പോവുകയായിരുന്നു. രണ്ടു കരാറുകാരും ചേര്‍ന്ന് 4.39 കോടി രൂപ കൈപ്പറ്റുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കോടി രൂപയില്‍ തുടങ്ങിയ പദ്ധതിയാണ് 12.8കോടിയിലധികം രൂപക്കാണ് കരാര്‍ പുതുക്കിയിരിക്കുന്നത്. ബാവിക്കര തടയണയുടെ പേരില്‍ കരാറുകാരും ഉദ്യോഗസ്ഥരും മുന്‍ വര്‍ഷങ്ങളില്‍ ഖജനാവില്‍ നിന്നും തട്ടിയത് കോടികളാണ്. കഴിഞ്ഞവര്‍ഷം മാത്രം താത്കാലിക തടയണ നിര്‍മാണത്തിന് 13 ലക്ഷത്തോളം രൂപ അനുവദിച്ചിരുന്നു. ഓരോ വര്‍ഷവും താത്കാലിക തടയണ നിര്‍മ്മിക്കുന്നതിനാല്‍ പുഴയില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ പുഴ മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പ്ലാസ്റ്റിക്ക് ചാക്കുകള്‍ പെറുക്കിയെടുക്കാന്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് മൂന്നുലക്ഷം രൂപ. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പദ്ധതി പ്രദേശത്തിന്റെ തീരത്തടിഞ്ഞുകൂടിയ കുറച്ചു ചാക്കുകള്‍ മാത്രം പെറുക്കിയെടുത്ത് കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. പത്തുവര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയില്‍ ആരംഭിച്ച താത്കാലിക തടയണയുടെ നിര്‍മാണം ഇപ്പോള്‍ 13 ലക്ഷത്തില്‍ അധികമായിരിക്കുകയാണ്. താത്ക്കാലിക തടയണ നിര്‍മ്മാണത്തിന് 2010-11 ല്‍ 5,63,000രൂപയും 2011-12 ല്‍ 8,37, 387 രൂപയും 2012-13 ല്‍ 9,98,787 രൂപയും 2013-14 ല്‍ 8,81,953 ലക്ഷവും 2014-15 10,74,560 രൂപയും 2015-16 വര്‍ഷത്തില്‍ 13 ലക്ഷം രൂപയും ചെലവഴിച്ചു. ഇതിന് പുറമേ സ്ഥിരം തടയണയെന്ന പേരിലും കോടികള്‍ ഖജനാവില്‍ നിന്നും നഷ്ടമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: