അന്ധതയെ ആത്മവിശ്വാസം കൊണ്ടു തോല്പിച്ചു എന്ന പതിവ് ശൈലിയില്‍ തന്നെ തുടങ്ങാം. മല്ലിക മറാത്തെയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെ. ടെന്നീസ് കോര്‍ട്ടില്‍ വിജയഗാഥ രചിക്കുന്ന പെണ്‍കുട്ടി. വയസ്സ് 13. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിയുണ്ടായിരുന്ന കുട്ടി. നാലാം വയസ്സിലാണ് തകരാറ് കണ്ടെത്തുന്നത്. അംബ്ലിയോപിയ എന്നാണ് ആ അവസ്ഥയ്ക്ക് വൈദ്യശാസ്ത്രം നല്കുന്ന പേര്. ജന്മനാതന്നെ മല്ലികയ്ക്ക് ഈ അസുഖം ഉണ്ടായിരുന്നെങ്കിലും കണ്ടെത്തിയത് നാലാം വയസ്സിലാണ്.
കാഴ്ചയുള്ള വലത് കണ്ണ് മൂടിവച്ചുള്ള ചികിത്സയായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. തകരാറുള്ള ഇടതുകണ്ണിന് തന്മൂലം കൂടുതല്‍ പ്രയത്നിക്കാന്‍ ഇത് നിര്‍ബന്ധിതമാക്കി. കാഴ്ചയുമായി ബന്ധപ്പെട്ട ഞരമ്പുകള്‍ വീണ്ടും വികസിച്ചു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം അതായത് ഒമ്പത് വയസ്സുവരെ ഒരു കണ്ണ് മൂടിവച്ചാണ് മല്ലിക ജീവിച്ചത്. പലയിടത്തും തട്ടിത്തടഞ്ഞ് വീഴുന്നത് ഈ കാലയളവില്‍ പതിവായിരുന്നു. ”അവള് തീരെ ചെറിയ കുട്ടിയായിരുന്നു. അവള് അനുഭവിച്ച വേദന വിവരിക്കാവുന്നതല്ല”- മല്ലികയുടെ അമ്മ വൈജയന്തി പറയുന്നു.
”ഒരു കണ്ണ് മൂടി നടക്കുക എന്നത് അസഹ്യമായിരുന്നു. ഞാന്‍ അത് ഇഷ്ടപ്പെട്ടിരുന്നില്ല. ചില വേളകളില്‍ മറ്റുള്ളവരുടെ പരിഹാസവും. ഞാനിത് ചെയ്തില്ലെങ്കില്‍ കണ്ണിന് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടേയ്ക്കാമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എന്റെ മുന്നില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലായിരുന്നു”. മല്ലിക പറയുന്നു. ഏഴാമത്തെ വയസ്സിലാണ് മല്ലിക ടെന്നീസ് കളിക്കാന്‍ തുടങ്ങുന്നത്. അതും നേരംപോക്കിന് വേണ്ടി.
ഡന്റിസ്റ്റായിരുന്നു മല്ലികയുടെ അമ്മ വൈജയന്തി. ക്ലിനിക്കിലേക്ക് പോകുന്നവഴി മല്ലികയേയും സഹോദരനേയും ടെന്നീസ് പരിശീലന കേന്ദ്രത്തിലാക്കുകയായിരുന്നു പതിവ്. കുട്ടികള്‍ക്ക് ശരീരം അനങ്ങിയുള്ള കളി നല്ല വ്യായാമമാകുമെന്ന് കണ്ടാണ് അവരെ ടെന്നീസ് കളിക്കാന്‍ വിട്ടതെന്ന് വൈജയന്തി പറയുന്നു.
പിന്നീടാണ് മല്ലിക നന്നായി ടെന്നീസ് കളിക്കുന്നുണ്ടെന്ന് പരിശീലകനായ സന്ദീപ് കീര്‍ത്തനെ പറഞ്ഞറിഞ്ഞത്. ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അവള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് നല്കിയ പ്രോത്സാഹനമാണ് മല്ലികയെ ടെന്നീസ് ലോകത്തെ താരമാക്കിയത്. 14 വയസ്സില്‍ താഴെയുള്ളവരുടെ ടെന്നീസ് ടൂര്‍ണമെന്റില്‍ വിജയിയായതും ഈ പെണ്‍കുട്ടിയാണ്.
ആദ്യ ടൂര്‍ണമെന്റ് കളിക്കുമ്പോള്‍ ഒമ്പത് വയസ്സ് തികഞ്ഞിരുന്നില്ല.
അന്ന് റണ്ണര്‍ അപ് ആയി. പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരന്തര പരിശീലനത്തിലൂടെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. 18 വയസ്സില്‍ താഴെയുള്ളവരുടെ ടൂര്‍ണമെന്റില്‍ വിജയിയായത് 13 വയസ്സുള്ള മല്ലിക!. 17-18 വയസ്സുള്ളവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയെത്തിയ മല്ലിക ചാമ്പന്പട്ടവും നേടി. നല്ലൊരു അനുഭവം എന്നാണ് ഈ ടൂര്‍ണമെന്റിനെ മല്ലിക വിശേഷിപ്പിക്കുന്നത്. മത്സരം കടുത്തതായിരുന്നു. വിജയം കൈവിട്ടുപോകുമെന്ന ഘട്ടം വരെയെത്തി. അവിടെ നിന്നും കടുത്ത പോരാട്ടത്തിനൊടുവിലാണ് വിജയം കൈപ്പിടിയിലൊതുക്കിയതെന്നും മല്ലിക പറയുന്നു.
പൂനെ സ്വദേശിനിയായ മല്ലിക ഇപ്പോള്‍ പരിശീലനം നേടുന്നത് ഹേമന്ത് ബെന്ദ്രെയുടെ കീഴിയാണ്. വായന, വര, പാട്ട് ഇതൊക്കെയാണ് ഈ എട്ടാം ക്ലാസുകാരിയുടെ ഹോബികള്‍. ടെന്നീസില്‍ തുടരുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര പരിശീലനം ഉടന്‍ ആരംഭിക്കും. ഇതിനോടകം 350-400 മാച്ചുകളില്‍ കളിച്ചിട്ടുണ്ട്. തായ്ലന്റ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരേയും നേരിട്ടിട്ടുണ്ട്. നന്നായി കളിക്കുക എന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്നും മല്ലിക പറയുന്നു. അതോടൊപ്പം പഠനത്തിലും മുന്നേറണമെന്ന മാതാപിതാക്കളുടെ നിര്‍ദ്ദേശവും മുഖവിലയ്ക്കെടുത്തുകൊണ്ടാണ് മല്ലിക ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: