വേദിയില്‍ ചാക്യാരുടെ പിന്നിലിരുന്നയാള്‍ ‘വെടിപൊട്ടിച്ച’ ആദ്യവിപ്ലവമായിരുന്നു തുള്ളല്‍ പ്രസ്ഥാനം. കിള്ളിക്കുറിശ്ശി മംഗലത്ത് പിറന്ന ആ മിന്നലിന്റെ ഇടിമുഴക്കം അമ്പലപ്പുഴയിലാണ് കേട്ടത്. ഇന്നും മാറ്റൊലി കൊള്ളുന്നുണ്ടത്. എന്നും അലയടിക്കുകയും ചെയ്യും. താളത്തിന്റെ തമ്പുരാനായി മാറിയ സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാര്‍ ‘തുലാവര്‍ഷക്കോളില്‍ മിന്നിയ പൊന്നൂല്’ തന്നെയായിരുന്നു. കലയെ മതിലതിര്ത്തിയില് നിന്ന് പടയിറക്കി ഈ ആചാര്യന്, നമ്പ്യാരാശാന്‍. കിള്ളിക്കുറിശ്ശി മംഗലത്തുനിന്ന് ആട്ടക്കലയില് സംഭവിച്ച രണ്ടാം നമ്പ്യാര്‍ വിപ്ലവത്തിന് ആദ്യത്തേതിനേക്കാള്‍ ആഴവും പരപ്പുമുണ്ട്. പക്ഷെ, കാലം മാറിയപ്പോള്‍ സ്വയം വിളിച്ചുപറയാതെ മഹാസംഭവങ്ങളേയും തിരിച്ചറിയാനും പ്രചരിപ്പിക്കാനും ആളില്ലെന്നായി. അതുകൊണ്ടുതന്നെയാവണം നവതി പിന്നിട്ട പി.കെ. നാരായണന് നമ്പ്യാരുടെ മഹത്വവും സ്ഥാനവും കലാജീവിതത്തിലെ സമര്‍പ്പണവും വേണ്ടത്ര തിരിച്ചറിയാനും അംഗീകരിക്കാനും അധികം പേരും തയ്യാറാകാത്തത്.
ലോകപ്രസിദ്ധ കലാകാരന് മാണി മാധവചാക്യാരുടെ മകന്, ചാക്യാരല്ലാത്ത ആദ്യത്തെ കൂടിയാട്ടകലാകാരന്‍, മിഴാവിന് പുതിയ മിഴിവേകിയയാള്, സംസ്കൃത പണ്ഡിതന്, ആട്ടപ്രകാരങ്ങളുടെ സ്രഷ്ടാവ്, അഭിനയവും അലങ്കാരവും സാഹിത്യവും താളവാദനവും എന്നുവേണ്ട ദൃശ്യകലയുടെ സമസ്ത മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചു പി.കെ. നാരായണന് നമ്പ്യാര്‍. ഇങ്ങനെയൊരു നീണ്ട പ്രസ്താവനയില്‍ ഒതുങ്ങുന്നതല്ല ആ കലാജീവിതം. ഏറെക്കാലത്തെ കഠിനമായ തപസ്യയാണത്. പതിനൊന്നാം വയസ്സില്‍ അരങ്ങേറിയെന്നുപറയുമ്പോള് ഒരുപക്ഷെ ജന്മസിദ്ധമായിരുന്നു കഴിവെന്നല്ല പറയേണ്ടത്, ജനിച്ചതേ കലാകാരനായാണെന്ന് പറയണം.
നമ്പ്യാരാശാന്‍ മിഴാവാണ് അഭ്യസിച്ചത്. കോച്ചമ്പള്ളി രാമന് നമ്പ്യാരായിരുന്നു പ്രധാന, പ്രഥമ ഗുരു. 11-ാം വയസ്സില്‍ അരങ്ങേറി. പിന്നെ അരങ്ങനുഭവമായി ഗുരു. അച്ഛന് മാണി മാധവചാക്യാരുടെ കൂടെ കേരളത്തിലെ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ അലഞ്ഞു. കാസര്‍കോടുമുതല്‍ കന്യാകുമാരി വരെ. ക്ഷേത്രകലകള്‍ക്ക് ഭാവിയില്ലാതാകുമെന്ന് വന്നുതുടങ്ങിയ കാലം. ഒമ്പതുമക്കളില്‍ നാരായണന് മാത്രമാണ് അത്രയേറെ പാരമ്പര്യത്തോടും പൈതൃകത്തോടും ഒട്ടിനിന്നത്. പലരും വഴിമാറിപ്പോകാന്‍ പറഞ്ഞു, അപ്പോള്‍ അച്ഛന് പറഞ്ഞ മൊഴി മിഴാവൊലി പോലെ ഇപ്പോഴുമുണ്ട് നമ്പ്യാരാശാനില്. ‘എന്നെങ്കിലുമൊരുകാലത്ത് ഗുണമുണ്ടാകും. വിദ്യയല്ലെ, മുടക്കില്ലാതെ കിട്ടുകയല്ലേ എന്ന്’.
ശിഷ്യന്മാരിലേക്കും അവരുടെ ശിഷ്യന്മാരിലേക്കും ഈ തൊണ്ണൂറിലും വിദ്യ പകരുമ്പോള്‍ നാരായണന് നമ്പ്യാര്‍ മുഴുകുന്നത്. അതേ വായ്ത്താരിതന്നെ. ഒരിക്കല്‍ നമ്പ്യാരാശാന്‍ പറഞ്ഞു, ”എന്റെ ശിഷ്യന്മാരില് പലരും വലിയ നിലയിലെത്തിയ കാര്യം ഞാന്‍ ഇത്രയും വിവരിച്ചതെന്തിനാണെന്നോ. ഈ കലകൊണ്ട് സമ്പാദിക്കാനോ ജീവിക്കാനോ പോലുമാകില്ലെന്ന് പ്രചരിപ്പിക്കുന്ന, പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. മിഴാവും പേറി അനുഷ്ഠാനങ്ങള്‍ക്ക്, അഷ്ടിക്കുള്ളതുമാത്രം നേടി തെക്കുവടക്ക് നടന്നിരുന്ന എന്റെ കൗമാരക്കാലമല്ല ഇന്ന്”. അതെ, അതാണ് നമ്പ്യാരാശാന്റെ ഈ രംഗത്തെ സ്ഥാനം. അതാണ് രണ്ടാം നമ്പ്യാര്‍ വിപ്ലവത്തിന്റെ ചരിത്രം.
മിഴാവ്, വേദിയില്‍ വിളക്കില്‍ നിന്ന് ഏറെ പിന്നില്‍, ഇരുട്ടത്തിരുന്ന് കേള്‍പ്പിക്കുന്ന ശബ്ദഘോഷം മാത്രമല്ല, മിന്നലിനെ ഗംഭീരനാക്കുന്ന ഇടിമുഴക്കമാണെന്ന് കലാലോകത്തെ അദ്ദേഹം അറിയിച്ചുകൊടുത്തു. അങ്ങനൊണ് മിഴാവില്‍ തായമ്പക പിറന്നത്.
ഇതിന് ഏറെനാള്‍ ചെണ്ടയഭ്യസിച്ചു. താളമേളങ്ങളും പെരുക്കങ്ങളും കൊട്ടിത്തഴമ്പിച്ചു. ഒടുവില്‍ സ്വയം ഒന്നു സൃഷ്ടിച്ചു. 27-ാം വയസ്സില്‍ കോട്ടയ്ക്കലില്‍ ആദ്യമായി മിഴാവില്‍ തായമ്പക വായിച്ചു. സഹൃദയലോകം സമ്മതിച്ചു. ഇന്ന് കേരളത്തില്‍ മിഴാവിലെ വാദ്യക്രമവും ചിട്ടയും നമ്പ്യാരാശാന്റേതാണ്. അതിനപ്പുറത്തേയ്ക്കില്ലാത്തവണ്ണം മിഴാവൊലി ചിട്ടപ്പെടുത്തി. താളക്കാരന് അങ്ങനെ അടിത്തറയുറപ്പിച്ചു. പിന്നെ അന്യമേഖലകളിലേക്ക് വ്യാപരിച്ചു. അനന്തര വിപ്ലവങ്ങള്‍ അങ്ങനെയാണ്.
മാണി മാധവചാക്യാര്‍ കൂടിയാട്ടത്തിന്റെ കുലപതിയായിരുന്നു. പാരമ്പര്യവിധി പ്രകാരം അനുഷ്ഠാനകലയെ തികഞ്ഞ അര്‍പ്പണത്തോടെ, ദേവപൂജയുടെ കലാപാകത്തില് ആചാര-ഉപചാരപൂര്‍വ്വം അനുഷ്ഠിച്ചു. ചാക്യാരോടുള്ള കലഹത്തിലോ കാലത്തിന്റെ വിധിപ്പകര്ച്ചയിലോ കുഞ്ചന്‍ നമ്പ്യാര്‍ തുള്ളിപ്പാടിയപ്പോള് അത് ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തായി. അത് ആ കലയ്ക്ക് കൂടുതല്‍ ജനകീയത നല്‍കുകയായിരുന്നു. ഈ തിരിച്ചറിവും നാളെയുടെ കാഴ്ചക്കണ്ണും കൊണ്ട് ആദ്യമായി കൂടിയാട്ടത്തെ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തേക്ക് കൂട്ടി നാരായണന് നമ്പ്യാര്‍.
ചാക്യാന്മാരുടെ കല നമ്പ്യാരന്മാര് കൂടിയാടി, 1954 ല്‍. സംസ്കൃത പണ്ഡിതന് പെരുവനം രാമന് നമ്പ്യാരായിരുന്നു കൂട്ട്; കിള്ളിക്കുറിശ്ശി മംഗലത്തെ കുഞ്ചന്‍ സ്മാരക വായനശാല വാര്‍ഷികത്തിന്. മുഖ്യവേഷം നാരായണന് നമ്പ്യാരായിരുന്നു. സുഭദ്രാ-ധനഞ്ജയമായിരുന്നു കഥ. വിപ്ലവമായിരുന്നു അത്. മുറുമുറുപ്പുകളും എതിര്പ്പകളുമുണ്ടായി. പക്ഷെ, നിര്‍ത്തിയില്ല. സാഹിത്യപരിഷത്തിന്റെ കോട്ടയം സമ്മേളനത്തില്‍ കൂടിയാടി.
അതിനപ്പുറം കേരളക്കരയ്ക്കു പുറത്തേക്ക് പോയി. 1960-ല്‍ മദ്രാസില്‍. പിന്നെ ദല്‍ഹിയില്‍, ഉജ്ജയിനിയില്‍, കാശിയില്‍…കടല്‍ കടന്ന് കൂടിയാട്ട മഹിമ പാരീസിലും യുഎസ്സിലും ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലുമെത്തി. ആറേഴുവര്‍ഷം വിദേശരാജ്യങ്ങളില്‍. ചാക്യാര്‍കൂത്തെന്ന കേരളകലയും മിഴാവും അങ്ങനെ യുനസ്കോയുടെ ലോകപൈതൃക പദവിയിലെത്തി.
പി.കെ. നാരായണന് നമ്പ്യാരുടെ വിപ്ലവവഴിയിലെ മറ്റൊരു നാഴികക്കുറ്റിയാവുകയായിരുന്നു കേരളകലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാഗത്തിന്റെ തുടക്കം. 1966 ല്‍ അവിടെ അധ്യാപകനായി. 1989 വരെ അവിടത്തെ കളരിയില്‍ മിഴാവ് പഠിപ്പിച്ചു. അതിനുശേഷം വീട്ടില്‍ മാണി മാധവചാക്യാര്‍ ഗുരുകുലം തുടങ്ങി, ഇപ്പോഴും തുടരുന്നു.
ഇടയ്ക്ക് കുറച്ചുനാള്‍ മാര്‍ഗ്ഗിയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. കലാമണ്ഡലം കല്പിത സര്‍വകലാശാലയായപ്പോള്‍ ഡീനായി, സിന്‍ഡിക്കേറ്റംഗവും. ഈ കാലത്താണ് ചാക്യാര്‍കൂത്തിനെ ആനുകാലികമാക്കിയ വിപ്ലവകാലം. സ്വന്തമായി നാട്യക്രമങ്ങള് ഉണ്ടാക്കി. ആര്‍ക്കും അറിയാതെ കിടന്ന മന്ത്രാങ്കവും മത്തവിലാസവും ചിട്ടപ്പെടുത്തി. ശ്രീകൃഷ്ണചരിതം നങ്ങ്യാരമ്മക്കൂത്തിനും ഭഗവദൂതിനും രംഗഭാഷ്യം. മിഴാവിന് ക്രമദീപിക. ഒതുങ്ങിയില്ല അതിലൊന്നും; രണ്ട് കേന്ദ്രസര്‍ക്കാര്‍ ഫെലോഷിപ്പുകള്‍ കിട്ടി. അത് ശരിയായ ഗവേഷണത്തിന് വിനിയോഗിച്ചു. കൂടിയാട്ടവും നാട്യശാസ്ത്രവും, കൂടിയാട്ടവും യജ്ഞവും എന്നീ ഗവേഷണ ഗ്രന്ഥങ്ങള്‍.
വെല്ലുവിളികള്‍ സ്വയം ഏറ്റെടുക്കുക ചിലരുടെ വിപ്ലവവഴിയാണ്. ജര്‍മനിയില്‍ വച്ച് കൂടിയാട്ടം ആസ്വാദക ചോദിച്ചു, നിങ്ങളുടെ കഥകൡ ശിവന് പ്രാധാന്യമില്ലാത്തതെന്തുകൊണ്ടെന്ന്. അതിന് സമാധാനമായാണ് മാര്‍ക്കണ്ഡേയ കഥ ചിട്ടപ്പെടുത്തി നങ്ങ്യാരമ്മക്കൂത്ത് രചിച്ചത്. ഒരുപക്ഷെ അന്യം നിന്നുപോകുമായിരുന്ന നങ്യാരമ്മക്കൂത്തിന് ആറ് സാഹിത്യം രചിച്ച് ചിട്ടപ്പെടുത്തി നമ്പ്യാരാശാന്‍. ഇവയില്‍ അഞ്ചും ഇതിനകം മകള്‍ വാസന്തി രംഗത്തവതരിപ്പിച്ചു. പുളിന്ദീ മോക്ഷം ചമ്പുപ്രബന്ധം രചിച്ചു.
നവതിയിലെത്തി നില്ക്കുമ്പോള് പി.കെ. നാരായണന് നമ്പ്യാരുടെ ഈ കലാജീവിതത്തിനിടെ വീരശൃംഖലകള്‍ മുതല്‍ പത്മശ്രീ (2008) വരെയുള്ള നിരവധി ബഹുമതികള്‍, 56 എണ്ണം ലഭിച്ചു. ഇതിലേറ്റവും മികച്ചതേതെന്ന് ചോദിച്ചാല്‍ അദ്ദേഹം പറയും: ”മിഴാവിന്റെ മുഴക്കം കേട്ട ഒരാസ്വാദകന് ഉള്ള് തുടിച്ചപ്പോള്‍, അഭിനയത്തിലെ ഒരു മുഹൂര്‍ത്തം ആസ്വദിച്ച ഒരാള്‍ക്ക് അകം കുളിര്‍ന്നപ്പോള്‍ ഞാനറിയാതെ എനിക്ക് അദ്ദേഹം സമ്മാനിച്ച അഭിനന്ദനം ഉണ്ടാകും, അതല്ലെ, അതാകണ്ടെ ഒരുകലാകാരന്റെ ഏറ്റവും ബഹുമതിയെന്ന്.
മൂന്ന് ഘട്ടം തരണം ചെയ്തു നമ്പ്യാരാശാനിലെ കലാകാരന്. അനുഷ്ഠാനമായിരുന്നു ആദ്യം. അഭ്യസിച്ച്, അറിഞ്ഞ്, ഉള്ക്കൊണ്ടകാലം. 40 വര്‍ഷം അച്ഛനോടൊപ്പം ഭാണ്ഡവും പേറി കഷ്ടപ്പാടില്‍ അലഞ്ഞ്, കലയെ സ്ഫുടം ചെയ്ത കാലം. രണ്ടാം ഘട്ടം സ്ഥാപനമായിരുന്നു. അറിഞ്ഞതിനെ ആധികാരികമാക്കി. കലാമണ്ഡലത്തിലെ ജീവിതം, അധ്യാപനം, മിഴാവിനെ ചിട്ടപ്പെടുത്തിയതും മറ്റും മറ്റും. മൂന്നാമത്തേത് പ്രചാരണം. ആഗോളതലത്തില്‍ കൂത്തിനേയും കൂടിയാട്ടത്തേയും മിഴാവിനേയും പ്രചരിപ്പിച്ചതും ആട്ടപ്രകാരം രചിച്ചതും പരീക്ഷണങ്ങള്‍ നടത്തിയതും പുതിയവ കണ്ടെത്തിയതും.
നാല് മേഖലകളില്‍ നമ്പ്യാരാശാന്‍ വ്യാപരിച്ചു, നാലിലും ആശാനായി, ആചാര്യനായി. വാദ്യത്തിലാണ് തുടക്കം, മിഴാവില്‍ തമ്പുരാനായി. വേഷം അണിഞ്ഞു, അഭിനയത്തില്‍ ആളായി. ചുട്ടികുത്തല്‍ കലയില്‍ അഗ്രഗണ്യനായി. കൂത്തിനും മറ്റുമുള്ള കോപ്പുകള്‍ ഉണ്ടാക്കാനുള്ള കരവിരുതില്‍ പ്രതിഭയായി. അഭിനയം, സാഹിത്യം, സംവിധാനം,അധ്യാപനം, ഗവേഷണം, പ്രചാരണം, പരിഷ്കരണം എന്നുവേണ്ട പാരമ്പര്യവിധിപ്രകാരം പൈതൃകകലയുടെ കാലാതിവര്‍ത്തിത്വത്തിന് വിധിച്ചുവച്ചവയിലെല്ലാം നമ്പ്യാരാശാന്‍ വ്യാപരിച്ചു, വിജയിച്ചു.
തൊണ്ണൂറാം വയസ്സിലും ദിവസം നാലുമണിക്കൂറിലേറെ വായനയും എഴുത്തും. ഗവേഷകരും തുടക്കക്കാരും ഇപ്പോഴും ഗുരുവിനെ തേടിയെത്തുന്നു. അവര്‍ക്ക് മുന്നില്‍ അഭിനയിക്കും, അവതരിയ്ക്കും.
‘വിദ്യയ്ക്കും അര്‍ത്ഥത്തിനും വയസ്സില്ല, വയസ്സാകില്ല” എന്നാണ് ആശാന്റെ ന്യായം. വീടിനോടുചേര്‍ന്നുള്ള മാണിമാധവ ഗുരുകുലത്തില്‍ കര്‍ക്കടകമാസം മുഴുവന്‍ ആഷാഡോത്സവം നടത്തി, ഈ പ്രായത്തിലും അതില്‍ വേഷമാടുന്ന ഈ ജ്ഞാനവൃദ്ധന്റെ, കലാതപസ്വിയുടെ കര്‍മ്മവഴിയിലെ ധന്യതയറിയാന് ഇതുകൂടിയറിയണം. അച്ഛനിലൂടെ കിട്ടിയത് മക്കളിലൂടെ പകര്‍ത്തുകയും പരത്തുകയും ചെയ്യുമ്പോഴാണല്ലോ പുത്രധര്‍മ്മം സഫലമാകുന്നത്. നമ്പ്യാരാശാന്റെ ശിഷ്യലോകം വലുതാണ്. മക്കളേയും മക്കളുടെ മക്കളേയും ഈ മഹത്തായ കലയുടെ രംഗത്ത് എത്തിച്ചതാണ് അദ്ദേഹത്തിന്റെ മഹത്വം വര്‍ധിപ്പിക്കുന്നത്.
ചെറുമനത്ത് നമ്പ്യാര്‍ മഠത്തില്‍ ശാന്ത നങ്ങ്യാരമ്മയാണ് ഭാര്യ. കൂത്തരങ്ങില്‍ സജീവസാന്നിധ്യമായിരുന്നു. കുറച്ചുകാലം കലാമണ്ഡലത്തില്‍ അധ്യാപികയായിരുന്നു. നാലുമക്കള്‍: കലാമണ്ഡലത്തില്‍ പഠിച്ച മൂത്തമകള്‍ വാസന്തി നാരായണന് നങ്ങ്യാരമ്മക്കൂത്തില് കേരളത്തിലെ പ്രധാനിയാണ്. മകള്‍ ഡോ. പി.കെ. ജയന്തി കൂടിയാട്ടത്തില്‍ ഗവേഷണം നടത്തി പിഎച്ച്ഡി നേടി, കാലടി ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാലയില്‍ (തിരൂര്‍ കേന്ദ്രം) കൂടിയാട്ടം വകുപ്പ് മേധാവി. മകന് ഉണ്ണികൃഷ്ണന് നമ്പ്യാര്‍ കൂടിയാട്ടം വേഷവും വാദ്യവും കലാകാരന്. മറ്റൊരു മകന് ഹരീഷ് നമ്പ്യാര്‍ വേഷം, മിഴാവ്, അധ്യാപനം. കൊച്ചുമക്കള്‍ ശരത് നാരായണന് (26), സ്വാതി(പ്ലസ്ടു), ശ്വേതാ നമ്പ്യാര്‍ (6), എന്ന മൂന്നാം തലമുറയ്ക്ക് നമ്പ്യാരാശാന്‍ രംഗപാഠം ചൊല്ലിക്കൊടുക്കുന്നു. അവര്‍ കലയുടെ പാരമ്പര്യത്തിന്റെ കണ്ണിത്തുടര്ച്ചയാകുന്നു.
സഫലമാണ് നമ്പ്യാരാശാന്റെ കലാജീവിതം. നവതി പിന്നിടുമ്പോള്‍ ആ കലാപുരുഷന്‍ ആടിയും കൊട്ടിയും കയറിയ വേദികളിലെ കാല്പെരുമാറ്റങ്ങളും കൈയൊച്ചകളും കാലത്തിന്റെ, കലയുടെ സമ്പത്താണ്. വേദിയിലെ ഒരു ‘ചാക്യാര്‍ വാക്യം’ പോലെ, മുത്തച്ഛന് മാണിമാധവചാക്യാരുടെ വരികള്‍, അച്ഛന്റെ ശേഖരത്തില്‍ നിന്ന്, മകള്‍ ഡോ. ജയന്തി കണ്ടെത്തി. പാരീസില്‍ പൂട്ടിപ്പോയ ഒരു പള്ളിയില്‍ കൂത്ത് അവതരിപ്പിക്കേണ്ട സാഹചര്യം വന്നു. മാമൂലുകള്‍ക്ക് അതെതിരാകുമോ എന്ന ഭയം തീര്‍ക്കാന്‍ നാരായണന് നമ്പ്യാര്‍ അച്ഛനോട് സംശയം തീര്‍ത്തു. അച്ഛന് വിധിച്ചു- ‘വിളക്കുണ്ടെങ്കില്‍ വിലക്കില്ല’ എന്ന്. അതെ, വിലക്കുകള്‍ക്കെതിരെ വിളക്കുപിടിച്ച വിപ്ലവകാരിയായ രണ്ടാം നമ്പ്യാരാണ് പി.കെ. നവതിപ്രണാമങ്ങള്‍.
പി.കെ. നാരായണന് നമ്പ്യാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: