കോഴിക്കോട്: ആശങ്ക നിറഞ്ഞ ചോദ്യങ്ങളുമായി കുട്ടികള്‍ ശാസ്ത്രജ്ഞരുടെ മുമ്പില്‍. കുടിവെള്ളത്തിന്റെ രുചിമാറ്റത്തെക്കുറിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ലക്ഷ്മിയും വീടിനു സമീപം ആരംഭിക്കാനിരിക്കുന്ന ബാറ്ററി ഫാക്ടറിയില്‍ നിന്നുണ്ടാകാന്‍ സാദ്ധ്യതയുള്ള മലിനീകരണ പ്രശ്‌നമുന്നയിച്ച് ആദിത്യയും മൊബൈല്‍ ടവറിന്റെ സമീപത്ത് റേഡിയേഷന്റെ അളവ് കൂടുതായി ഉണ്ടാകുമോയെന്ന ചോദ്യവുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദുനന്ദയും. ഇങ്ങനെ വികസനം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ബാലുശേരി ജിജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികള്‍ ശാസ്ത്രജ്ഞരുമായി റീജിനല്‍ സയന്‍സ് സെന്ററില്‍ സംവദിച്ചത്.
വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് മനസിലാകുംവിധം രസകരമായ രീതിയില്‍ മറുപടി നല്‍കി ശാസ്ത്രജ്ഞര്‍ ചര്‍ച്ചയെ സജീവമാക്കി. മലബാര്‍ മേഖലയിലെ ശാസ്ത്രജ്ഞരുടെ സംഘടനയായ സയന്റിസ്റ്റ് അസോസിയേഷന്‍ ഓഫ് മലബാറിന്റെയും കേരള ജൈവവൈവിധ്യ ബോര്‍ഡ്, മേഖലാ ശാസ്ത്രകേന്ദ്രം, കേന്ദ്ര അടയ്‌ക്കാ സുഗന്ധവിള ഡയറക്‌ട്രേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംവാദം സംഘടിപ്പിച്ചത്. ബാലുശേരി ജിജിഎച്ച്എസ്എസിലെ ഗെയിറ്റ് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളാണ് സംവാദത്തിനെത്തിയത്. അദ്ധ്യാപകന്‍ ഷിജിലി യു.കെ. യാണ് ഗെയിറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍.
മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ സംവാദം ഉദ്ഘാടനം ചെയ്തു. ഡിഇഒ ടി.കെ. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.എന്‍. രവീന്ദ്രന്‍, ഡോ. എം. രമേഷ് കുമാര്‍, കെ.എം. സുനില്‍, ഡോ. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോ. കെ.കെ. ഐശ്വര്യ, സിഡബ്ല്യുആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പി. ജയകുമാര്‍, സിഡബ്ല്യുആര്‍ഡിഎം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മാധവന്‍ കോമത്ത്, ഡോ. പി.എസ്. മനോജ്, ബാംഗ്ലൂര്‍ ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി, ഡോ. പ്രദീപ്കുമാര്‍, ഡോ. എം. രമേഷ്, ഡോ. കെ.കെ. വിജയന്‍, ഡോ. എ.കെ. സദാനന്ദന്‍, ഡോ. കെ.ഇ. ശ്രീധരന്‍, ഡോ. പി.എന്‍. രവീന്ദ്രന്‍ എന്നിവര്‍ മറുപടികള്‍ നല്‍കി.
















