നീലേശ്വരം: കത്തുന്ന വേനലിലും അന്യമാവുകയാണ് പടന്നക്കാട് തീര്‍ഥങ്കരയിലെ തീര്‍ഥക്കുളം. പരിസര പ്രദേശങ്ങളിലെ മുഴുവന്‍ ജലസ്രോതസായ നിറഞ്ഞ് നില്ക്കുന്ന തീര്‍ഥക്കുളം പ്രത്യേകം വിസ്മയം ജനിപ്പിക്കുന്നു.
തീര്‍ഥങ്കര മഹാവിഷ്ണുക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ കുളം. 10 ഏക്കറോളം വിസ്തൃതിയുള്ള കുളത്തില്‍ വ്യാപകമായതോതില്‍ പായലുകളുണ്ട്. ഇതുമൂലമാണ് കത്തുന്ന വേനലിലും കുളം ജലസമൃദ്ധമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പരിസര പ്രദേശങ്ങളിലെ കിണറുകളെ ജലസമൃദ്ധമാക്കുന്നതും തീര്‍ഥക്കുളമാണ്.
കഴിഞ്ഞവര്‍ഷം പായലുകള്‍ മുഴുവന്‍ നീക്കം ചെയ്തതിനാല്‍ നേരത്തേ തന്നെ കുളം വറ്റിയിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാര്‍ഷിക കോളേജിന്റെ നിയന്ത്രണത്തിലാണ് തീര്‍ഥക്കുളം. കുളത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരിതാപകരമാണ്.
കാര്‍ഷിക സര്‍വകലാശാല ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ലെന്ന് പരാതിയുണ്ട്. നേരത്തേ കാര്‍ഷിക കോളേജ് വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ക്കായി സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ടുനല്‍കിയിരുന്നു. സര്‍വകലാശാല ഇക്കാര്യത്തില്‍ വര്‍ഷങ്ങളായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ കാര്‍ഷിക കോളേജിലെത്തിയ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ തീര്‍ഥക്കുളത്തിന്റെ വികസനത്തിന് ഒരുകോടി രൂപ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനുശേഷം നാളിതുവരെ തുടര്‍നടപടികളുണ്ടാകാത്തത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
കുളം ശുചീകരിച്ച് മത്സ്യക്കൃഷിയും താമര നട്ടുവളര്‍ത്തുകയും ഒരുഭാഗത്ത് ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്താല്‍ തീര്‍ഥക്കുളം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും. വറ്റാത്ത ജലസ്രോതസായി നിലനില്ക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: