ശ്രീനഗര്‍: ജമ്മു കശ്മീര്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളെല്ലാം പ്രളയത്തില്‍ താറുമാറായതിനെത്തുടര്ന്നാണ് കേന്ദ്രം ചുമതല ഏറ്റെടുത്തത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പ്രളയത്തില്‍ മുങ്ങിപോയെന്നും ഇതിനാലാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാതെവന്നതെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിനു പൂര്‍ണ പിന്തുണ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥര്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ട്. പ്രളയത്തിലകപ്പെട്ട ജനങ്ങള്‍ക്ക് എത്രയും പെട്ടെന്നു തന്നെ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം ഫലവത്താക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ വിവിധ വിഭാഗങ്ങളും ശ്രമമാരംഭിച്ചു. പാല്‍പ്പൊടിയും കുടിവെള്ളവും ജല ശുദ്ധീകരണത്തിനുള്ള ക്ലോറിന്‍ പായ്ക്കറ്റുകളും ശ്രീനഗറിലെത്തിക്കഴിഞ്ഞു. വെള്ളമിറങ്ങിയതിനു ശേഷം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യരംഗത്ത് പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരെ കാശ്മീരിലേക്കയച്ചിട്ടുണ്ട്.
ദുരിതാശ്വാസത്തിനു വേണ്ടിയുള്ള ഭക്ഷണ സാധനങ്ങളും മറ്റു സാമഗ്രികളും സൗജന്യമായി കശ്മീരില്‍ എത്തിക്കാന്‍ റെയില്‍വേയും തീരുമാനിച്ചിട്ടുണ്ട് . ആവശ്യമായ ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ശ്രമമാരംഭിച്ചു. റോഡുകള്‍ തകര്‍ന്നതിനാല്‍ മറ്റു സാദ്ധ്യമായ മാര്‍ഗ്ഗങ്ങളിലൂടെ സിലിണ്ടറുകള്‍ എത്തിക്കാനാണ് ശ്രമിക്കുന്നത് .
ജമ്മു കശ്മീരിന് മറ്റു സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും സഹായമെത്തിക്കുന്നുണ്ട് . കേരളം രണ്ടു കോടി രൂപ നല്കാന് തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: