കൊച്ചി: കുവൈറ്റില്‍ സ്വകാര്യകമ്പനി തടങ്കലില്‍ വച്ചിരിക്കുന്ന മലയാളിനഴ്സുമാരെ മോചിപ്പിച്ചു സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള വനിതാക്കമ്മിഷന്‍ അംഗം ഡോ: ലിസി ജോസ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. കുവൈറ്റ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ ഒരു കമ്പനി റിക്രൂട്ട് ചെയ്ത 350 നഴ്സുമാരാണ് അവിടെ കമ്പനിയുടെ ഗസ്റ്റ് ഹൗസില്‍ ഒരുമാസത്തോളമായി തടങ്കലില്‍ കഴിയുന്നത്. കോട്ടയം ജില്ലയിലും സമീപത്തും നിന്ന് ഉള്ളവരാണിവര്‍.
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയെ പ്രശ്നത്തില്‍ ഇടപെടുവിക്കാനും പ്രശ്നം പരിഹരിക്കാനും സംസ്ഥാനസര്‍ക്കാര്‍ ഉടന്‍ കേന്ദ്രവുമായി ബന്ധപ്പെട്ടു വേണ്ടതു ചെയ്യണമെന്ന് ലിസി ജോസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റിലീസിങ് സര്‍ട്ടിഫിക്കറ്റു നല്കി മോചിപ്പിക്കാന്‍ മൂന്നുലക്ഷം രൂപവീതം വീണ്ടും ആവശ്യപ്പെടുകയാണു കമ്പനി.
ശമ്പളത്തിന്റെ 30 ശതമാനമേ ഇവര്‍ക്കു കിട്ടിയിരുന്നുള്ളൂ. എഴുപതു ശതമാനമെങ്കിലും നല്‍കണമെന്നാണ് കുവൈറ്റിലെ നിയമം. ഈ ആവശ്യം ഉന്നയിച്ചു നഴ്സുമാര്‍ നേരത്തെ സമരം ചെയ്തിരുന്നതായി കമ്പനി പറയുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ നിയമലംഘനം സര്‍ക്കാര്‍ അറിയുകയും കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും ആയിരുന്നു എന്നാണ് മനസിലാക്കുന്നത്. അവധിക്കു നാട്ടില്‍ വന്നിരുന്ന നഴ്സുമാരെ ഇതിന്റെ പ്രതികാരമായി വിളിച്ചുവരുത്തി തടങ്കലില്‍ ആക്കുകയായിരുന്നത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: