ഉണ്ണിക്കണ്ണന്മാര് മുതല്‍ ഗീതോപദേശം നല്കുന്ന പാര്ത്ഥസാരഥിവരെ… കൃഷ്ണാവതാരത്തിന്റെ വിവിധ ഭാവങ്ങള്‍ ഇന്നലെ കേരളത്തിന്റെ തെരുവുകളെ ദ്വാപരയുഗസ്മൃതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബാലഗോകുലം ഒരുക്കിയ ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ ലക്ഷക്കണക്കിന് കുസൃതിക്കണ്ണന്മാര്‍ അണിനിരന്നു. പതിനായിരക്കണക്കിന് ശോഭായാത്രകളും നടന്നു.
ഉണ്ണക്കണ്ണന്മാരും ബലരാമന്മാരും ഗോപികമാരും നന്ദഗോപന്മാരും വസുദേവന്മാരും നിരന്നുനിറഞ്ഞ വീഥികള്‍ മലയാളക്കരയെ അമ്പാടിയാക്കി… പിന്നെ മഥുരയാക്കി. കൃഷ്ണഗീതികളും ഭജനകളും കീര്‍ത്തനങ്ങളും വാദ്യഘോഷങ്ങളും കാവിക്കൊടികളും ഇഴചേര്‍ന്ന വര്‍ണ്ണാഭമായ ശോഭായാത്രകള്‍ നാടിനെ ഭക്തിലഹരിയിലാഴ്ത്തി. ജനസാഗരമാണ് ആലിലക്കണ്ണന്റെ ജന്മദിനം ആഘോഷിക്കാന്‍ എത്തിയത്. ചെറുശോഭായാത്രകളും അതില്‍ ലയിച്ചു ചേര്‍ന്ന മഹാശോഭായാത്രകളും ജനങ്ങള്‍ക്ക് ആവേശവും ആമോദവും പകര്‍ന്നു. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഭജനസംഘങ്ങളും ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. മിക്ക ക്ഷേത്രങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ശോഭായാത്രാ സമാപന സമ്മേളനങ്ങള്‍ നടന്നു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മഹാശോഭായാത്രകള്‍.
കോഴിക്കോട്ട് കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ (റിട്ട) ഡോ. പ്രഭാകരന് പലേരും തിരുവനന്തപുരത്ത് മാത്യു ടി.തോമസ് എംഎല്‍എയും അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മളനങ്ങള്‍, നദീപൂജ, ഗോപൂജ, വൃക്ഷപൂജ, ഉറിയടി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളും ബാലദിനാഘോഷത്തിന് മുന്നോടിയായി ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: