പാലാ: കാളവണ്ടികളും ഉന്തുവണ്ടികളും നിരത്തില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും വാഹനങ്ങള്‍ ചീറിപ്പായുന്ന തിരക്കുള്ള നിരത്തിലൂടെ ഉന്തുവണ്ടിയില്‍ ഭാരവും വലിച്ചുള്ള ശശിധരന് നായരുടെ വരവ് പാലാ നഗരത്തിന് വേറിട്ട കാഴ്ചയാണ്. ചെത്തിമറ്റത്തുള്ള സേട്ടിന്റെ തടിമില്ലില്‍ നിന്ന് അറക്കപ്പൊടി ശേഖരിച്ച് നഗരത്തിലെ പതിവ് ഹോട്ടലുകളിലും വീടുകളിലും എത്തിക്കുകയാണ് ശശിധരന്. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി ഉന്തുവണ്ടിയുമായി ശശിധരന് നായരുടെ ചങ്ങാത്തം തൊഴിലിനേക്കാള്‍ ശീലമായിക്കഴിഞ്ഞിരിക്കുന്നു. മടക്കിക്കുത്താത്ത കാവിമുണ്ടും തലയില്‍ ഒരു തോര്‍ത്തും കെട്ടിയാല്‍ ശശിധരന് നായര്‍ ജോലിക്ക് തയ്യാറായി. കൂലിക്ക് കണക്കു പറയുന്ന ശീലവും ഇദ്ദേഹത്തിനില്ല. ഒരു ചാക്ക് അറക്കപ്പൊടി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്താല്‍ വിലയും കൂലിയുമായി 100 രൂപയാണ് വാങ്ങുന്നത്. ഇതല് 40 രൂപ രൂപ മില്ലില്‍ കൊടുക്കും. ഇന്ധനവില വര്ദ്ധനവിന്റെയോ ചാര്‍ജ്ജ് വര്ദ്ധനവിന്റെയോ പേരില്‍ ശശിധരന് നായര്‍ക്ക് പണിമുടക്കേണ്ടി വന്നിട്ടില്ല. ഭാര്യയും മക്കളുമുണ്ടെങ്കിലും തൊഴിലും കിടപ്പും എല്ലാം മില്ലിനോടനുബന്ധിച്ചുതന്നെ. ആരോടും അധ ികം സംസാരിക്കില്ല. അധ്വാനത്തെ ആരാധനയായി കാണുന്ന തൊഴിലാളിദിനത്തില്‍ 65കാരനായ ശശിധരന് നായര്‍ തന്റെ ജീവിതത്തിലൂടെ തൊഴിലിന്റെ മഹത്വവും ലാളിത്യവും സമൂഹത്തിന് കാണിച്ചുതരികയാണ്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും സ്വന്തമായി ഒരു ഉന്തുവണ്ടി വാങ്ങാന്‍ ശശിധരന് നായര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: