ഇടുക്കി : പന്നിയാര്‍ ജലദുരന്തത്തിന് ഇന്ന് ഏഴാണ്ട് തികയുന്നു. 2007 സെപ്റ്റംബര്‍ 17നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. അന്ന് വൈകിട്ട് നാലരയോടെ പന്നിയാര്‍ വാല്‍വ് ഹൗസില്‍നിന്ന് പവര്‍ ഹൗസിലേക്കു വെള്ളം എത്തിച്ചിരുന്ന പെന്‍സ്റ്റോക്കുകളില്‍ ഒരെണ്ണം പൊട്ടിയാണ് നാടിനെ നൊമ്പരത്തിലാക്കിയ അപകടത്തിന് കാരണമായത്.
വൈദ്ദ്യുതി ബോര്‍ഡിലെ ജീവനക്കാരായ കൊരട്ടി കരയാംപറമ്പില്‍ എ.എല്‍. ജോസ്, വെള്ളത്തൂവല്‍ പുത്തന്‍പുരക്കല്‍ റെജി, തോക്കുപാറ മാക്കല്‍ ജോബി, ശല്യാംപാറ തൊണ്ടിനേത്ത് ഷിബു, പന്നിയാകുട്ടി കാനത്തില്‍ സണ്ണി, നെടിയശാല വാഴപ്പിള്ളി സ്വദേശി ജോമറ്റ് ജോണ്‍, കുറുപ്പുംതറ സ്വദേശി ജിയോ സേവ്യര്‍ എന്നിവരാണു മരിച്ചത്. ദുരന്തത്തില്‍പ്പെട്ടു കാണാതായ നാരകക്കാനം കൂട്ടുങ്കല്‍ ജയ്സനെ ഇനിയും കണ്ടെത്താനായിട്ടില്ല.
നേര്യമംഗലം ജലവൈദ്യുത നിലയിത്തിലെ അസി. എന്‍ജിനീയറായിരുന്ന ജോസ് അവിചാരിതമായി പന്നിയാറിലെത്തിയപ്പോഴാണ് പെന്‍സ്റ്റോക്ക് പൊട്ടിഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദുരന്തം ഒഴിവാക്കുന്നതിനായി ശ്രമിക്കുന്നതിനിടെ ജോസിന്റെ ജീവനും പെലിഞ്ഞത്. വെള്ളത്തിന്റെ അതിശക്തമായ കുത്തൊഴുക്കില്‍ മൃതദേഹങ്ങള്‍ പലതും വെള്ളപ്പാച്ചിലിനൊപ്പം കല്ലാര്‍കുട്ടി ജലസംഭരണിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആഴ്ചകള്‍ നീണ്ടുനിന്ന തിരച്ചിലിലാണു പലരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താനായത്. പെന്‍സ്റ്റോക്ക് തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ തകര്‍ന്ന പന്നിയാര്‍ ജലവൈദ്യുത നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി രണ്ട് വര്‍ഷത്തിനു ശേഷമാണ് വൈദ്യുതി ഉല്പാദനം പുനരാരംഭിക്കാനായത്. ദുരന്തം ഏഴാണ്ടിലെത്തുമ്പോഴും അന്നത്തെ ദുരന്ത ഓര്‍മയില്‍ നിന്നും നാട്ടുകാര്‍ക്ക് മുക്തി നേടാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: