ന്യൂദല്‍ഹി: മാവോയിസ്റ്റു നേതാവ് മുപ്പല്ല ലക്ഷ്മണ റാവു എന്ന ഗണപതിയുടെ തലയ്ക്ക് 2.67 കോടി പാരിതോഷികം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍ പാരിതോഷികം പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗണപതി മുന്നിലെത്തിയത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ 49 ലക്ഷവും, ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഒരു കോടിയുമാണ് ഗണപതിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 25 ലക്ഷവും, ഝാര്‍ഖണ്ഡ് 12 ലക്ഷവും ദേശീയ അന്വേഷണ ഏജന്‍സി 15 ലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പതിനഞ്ചു ലക്ഷത്തില്‍ നിന്ന് ഒറ്റയടിക്കാണ് രാജ്യത്തെ ഏറ്റവും വിലകൂടിയ കുറ്റവാളിയായി ഗണപതി മാറിയത്.പോലീസ് പിടികൂടുന്നതിനു മുമ്പ് കീഴടങ്ങുകയാണെങ്കില്‍ തുക ഇയാള്‍ക്കു തന്നെ നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
അക്രമമാര്‍ഗ്ഗം വെടിഞ്ഞാല്‍ മാവോയിസ്റ്റ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വയം കീഴടങ്ങിയാല്‍ വന്‍തുക നല്‍കുമെന്ന വാഗ്ദാനം മാവോയിസ്റ്റ് നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടയരുതെന്ന ആവശ്യവും കേന്ദ്രസര്‍ക്കാരിനുണ്ട്. വന്‍തോതിലുള്ള വികസന പദ്ധതികള്‍ മാവോയിസ്റ്റ് മേഖലകളില്‍ നടപ്പാക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രസര്‍ക്കാര്‍.
മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് ഗണപതി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വന്‍ പദ്ധതികളാണ് 65 കാരനായ ഗണപതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ആന്ധ്രാപ്രദേശില്‍ ജനിച്ചു വളര്‍ന്ന ഗണപതി ഇവിടുത്തെ കൊടുംകാടുകളില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്നാണ് ഇന്റലിജന്സ്റിപ്പോര്ട്ടുകള്.മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മറ്റിയംഗങ്ങള്ക്കെല്ലാമായി 21 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. 19 പേരാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മറ്റിയിലുള്ളത്. മുമ്പ് 39 പേരടങ്ങുന്നതായിരുന്നു മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി. രാജ്യത്തെ മാവോയിസ്റ്റ് വേട്ട കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജീവനോടെയോ അല്ലാതെയോ മാവോയിസ്റ്റ് നേതാക്കളെ പിടികൂടുന്നവര്‍ക്കുള്ള ഇനാംതുക വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മറ്റി, പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ അറസ്റ്റിനു സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 60 ലക്ഷം രൂപ നല്‍കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ മറ്റ് പിടികിട്ടാപ്പുള്ളികള്‍ക്കു പ്രഖ്യാപിച്ചിരിക്കുന്നതിനേക്കാള് വലിയ തുകയാണ് ഗണപതിയുടെ തലക്കു പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ഇഖ്ബാല്‍ ഭട്കല്, റിയാസ് ഭട്ക്കല്‍, അമീര്‍ റെസാ ഖാന് എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25 ലക്ഷമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തിയ ഇവര്‍ പാക്കിസ്ഥാനില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്നാണ് വിവരം. ദല്‍ഹി പോലീസ് 15 ലക്ഷവും, ദേശീയ അന്വേഷണ ഏജന്‍സി പത്തുലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.
അധോലോക നായകനും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ തലക്ക് 25 ലക്ഷമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നാല് വര്‍ഷമായി ഈ തുക പുതുക്കിയിട്ടില്ല. 1993-ലെ മുംബൈ സ്ഫോടനത്തിനുശേഷമാണ് മഹാരാഷ്ട്ര സര്‍ക്കാരും സിബിഐയും പാരിതോഷികം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇബ്രാഹിം ദുബായിലേക്ക് കടന്നു കളഞ്ഞിരുന്നു. നിലവില്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരം.
ലെഷ്കറെ തൊയ്ബ ഭീകരന് ഹാഫിസ് സെയദിന്റെ തലക്ക് അമേരിക്ക പത്ത് മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് വരെ 283 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതായാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: