ഗുവാഹതി: ശാരദാ ചിട്ടിതട്ടില് ആരോപണവിധേയനായ മുന്‍ അസം ഡിജിപി ശങ്കര്‍ ബറുവ ആത്മഹത്യ ചെയ്തു. ചികിത്സയിലായിരുന്ന ബറുവ ഇന്നലെ രാവിലെ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം വെടിവെച്ചു മരിക്കുകയായിരുന്നു.
ശാരദാ ചിട്ടി തട്ടിപ്പില്‍ ബറുവയെ അറസ്റ്റു ചെയ്തേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആസാമി ഗായകന് സദാനന്ദ ഗൊഗോയിയെ 12-ന് സിബിഐ അറസ്റ്റു ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഹൃദയസംബന്ധമായ അസുഖം ബാധിച്ച ബറുവയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം 48 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാലെണ്ണം പശ്ചിമബംഗാളിലും, 44 എണ്ണം ഒഡീഷയിലുമാണ്. പശ്ചിമ ബംഗാള്‍, ഒഡീഷ, ആസാം, ത്രിപുര എന്നിവിടങ്ങളിലായി ലക്ഷക്കണക്കിനു നിക്ഷേപകരെയാണ് ശാരദാ ഗ്രൂപ്പ് കബളിപ്പിച്ചത്. 2,500 കോടിയുടെ അഴിമതിയാണ് കണക്കാക്കുന്നത്. കമ്പനി വഞ്ചിച്ചതിനെത്തുടര്‍ന്ന് 60 ലധികം പേര് ഇതിനോടകം ആത്മഹത്യ ചെയ്തിരുന്നു.
ശാരദാ ഗ്രൂപ്പ് തന്നെയാണ് തട്ടിപ്പിലെ ബറുവയുടെ പങ്ക് വെളിപ്പെടുത്തിയത്. തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത് ബറുവ ആയിരുന്നുവെന്ന് കമ്പനിയുടെ മാധ്യമ വിഭാഗമാണ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: