കോഴിക്കോട്: കേരള സാമൂഹ്യ സുരക്ഷാ മിഷനും മലബാര്‍ ഗോള്‍ഡ് & ഡയമണ്‍ഡ്‌സും സംയുക്തമായി നടപ്പാക്കുന്ന വിവാഹധനസഹായ പദ്ധതിയായ ‘പ്രത്യാശ’ വഴി 2000 യുവതികള്‍ക്ക് വിവാഹധനസഹായം നല്‍കും. ഈ മാസം 21-ാം വാര്‍ഷികം ആഘോഷിക്കുന്ന മലബാര്‍ ഗോള്‍ഡ് കേരള സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷനുമായി ചേര്‍ന്ന് പ്രത്യാശയുടെ അടുത്ത ഘട്ടത്തിന്റെ വിതരണം കോഴിക്കോട് നടത്തും.
21ന് കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം. കെ. മുനീര്‍ പ്രത്യാശ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തും. കോഴിക്കോട് മേയര്‍ എ.കെ. പ്രേമജം അദ്ധ്യക്ഷത വഹിക്കും.
കോഴിക്കോട്, കാസര്‍ഗോഡ്, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്. ഒരു ഗുണഭോക്താവിന് 50000 രൂപ വീതം ആയിരം ഗുണഭോക്താക്കള്‍ക്ക് 5 കോടി രൂപയാണ് അനുവദിക്കുന്നത്. രണ്ടര കോടി രൂപ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വിഹിതവും രണ്ടര കോടി രൂപ മലബാര്‍ ഗോള്‍ഡിന്റെ വിഹിതവുമാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് അറിയിച്ചു.
















