ഇഞ്ചിയോണ്‍: പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ ഇന്ന് തുടക്കം. നാളെ മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് പോരാട്ടങ്ങള്‍. മൂന്നാം തവണയാണ് ദക്ഷിണ കൊറിയ വേദിയാകുന്നത്; 1986-ല്‍ സോളിലും 2002-ല്‍ ബുസാനിലും. 45 രാജ്യങ്ങളില്‍നിന്ന് പതിനയ്യായിരത്തോളം കായികതാരങ്ങളാണ് 49 വേദികളില്‍ മാറ്റുരയ്ക്കുന്നത്. പ്രധാന സ്റ്റേഡിയമായ ഇഞ്ചിയോണ്‍ ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന, സമാപന ചടങ്ങുകളും മേളയിലെ ഏറ്റവും ആകര്‍ഷകവുമായ അത്ലറ്റിക്സ് മത്സരങ്ങളും. 36 ഇനങ്ങളിലായി 439 മെഡലുകളാണ് ഗെയിംസില്‍ നിര്‍ണയിക്കപ്പെടുക.
പ്രശസ്ത സിനിമാ സംവിധായകരായ ക്വോംഗ് ടെയിക്കും ജാംഗ് ജിന്നുമാണ് ഉദ്ഘാടനത്തോടന വേദിയിലെ കലാപരിപാടികളുടെ സംവിധായകര്‍. പ്രശസ്ത ഗായിക ജോ സുമിയുടെ ‘മീറ്റ് ഏഷ്യാസ് ഫ്യൂചര്‍’ എന്ന തീം സോംഗ് ആലാപനത്തോടെയാണ് തുടക്കം. കൊറിയയുടെ പാരമ്പര്യകലാരൂപങ്ങളും ഉദ്ഘാടന ചടങ്ങിന് മിഴിവേകും. മൂവായിരത്തോളം കലാകാരന്മാരും കലാകാരികളുമാണ് വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അത്ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റ്.
ഭാരതവും തികഞ്ഞ പ്രതീക്ഷയിലാണ് ജംബോ സംഘത്തെ ഏഷ്യന്‍ ഗെയിംസിനായി അയക്കുന്നത്. ചൈന, ആതിഥേയരായ ദക്ഷിണ കൊറിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ സംഘം ഭാരതത്തിന്റേതാണ്; 515 താരങ്ങള്‍.
അത്ലറ്റിക്സിനുള്ള 56 അംഗ സംഘത്തില്‍ 20 പേര് മലയാളികളാണ്. 30 വനിതകള്‍. മേളയിലേക്ക് ഏറ്റവും കൂടുതല്‍ താരങ്ങളെ അയച്ചിരിക്കുന്നത് ചൈനയാണ്; 894 പേര്. ആതിഥേയരായ ദക്ഷിണ കൊറിയ 833 പേരെയും ജപ്പാന് 718 പേരെയും ഇറക്കുന്നുണ്ട്.
മെഡല്‍ വേട്ടയില്‍ ഇത്തവണയും ചൈനയുടെ ആധിപത്യമായിരിക്കും. കഴിഞ്ഞ തവണ ഗ്വാങ്ഷൂവില്‍ 199 സ്വര്‍ണ്ണം നേടി ചൈന ചരിത്രം കുറിച്ചിരുന്നു. പുറമെ 119 വെള്ളിയും 98 വെങ്കലവുമടക്കം ആകെ 416 മെഡലുകളാണ് ചൈനയിലേക്കു പോയത്. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലായിരിക്കും രണ്ടാം സ്ഥാനത്തേക്കു പോരാടുക. ഭാരതത്തിന്റെ ഈ ഗെയിംസിലെ നയം പതിവു വഴിയില്‍നിന്നു വേറിട്ടതാണ- ആള്‍ക്കൂട്ടം പോകുന്നതിലല്ല മിടുക്ക്, പോകുന്നവര്‍ വിജയം കൈവരിക്കുന്നതാണ്. അതിനാല്‍ വിജയ സാധ്യതയുള്ള ഇനങ്ങളിലേക്കാണ് മത്സരാര്‍ത്ഥികളെ അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: