തൊടുപുഴ : കട്ടപ്പന ഗവണ്മെന്റ് കോളേജിലെ ചെയര്‍മാനും എസ്.എഫ്.ഐ നേതാവുമായിരുന്ന തങ്കമണി പവ്വത്തില്‍ അനൂപ് (20)നെ ഇടുക്കിഡാമിലെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ചും ലോക്കല്‍ പോലീസും കണ്ടെത്തി. കോട്ടയത്തെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനൂപ് മുങ്ങിമരിച്ചതാണെന്ന റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇടുക്കി സി.ഐയുടെ നേതൃത്വത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി. അടുത്തമാസം അന്വേഷണ റിപ്പോര്‍ട്ട് ആര്‍ഡിഒ കോടതിയില്‍ നല്‍കുമെന്ന് ഇടുക്കി സി.ഐ അറിയിച്ചു. 2014 മാര്‍ച്ച് 22ന് ഉച്ചതിരിഞ്ഞാണ് അനൂപ് അടങ്ങുന്ന എട്ടംഗ സംഘം ഇടുക്കി ഡാം കാണാന്‍ പോയത്. സംഘത്തിലുണ്ടായിരുന്നവരെല്ലാം മദ്യപിച്ചിരുന്നു. മദ്യപിക്കുന്നതിനിടെ അനൂപിനെ കാണാതായി.ഒപ്പമുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉടന്‍ തന്നെ മുരിക്കാശേരി പോലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ ആരംഭിച്ചു. പിറ്റേന്നാണ് അനൂപിന്റെ മൃതദേഹം ഡാമില്‍ നിന്നും കണ്ടെടുത്തത്. അനൂപിനെ കൂട്ടുകാര്‍ അപായപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആക്ഷേപം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് രണ്ട് അന്വേഷണവും നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: