ന്യൂദല്‍ഹി: ഏറനാട് എംഎല്‍എ പി.കെ ബഷീറിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തു എതിര്‍സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വ്യക്തമായ ഉറവിടം വെളിപ്പെടുത്താത്ത ഇലക്ട്രോണിക് രേഖകള്‍ തെളിവുകളായി സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഉറവിടം വ്യക്തമാക്കിയില്ലെങ്കിലും ഇലക്ട്രോണിക് രേഖകളെ തെളിവുകളായി സ്വീകരിക്കാമെന്ന പാര്‍ലമെന്റ് ആക്രമണക്കേസിലെ വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ആര്.എം ലോധ അദ്ധ്യക്ഷനായ ബെഞ്ച് തെരഞ്ഞെടുപ്പ് കേസിലെ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉറവിടം വ്യക്തമാക്കാത്തതിനാല്‍ സിഡികള്‍ തെളിവായി അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ആര്.എം ലോധ ഉത്തരവില്‍ പറയുന്നു. ഇലക്ട്രോണിക് രേഖകള്‍ ഹാജരാക്കുമ്പോള്‍ അത് തയാറാക്കാന്‍ ഉപയോഗിച്ച് ഉപകരണവും ഹാജരാക്കണം. ഉപകരണം നിര്‍മ്മിച്ച വ്യക്തിയെ വിസ്തരിക്കണം. ശേഷം ആധികാരികത ബോധ്യപ്പെട്ടെങ്കില്‍ മാത്രമെ രേഖ തെളിവായി സ്വീകരിക്കേണ്ടതുള്ളൂ, കോടതി വ്യക്തമാക്കി. ഇന്ത്യന്‍ തെളിവ് നിയമത്തിലെ 65 ബി വകുപ്പ് പ്രകാരം ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകള്‍ തെളിവായി അംഗീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 65 ബി വകുപ്പിനെ സാധൂകരിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ആദ്യവിധി കൂടിയാണിത്.
മനാഫ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും അതു മറച്ചുവെച്ച് തനിക്കെതിരെ ബഷീര്‍ ലഘുരേഖകളും മറ്റും വിതരണം ചെയ്തെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ പി.കെ ബഷീറിനെതിരെ അന്‍വറിന്റെ പരാതി. ഇതു സംബന്ധിച്ച തെളിവുകള്‍ സിഡിയിലാക്കി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ തെളിവുകളാണ് സുപ്രീം കോടതി നിരാകരിച്ചത്. ഹൈക്കോടതി നേരത്തെ അന്‍വറിന്റെ ഹര്‍ജി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: