ന്യൂദല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരത-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ശാശ്വത പരിഹാരമായി അതിര്‍ത്തി പുനര്‍നിര്‍ണ്ണയ പ്രക്രിയയ്ക്ക് തുടക്കമിടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തത്വത്തില്‍ ധാരണ. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങള്‍ക്കും തലവേദനയായി മാറിയ അതിര്‍ത്തി പ്രശ്നത്തില്‍ നിര്‍ണ്ണായക തീരുമാനം.
ദല്‍ഹി ഹൈദരാബാദ് ഹൗസില്‍ ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അതിര്‍ത്തി പ്രശ്നം ഉന്നയിച്ചത്. അതിര്‍ത്തിയിലെ സമാധാനം മേഖലയുടെ സ്ഥിരതയ്ക്ക് ആവശ്യമാണെന്ന് മോദി പറഞ്ഞു. അതിര്‍ത്തിയിലെ സംഭവിവികാസങ്ങള്‍ ആശങ്കാജനകമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പുനര്നിര്ണ്ണയിച്ചേ മതിയാകൂ, നരേന്ദ്രമോദി തുറന്നു പറഞ്ഞു. അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിലെ അപാകതകളാണ് പ്രശ്നത്തിനു കാരണമെന്നും പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങള്‍ക്കും സംവിധാനമുണ്ടെന്നും ചൈനീസ് പ്രസിഡന്റ് മറുപടി നല്കി. സമാധന പ്രക്രിയയില്‍ ഭാരതവുമായി ആത്മാര്‍ത്ഥമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ജിന്‍പിങ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ 13 പുതിയ കരാറുകളും ഒപ്പു വെച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ 1,20,000 കോടി രൂപയുടെ ചൈനീസ് നിക്ഷേപം ഭാരതത്തില്‍ ഉറപ്പുവരുത്തുന്ന വാണിജ്യക്കരാറാണ് പ്രധാനപ്പെട്ടത്. സിക്കിമിലെ നാഥുലാ ചുരം വഴി കൈലാസ മാനസസരോവരം യാത്രയ്ക്കുള്ള പുതിയ പാത, അതിവേഗ റെയില്പ്പാളങ്ങളടക്കമുള്ള റെയില്‍വേ വികസന പദ്ധതികളിലെ സഹകരണം, ഭാരത-ചൈന സംയുക്ത സാമ്പത്തിക ഗ്രൂപ്പ് യോഗ തീരുമാനമായ സാമ്പത്തിക-വ്യാപാര-ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ സഹകരണ പദ്ധതികളുടെ ആരംഭം, ദൃശ്യ-ശ്രവ്യ മാധ്യമ സഹകരണം, വ്യാപര തീരുവകള്‍ സംബന്ധിച്ച ധാരണകള്‍, സാറ്റലൈറ്റുകളുടെ നിര്‍മ്മാണ രംഗത്ത് ഐഎസ്ആര്‍ഒയും ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനും തമ്മിലുള്ള സഹകരണം, ഇരു രാജ്യങ്ങളിലേയും മ്യൂസിയങ്ങളും പുരാവസ്തു ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം, 2016ല്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ലോക പുസ്തകോത്സവത്തിലെ ചൈനീസ് പങ്കാളിത്തം, മരുന്നുല്‍പ്പാദന രംഗത്തെ പരസ്പര സഹകരണം എന്നീ കരാറുകളും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു. മുംബൈയും ഷാങായും തമ്മിലുള്ള സഹോദര നഗര ഉടമ്പടി, മഹാരാഷ്ട്രയിലെ പൂനയില്‍ 1250 ഏക്കറില്‍ ചൈന സ്ഥാപിക്കുന്ന വ്യാവസായിക പാര്‍ക്കിന്റെ നിര്‍മ്മാണക്കരാര്‍, ഗുജറാത്തില്‍ ചൈനീസ് സംരംഭകര്‍ നിര്‍മ്മിക്കുന്ന വ്യാവസായിക പാര്‍ക്കിന്റെ നിര്‍മ്മാണ കരാര്‍ എന്നിവയും ഇന്നലെ ഒപ്പുവെച്ചു.
2015 ചൈനയില്‍ ‘വിസിറ്റ് ഇന്ത്യ’ വര്‍ഷമായും 2016 ഇന്ത്യയില്‍ ‘വിസിറ്റ് ചൈന’ വര്‍ഷമായും ആചരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. സൈനികേതര ആണവ കരാറിന് രൂപം നല്‍കാനായി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. അഞ്ച് വര്‍ഷത്തേക്കുള്ള വ്യാപാര വികസന പദ്ധതി രേഖ ഇരുരാജ്യങ്ങളും കൈമാറി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ചൈന തീരുമാനിച്ചു.
സാര്‍ക്ക് രാജ്യങ്ങളില്‍ ഉള്‍പ്പെടാനുള്ള ചൈനയുടെ ശ്രമങ്ങളെ ഭാരതം പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് സീ ജിന്‍പിങ്ങ് പറഞ്ഞു. ഭാരതത്തിന്റെ വളര്‍ച്ചയിലും നേട്ടങ്ങളിലും സന്തോഷം പ്രകടിപ്പിച്ച ജിന്‍പിംഗ് നരേന്ദ്ര മോദിയെ ചൈനയിലേക്കു ക്ഷണിച്ചിട്ടുണ്ട്.
ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന അത്താഴ വിരുന്നിലും ചൈനീസ് പ്രസിഡന്റും സംഘവും പങ്കെടുത്തു. ഇന്ന് ലോക്സഭാ സ്പീക്കറുള്‍പ്പെടെയുള്ള ആളുകളുമായി നടക്കുന്ന കൂടിക്കാഴ്ചകള്‍ക്കു ശേഷം ഉച്ചയോടെ ചൈനീസ് പ്രസിഡന്റ് ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: