കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്ത്രീകളെ അനധികൃതമായി യുഎഇയിലെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് കടത്തിയ കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ആവണിത്തറയില്‍ എ.പി.മനീഷ്, തിരുവനന്തപുരം കരകുളം വട്ടപ്പാറ ചിറ്റാഴ വിശ്വവിഹാറില്‍ വി. അനില്‍കുമാര്‍, തൃശൂര്‍ ചാവക്കാട് വെട്ടുകാട് പണിക്കവീട്ടില്‍ പി.കെ കബീര്‍, തിരുവനന്തപുരം വക്കം തിരുവാതിരയില്‍ സുധര്‍മന്‍ എന്നിവരെയാണ് സിബിഐ തിരുവനന്തപുരം ബ്രാഞ്ചിന് കീഴിലുള്ള കൊച്ചിയിലെ സ്പെഷ്യല്‍ ക്രൈം യൂണിറ്റ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ വിശദമായ അന്വേഷണത്തിനായി അടുത്ത 22 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.
യുഎഇയിലെ പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ലിസി സോജന്, സുരേഷ്, സേതുലാല്‍ എന്നിവരുടെ കൂട്ടാളികളാണ് അറസ്റ്റിലായ നാലു പേരും. ഇതില്‍ മനീഷും കബീറും യുഎഇയില്‍ ലിസി സോജന് നടത്തിയിരുന്ന പെണ്‍വാണിഭ കേന്ദ്രത്തിലെ സഹായികളായിരുന്നു. ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയിരുന്നത് മനീഷാണ്. അനില്‍കുമാറും സുധര്‍മനും ഇവര്‍ക്കുവേണ്ടി കേരളത്തില്‍നിന്ന് സ്ത്രീകളെ നെടുമ്പാശേരിവഴി കടത്തുന്നതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തിരുന്ന ഏജന്റുമാരാണ്.
ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് കട്ടപ്പന സ്വദേശിനി അടക്കമുള്ള സ്ത്രീകളെ ഇവര്‍ യുഎഇയിലേക്ക് കടത്തിയത്. വ്യാജരേഖ ചമച്ച് വിദേശത്തേക്ക് കടത്തുന്നതിന് നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരെ ഇവര്‍ കൈക്കൂലി നല്കി സ്വാധീനിച്ചു. ബിന്ദു, ലിസി സോജന്, സേതുലാല്‍, സിറാജ്, ടി.എ.റഫീഖ്, എം.രമേഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിനിയെ വ്യാജരേഖ ചമച്ച് വിദേശത്തേക്ക് കടത്തി പെണ്‍വാണിഭ സംഘത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട ആദ്യ കേസിന്റെ അന്വേഷണത്തില്‍ കൂടുതല്‍ സ്ത്രീകള്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പ്പെട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൈക്കൂലി കേസടക്കം നാല് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മനുഷ്യക്കടത്തിന് ഒത്താശചെയ്ത പോലീസ് ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്‍സി ഉടമകളുമടക്കം 15 ഓളം പേരുടെ വീടുകളില്‍ സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ദുബായില്‍ പെണ്‍വാണിഭത്തിന് ചുക്കാന്‍ പിടിക്കുന്നതായി കരുതുന്ന വലപ്പാട്ട് സ്വദേശി സുരേഷിനായി സിബിഐ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: