ചെന്നൈ: വിഖ്യാത മാന്‍ഡലിന്‍ വിദ്വാന് യു. ശ്രീനിവാസ് അന്തരിച്ചു. 45 വയസായിരുന്നു. കരള്‍രോഗത്തെത്തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആ മഹാപ്രതിഭ ഇന്നലെ രാവിലെ 9.30ഓടെയാണ് ലോകത്തോട് വിടപറഞ്ഞത്. സംസ്കാരം സ്വദേശമായ ആന്ധ്രയിലെ ഗോദാവരി ജില്ലയിലുള്ള പാല്ക്കോളിലെ വീട്ടുവളപ്പില്‍ നാളെ നടക്കും.
ശ്രീനിവാസിന്റെ അകാലത്തിലുള്ള വേര്‍പാട് ലോകമൊട്ടാകെയുള്ള സംഗീതപ്രേമികളെ ഞെട്ടിച്ചു.
മാന്‍ഡലിന്‍ എന്ന പാശ്ചാത്യസംഗീതോപകരണത്തെ കര്‍ണ്ണാടക സംഗീതത്തില്‍ വളരെ വിസ്മയകരമായി ഉപയോഗിക്കുകയും അതിന്റെ ഭാഗമാക്കിമാറ്റുകയും ചെയ്ത അത്ഭുതപ്രതിഭയാണ് ശ്രീനിവാസ്. ഒമ്പതാം വയസില്‍ പൊതുവേദിയില്‍ മാന്‍ഡലിന്‍ കച്ചേരി അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ അദ്ദേഹത്തെ 1998ല്‍, ഇരുപത്തിയൊന്‍പതാം വയസില്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. ഒട്ടനവധി ബഹുമതികള്‍ നേടിയിട്ടുള്ള അദ്ദേഹം ലോകമെമ്പാടും പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസ് സ്കൂള്‍ ഓഫ് വേള്‍ഡ് മ്യൂസിക് എന്ന സ്ഥാപനം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു.
1969 ഫെബ്രുവരി 28ന് ആന്ധ്രയിലെ ഗോദാവരിയിലെ പാല്ക്കോളിലാണ് ശ്രീനിവാസ് ജനിച്ചത്. പിതാവ് സത്യനാരായണനാണ് ശ്രീനിവാസിനെയും മാന്‍ഡലിനിലേക്ക് തിരിച്ചത്. പിന്നീട് താമസം ചെന്നൈയിലേക്ക് മാറ്റിയിരുന്നു. നാലരപതിറ്റാണ്ടിനുള്ളില്, ഒരു നിയോഗം പോലെ തനിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തുതീര്‍ത്ത ശ്രീനിവാസ് എന്ന പ്രതിഭാസം അതുല്യമായ ഒരു ചരിത്രം രചിച്ചാണ് കാലയവനികയില്‍ മറഞ്ഞത്. സഹോദരന് യു. രാജേഷും മാന്‍ഡലിന്‍ വിദഗ്ധനാണ്.
ശ്രീനിവാസിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ശ്രീനിവാസിന്റെ അര്‍പ്പണബോധവും സംഗീതത്തിനു നല്കിയ സംഭാവനകളും പ്രധാനമന്ത്രി അനുസ്മരിച്ചു. ശ്രീനിവാസിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് പ്രശസ്ത സംഗീത സംവിധായകന് എ.ആര്. റഹ്മാന് പറഞ്ഞു. ആ വിയോഗം ലോകത്തിന് നഷ്ടമാണ്, അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: