എരുമേലി: ശബരിമല തീര്‍ത്ഥാടന വേളയില്‍ വാഹനാപകടങ്ങളുടെ കേന്ദ്രമായി മാറുന്ന കണമല അട്ടിവളവ് വീതികൂട്ടി നേരെയാക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നു. നവംബറില്‍ ആരംഭിച്ച് ജനുവരിയില്‍ സമാപിക്കുന്ന മൂന്നു മാസത്തെ ശബരിമല തീര്‍ത്ഥാടനത്തിനായി എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. രണ്ടു കിലോമീറ്ററിലധികം വരുന്ന കുത്തനെയുള്ള ഇറക്കവും മൂടല്‍ മഞ്ഞും റോഡിന്റെ ടാറിങിലുള്ള വ്യത്യാസങ്ങളുമാണ് അപകടത്തിന് വഴിയൊരുക്കുന്നത്.
കണമല അട്ടിവളവിലുണ്ടാകുന്ന മിക്ക അപകങ്ങള്‍ക്കും റോഡിന്റെ വളവുകളാണ് കാരണമെന്ന് നാട്ടുകാരും മോട്ടോര്‍ വാഹന വകുപ്പും വിവിധ വകുപ്പുകളും ചൂണ്ടിക്കാട്ടുന്നു. അട്ടിവളവില്‍ സ്ഥലമെടുത്ത് റോഡ് വീതി കൂട്ടാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ആലോചിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ശബരിമല പാതയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും ശക്തമായ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കിയതോടെ അപകടങ്ങള്‍ കുറവാണെങ്കിലും പുര്‍ണമായും അപകടസാദ്ധ്യത നീക്കാന്‍ കഴിഞ്ഞിട്ടില്ല.
എരുമേലി മുതല്‍ കണമല വരെയുള്ള ഭാഗത്തെ വലിയ വളവുകള്‍ നേരെയാക്കാന്‍ അധിക ഭൂമി ഏറ്റെടുക്കണമെന്നാണ് ട്രാഫിക് ഐജിയായിരുന്ന ബി. സന്ധ്യവും പറഞ്ഞിരുന്നത്. എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥമൂലമാണ് അധികസ്ഥലം ഏറ്റെടുക്കുന്നതില്‍ വീഴ്ചയുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു. ശബരിമല പാതയുടെ ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ കമ്പനികളുടെ ബോര്‍ഡുകളും വെളിച്ചക്കുറവും അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കണമല അട്ടിവളവ് മേഖലയിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തരമായി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: