കൊച്ചി: നാക് അക്രഡിറ്റേഷന് സംഘം പരിശോധനക്ക് എത്തിയതോടെ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ പുരാണചിത്രമതിലിന് ശാപമോക്ഷം.
യുജിസി നിയോഗിച്ച നാക് അക്രഡിറ്റേഷന് സംഘം അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി 16നാണ് സര്‍വ്വകലാശാലയില്‍ എത്തിയത്. സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലെ സന്ദര്‍ശനം ഇന്നാണ് പൂര്‍ത്തിയാകുക. നാക് സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വര്‍ഷങ്ങളായി കാട് പിടിച്ച് തകര്‍ന്ന് കിടന്ന പുരാണ ചിത്രമതില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പെയിന്റടിച്ച് വൃത്തിയാക്കിയത്.
യുജിസിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വ്വകലാശാലകളുടെ ഗ്രേഡിങ് നടക്കുകയാണ്. നാക് സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാലയുടെ ഗ്രേഡ് നിര്‍ണ്ണയിക്കുക. ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് യുജിസി സാമ്പത്തിക സഹായം ലഭിക്കുക. ഈ സാഹചര്യത്തിലാണ് സര്‍വ്വകലാശാലയുടെ മുന്നിലെ ചിത്രമതില്‍ പുനരുദ്ധരിക്കപ്പെട്ടത്.
1999-2000 കാലഘട്ടത്തിലാണ് ചരിത്രം സൃഷ്ടിച്ച ചിത്രമതില്‍ സര്‍വ്വകലാശാലക്ക് സമര്‍പ്പിച്ചത്. പ്രശസ്ത മ്യൂറല്‍ ചിത്രകാരനും സര്‍വ്വകലാശാല അദ്ധ്യാപകനുമായിരുന്ന കെ.കെ സുരേഷാണ് 1600 അടി നീളത്തിലും അഞ്ചടി വീതിയിലുമായി ചിത്രമതില്‍ നിര്‍മ്മിച്ചത്. സിമന്റില്‍ പുരാണ കഥകളാണ് നിര്‍മ്മിച്ചിരുന്നത്. 2000ത്തില്‍ ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിലേക്ക് ചിത്രമതില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. സര്‍വ്വകലാശാലയുടെ ഏറ്റവും അഭിമാനകരമായ ഈ ചിത്രമതില്‍ ചരിത്രകാരന്മാരെയും വിദ്യാര്‍ത്ഥികളെയും ഏറെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ മാറി മാറി വന്ന ഭരണ നേതൃത്വം ചിത്രമതില്‍ അവഗണിക്കുകയായിരുന്നു. ഇത് മൂലം മതില് കാട് കയറി നശിക്കുകയും ചില ഭാഗം പൊളിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ചിത്രകാരനെത്തന്നെ കാണാതായി. യാതൊരു വിവരം ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍വ്വകലാശാല അദ്ധ്യാപകനെ പിരിച്ചുവിടുകയും ചെയ്തു. ചിത്രകാരന്റെ അവസ്ഥതന്നെയായി ചിത്രമതിലിനും. ചിത്രമതില്‍ സംരക്ഷിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.
നാക് സംഘം പരിശോധനക്ക് എത്തിയതോടെയാണ് സര്‍വ്വകലാശാല ഉണര്‍ന്നെഴുന്നേറ്റത്. ചിത്രകലാ വിഭാഗത്തിലെ ഇരുപതോളം വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു ചിത്രമതിലിന്റെ പുനരുദ്ധാരണം. പെയ്ന്റിങ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ടി. ജി. ജ്യോതിലാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പലയിടത്തും അടര്‍ന്ന് പോയ മതില് അതേരീതിയില്‍ കേടുപാടുകള്‍ തീര്‍ക്കാതെ പെയിന്റടിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: