ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ ബാറുടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതുവരെ കേരളത്തിലെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധി എതിരായാല്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം ബാറുടമകള്‍ക്ക് ലഭിക്കില്ലെന്നും ഉത്തരവ് ഉടന്‍ തന്നെ നടപ്പാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് അനില്‍ ആര്. ദവെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
ബാറുകള്‍ പൂട്ടുന്നതിന് സാവകാശം വേണമെന്ന ബാറുടമകളുടെ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല. വിധി എതിരായാല്‍ അപ്പീല്‍ നല്കാന് നാലാഴ്ച സാവകാശം നല്‍കണമെന്ന ആവശ്യമാണ് തള്ളിയത്.
സംസ്ഥാനത്തെ പഞ്ചനക്ഷത്ര പദവി ഇല്ലാത്ത ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് മുമ്പാകെ നല്കിയ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ നേരത്തെ സുപ്രീംകോടതി സപ്തംബര്‍ 30 വരെ സമയം നല്‍കിയിരുന്നു. ബാറുടമകളുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും സിംഗിള്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. ഇതേത്തുടര്‍ന്നാണ് ബാറുടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 30 നകം വിധി പറയാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ വിധി വരുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാറുടമകളുടെ ഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതി നിര്‍ദ്ദേശിച്ച സമയപരിധിയായ സപ്തംബര്‍ 30നകം ഹൈക്കോടതി വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷയെന്നും ഈ സാഹചര്യത്തില്‍ ബാറുടമകളുടെ ആവശ്യം തള്ളിക്കളയണമെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ഹൈക്കോടതി വിധി വരുന്നതുവരെ ബാറുകള്‍ തുറക്കുന്നതിന് തടസ്സമില്ലെന്ന് സുപ്രീകോടതി വ്യക്തമാക്കുകയായിരുന്നു. ഹൈക്കോടതി വിധി നീണ്ടാല്‍ അത്ര ദിവസംകൂടി ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. ബാറുടമകള്‍ക്ക് വേണ്ടി ഫാലി. എസ്. നരിമാന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: