കരുനാഗപ്പള്ളി: അമ്മ കേവലം വ്യക്തിയല്ല, ദിവ്യശക്തിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്. അമൃതപുരിയില്‍ മാതാഅമൃതാനന്ദമയീദേവിയുടെ അറുപത്തൊന്നാം പിറന്നാള്‍ വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ബ്രഹ്മാണ്ഡത്തിന്റെയും പ്രശ്നപരിഹാരം പ്രേമവും കരുണയുമാണ്. മനസിന്റെ ഭാവനയില്‍ കരുണയുടെ സാഗരം അലയടിക്കുന്നു. ചെറിയ മനസുകള്‍ക്ക് ആ അലകടല്‍ ഉള്‍ക്കൊള്ളാനായില്ല. സങ്കുചിതമല്ലാത്ത വിശാലമായ മനസിലാണ് കരുണയുടെ മഹാസാഗരം സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ വന്നത് പ്രഭാഷണത്തിനല്ല, ദര്‍ശനത്തിനാണ്. അമ്മയുടെ പിറന്നാള്‍ വേളയില്‍ ഇവിടെയെത്താനായത് ആത്മസൗഭാഗ്യമാണ്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ എന്നെ അലട്ടുന്നത് രാജ്യം നേരിടുന്ന ഭീകരവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ആഭ്യന്തരപ്രശ്നങ്ങളുമൊക്കെയാണ്. അമ്മയുടെ അനുഗ്രഹം ഒപ്പമുണ്ടായാല്‍ രാജ്യം സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കുമെന്നെനിക്കുറപ്പുണ്ട്. മനുഷ്യസമൂഹത്തിന്റെ മാത്രം മംഗളമല്ല അമ്മ ആഗ്രഹിക്കുന്നത്. സര്‍വചരാചരങ്ങളുടെയും നന്മയാണ്. അതുകൊണ്ടാണ് അമ്മ വിശ്വമാതാവാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരുമയുടേയും സ്നേഹത്തിന്റെയും ദയയുടെയും സന്ദേശം തന്റെ പ്രബോധനങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അമ്മയുടെ മാര്‍ഗദര്‍ശിത്വം ലോകത്തെ ആത്മീയ ഉണര്‍വ്വിലേക്കു നയിക്കുന്നതിനു നേതൃത്വം നല്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റാന്‍ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമ്മുകാശ്മീരിലെ പ്രളയബാധിതര്‍ക്കായി 25 കോടിയുടെ ദുരിതാശ്വാസ പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ച മാതാ അമൃതാനന്ദമയി മഠത്തിന്റെ ആത്മീയ മാര്ഗദര്ശിത്വത്തേയും മാനുഷികപ്രവര്‍ത്തനങ്ങളേയും രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. 2013 ജൂണിലെ പ്രളയത്തില്‍ വാസസ്ഥലം നഷ്ടമായ ഉത്തരാഖണ്ഡ് രുദ്രപ്രയാഗിലെ 250 കുടുംബങ്ങള്‍ക്ക് മഠം നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിച്ചു.
അമൃതാനന്ദമയീ മഠം ഏര്‍പ്പെടുത്തിയ, 1,23,456 രൂപയും സരസ്വതി ദേവിയുടെ ശില്പവും അടങ്ങുന്ന അമൃതകീര്‍ത്തി പുരസ്കാരം കവി എസ്. രമേശന്‍നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അമൃതാനന്ദമയീ മഠത്തിന്റെ സൗരോര്‍ജ്ജ വൈദ്യുതീകരണ പദ്ധതിയായ അമൃതസ്ഫുരണം, അമൃതപുരി അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ്, അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്ക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സിന്റെ ലൈവ് ഇന്‍ ലാബ്സ് (ലൈല) പരിപാടി എന്നിവയ്ക്കും മുഖ്യമന്ത്രി തുടക്കമിട്ടു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, സീമാജാഗരണ്‍ ദേശീയ സഹസംയോജക് എ. ഗോപാലകൃഷ്ണന്, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍, ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്, ബിജെപി നേതാക്കളായ പികെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. അമൃതവര്‍ഷം പ്രമാണിച്ച് ജന്മഭൂമി പുറത്തിറക്കിയ അമൃതായനം ജന്മഭൂമി ചെയര്മാന് കൂടിയായ കുമ്മനം രാജശേഖരന് മാതാ അമൃതാനന്ദമയീദേവിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: