ന്യൂയോര്‍ക്ക്: പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഭാരതം തയ്യാറാണെന്നും അതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതും അതിന് മുന്നോട്ടുവരേണ്ടതും പാക്കിസ്ഥാനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്.
ഭീകരതയുടെ നിഴലില്‍ ചര്‍ച്ച സാധ്യമല്ല. ഇന്നും ചില രാജ്യങ്ങള്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയാണ്. മോദി പറഞ്ഞു. ഇന്ന് ഒരു രാജ്യവും ഭീകരപ്രവര്‍ത്തനത്തില്‍ നിന്ന് മുക്തമല്ല. ഭീകരതക്ക് എതിരെ ആഗോളതലത്തില്‍ സംയുക്ത ശ്രമങ്ങള്‍ ഉണ്ടാകണം. കടല്‍, ബഹിരാകാശം സൈബര്‍ സ്പേസ് എന്നിവ വഴിയുള്ള ഭീകരപ്രവര്‍ത്തനമാണ് പുതിയ വെല്ലുവിളി. അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തിന് എതിരെ നാം കരാര്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.
21 ാം നൂറ്റാണ്ടിന്റെ വെല്ലുവിളി നാം തിരിച്ചറിഞ്ഞ് ഐക്യരാഷ്ട്രസഭയുടെ പ്രയാണത്തിന് പുതിയ ദിശ നല്‍കണം. അടുത്ത വര്‍ഷം യുഎന്നിന് ഇതിനുള്ള അവസരമാണ്. അടുത്ത വര്‍ഷം നമുക്ക് അന്താരാഷ്ട്ര തലത്തില്‍ യോഗാ വര്‍ഷം ആചരിക്കണം. മോദി അഭി്രപായപ്പെട്ടു. നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരണം. അന്താരാഷ്ട്ര കരാറുകള്‍ ഒപ്പുവയ്ക്കുമ്പോള്‍ ഓരോരുത്തരുടേയും ആശങ്കകളും താല്പര്യങ്ങളും പരിഗണിക്കണം. ഇന്ന് ലോകത്ത് 250 കോടി പേര്‍ക്കും അടിസ്ഥാന ശുചിത്വസൗകര്യങ്ങള്‍ പോലുംലഭിക്കുന്നില്ല. പുരോഗതിക്ക് ശക്തി പകരാന്‍ ഓരോരാജ്യവും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം. യുഎന്നിന്റെ സമാധാന പരിപാലന ശ്രമങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ പങ്കാളിത്തം വഹിക്കണം.ലോകത്തിന്റെ പോക്ക് തീരുമാനിക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ല. നമുക്കൊന്നിച്ച് സമാധാനത്തിന് യത്നിക്കാം.
ഭാരതത്തിന്റെ പുരോഗതിക്ക് അയല്‍രാജ്യങ്ങളിലും സുസ്ഥിര സര്‍ക്കാരുകള്‍ വരണമെന്നാണ് ഭാരതത്തിന്റെ ആഗ്രഹം. ഇന്ന് ലോകത്തെങ്ങും ജനാധിപത്യത്തിന്റെ മുന്നേറ്റമാണ് കാണുന്നത്. മോദി പറഞ്ഞു.
ഇന്ന് ഇവിടെ 193 പതാകകളാണ് പാറുന്നത്.കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നാം വളരെയേറെ നേടിയിട്ടുണ്ട്. ഒരോ രാജ്യത്തിനും അവരവരുടേതായ തത്വശാസ്ത്രമുണ്ട്. ഇതാണ് അവരെ നയിക്കുന്നത്. വസുധൈവ കുടുംബകം എന്നതാണ് ഭാരതത്തിന്റെ തത്വശാസ്ത്രം.
ഭാരതം സാമ്പത്തികമായും സാമൂഹ്യമായും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന് 125 കോടി ജനങ്ങളില്‍ നിന്ന് വലിയ പ്രതീക്ഷയുണ്ടെന്ന ബോധത്തോെടയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഭാരത പൗരന്മാരുടെ പ്രതീക്ഷകളെപ്പറ്റിയും ബോധവാനാണ്.
ഭാരത പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ഞാന്‍ ആദ്യമായാണ് നിങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ വലിയ അഭിമാനമാണ് പകരുന്നത്. മോദി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: