പരിഷ്കാര കേരളം എന്ന് മലയാളികള്‍ അഭിമാനിക്കുന്ന സംസ്ഥാന തലസ്ഥാനത്തെ സ്കൂളില്‍ നാലുവയസ്സായ ഒരു വിദ്യാര്‍ത്ഥി സഹപാഠിയോട് സംസാരിച്ചതിന് സ്കൂള്‍ പ്രിന്‍സിപ്പല്‍ കുട്ടിയെ പട്ടിക്കൂട്ടിലടച്ചു. സാംസ്കാരിക കേരളത്തിന് ലോകത്തിന് മുമ്പില്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ട അതിപ്രാകൃതമായ ഈ നടപടി ഒരു വനിതാധ്യാപികയില് നിന്നാണുണ്ടായതെന്നുള്ള വസ്തുതയും ഞെട്ടിപ്പിക്കുന്നതാണ്. മാതൃഹൃദയമുള്ള ഒരു സ്ത്രീയ്ക്കും ഈ വിധം കൊടുംക്രൂരത ഒരു പിഞ്ചുബാലനോട് ചെയ്യാനാകുകയില്ല.
നാലുവയസ്സുകാരനെ മണിക്കൂറുകളോളം പട്ടിക്കൂട്ടിലടച്ചത് അവനിലുണ്ടാക്കിയ മാനസികാഘാതം ഏറെയാണ്. അവന് ഒരു സാമൂഹ്യവിപത്തായി മാറാനുള്ള സാധ്യതപോലും ഈ ശിക്ഷ സൃഷ്ടിക്കുന്നു. കുട്ടിയുടെ സഹോദരി, അനിയനെ പട്ടിക്കൂട്ടിലടച്ചതിന്റെ കാരണം ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ അവളുടെ വായില്‍ കോല് കുത്തിക്കയറ്റും എന്ന ഭീഷണിയും അധ്യാപിക മുഴക്കി. അതിനാല്‍ വിവരം നാട്ടുകാരും വീട്ടുകാരും അറിഞ്ഞത് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ്.
ഇത്ര പ്രാകൃതമായ ഒരു ശിക്ഷാവിധി നടപ്പാക്കി അഹങ്കാരത്തോടെ തലയുയര്‍ത്തി നാട്ടുകാരുടെ പ്രതിഷേധത്തിന് മുന്പില് നിന്ന അധ്യാപിക രാക്ഷസീയതയുടെ പ്രതിരൂപമാണ്. കുട്ടികളെ തല്ലരുതെന്ന് സുപ്രീംകോടതി വിധി തന്നെ ഉള്ളതാണ്. ഈ സ്കൂളിലെ കുട്ടികള്‍ക്ക് അടിയും രക്തം പൊടിയുന്ന നുള്ളും മറ്റും നല്കുന്ന അധ്യാപികയാണിവര്‍. ഈ ക്രൂര നടപടികള്‍ തുടര്‍ച്ചയായി നടന്നുവന്നിരുന്നിട്ടും പരാതികള്‍ പോലീസില്‍ എത്തിയിരുന്നെങ്കിലും ഈ അംഗീകാരമില്ലാത്ത സ്കൂള്‍ നടത്തിവരുന്ന അധ്യാപികക്കെതിരെ എന്തുകൊണ്ട് ഇതുവരെ നടപടി ഉണ്ടായില്ല എന്നത് ചോദ്യ ചിഹ്നം തന്നെയാണ്.
അനധികൃതമായി സ്വന്തം വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ നടത്തിവരുന്ന ഈ സ്കൂള്‍ അടച്ചുപൂട്ടാന്‍ നടപടി എടുക്കണം എന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്. കുട്ടിയോട് ചെയ്ത കൊടുംക്രൂരതയ്ക്കെതിരെ ഒറ്റക്കെട്ടായി നാട്ടുകാര്‍ പ്രതിഷേധിച്ചതിന് ശേഷമാണ് പോലീസ്, പ്രിന്‍സിപ്പല്‍ ശശികലയെ അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയും ഈ കാര്യത്തില്‍ ഇടപെടും എന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്.
ലൈസന്‍സ് റദ്ദാക്കി സ്കൂള്‍ പൂട്ടണം എന്ന ആവശ്യം ഉയരുമ്പോള്‍ ഈ സ്കൂള്‍ ഓപ്പണ്‍ സ്കൂളായിട്ടാണ് നടത്തുന്നത് എന്ന വസ്തുതപോലും നാട്ടുകാര്‍ക്കറിയില്ല.
ഇന്ന് കേരളത്തില്‍ ബാലപീഡനം കൂടി വരികയാണ്. മദ്രസ്സകളില്‍ മാത്രമല്ല മറ്റു ചില സ്കൂളുകളിലും അധ്യാപകര്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നു എന്ന വാര്‍ത്ത ഇന്ന് തുടര്‍ക്കഥയാണ്. പക്ഷേ വിദ്യാഭ്യാസ മന്ത്രിയോ വകുപ്പ് മേധാവികളോ ഇതിനെപ്പറ്റി അന്വേഷിക്കുന്നില്ല. കുട്ടികള്‍, രാജ്യത്തിന്റെ ഭാവിയാണ്, ഭാവി പൗരന്മാരാണ്. നിസ്സഹായരായ ഈ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച്, പരിശീലനം നല്‍കുന്നതിന് പകരം അവരെ ശാരീരികമായി പീഡിപ്പിച്ചും അതില്‍ സുഖം കണ്ടെത്തുന്ന സാഡിസ്റ്റ് മനഃസ്ഥിതിയുള്ള അദ്ധ്യാപകര്‍ ഇന്ന് സുലഭമാണ്.
ഇവിടെ കുട്ടികള്‍ക്ക് പീഡനം മാത്രമല്ല, മാനസിക സമ്മര്‍ദ്ദവും ഭയവും അപമാനവും സഹിക്കേണ്ടിവരുന്നു. സഹപാഠികളുടെ മുന്നില്‍ പട്ടിക്കൂട്ടില്‍ കിടക്കേണ്ടി വന്ന കുട്ടിയുടെ മാനസികാവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ. ഇത്ര ലജ്ജാവഹമായ ഒരു സംഭവം തലസ്ഥാനത്ത് അരങ്ങേറിയത് തെളിയിക്കുന്നത് അധികാരികളുടെ നിസ്സംഗതയും അലംഭാവവുമാണ്. സ്കൂള്‍ ലൈസന്‍സ് റദ്ദാക്കണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്കൂളുകള്‍ക്ക് അനുമതി നല്‍കേണ്ടത് അത് നടത്തിക്കൊണ്ടുപോകുന്നവര്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് പരിശോധിച്ചശേഷമാകണം. മാനസിക നില തകരാറിലായ ഒരു പ്രിന്‍സിപ്പലിന് മാത്രമെ ഒരു കുട്ടിയെ ഈവിധം അപമാനിക്കാനും പീഡിപ്പിക്കാനും കഴിയൂ. ഈ അധ്യാപികയെ പട്ടിക്കൂട്ടിലടച്ചാണ് ശിക്ഷിക്കേണ്ടത് എന്ന വികാരം വരെ ഉയര്‍ന്നു.
ഈ അദ്ധ്യാപികക്കെതിരെ നിരന്തരം പരാതികള്‍ ലഭിക്കാറുണ്ടെന്ന് അവിടുത്തെ കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തുന്നു. പോലീസില്‍ പരാതി നല്കിയിട്ടുപോലും നടപടി ഉണ്ടായില്ല. ദരിദ്ര വിഭാഗത്തില്‍പെട്ട കുട്ടികളാണത്രെ ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും. അവരെ എന്തു ചെയ്താലും ചോദിക്കാന്‍ ആരും ഉണ്ടാകില്ലെന്ന പ്രിന്‍സിപ്പലിന്റെ ധാരണ തിരുത്തിയാണ് സ്കൂള്‍ ഗേറ്റിന് മുന്പില് ജനപ്രതിഷേധം ഉയര്‍ന്നതും. ഈ വൈകിയ വേളയിലെങ്കിലും പോലീസ് അവരെ കസ്റ്റഡിയിലെടുത്തത് ആശ്വാസകരമാണ്. അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: