തിരുവനന്തപുരം: സഹപാഠിയോട് സംസാരിച്ചതിനെ തുടര്‍ന്ന് യുകെജി വിദ്യാര്‍ത്ഥിനിയെ പട്ടിക്കൂട്ടില്‍ അടച്ചിട്ട സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റു ചെയ്തു.
തിരുവനന്തപുരം കുടപ്പനക്കുന്നിന് സമീപം പാതിരിപ്പള്ളി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രിന്‍സിപ്പല്‍ ശശികലയും ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. പട്ടിയെ കൂട്ടിന് പുറത്താക്കിയ ശേഷം കുട്ടിയെ അതിനുള്ളില്‍ അടച്ചിടുകയായിരുന്നു.
എന്തിനെ കുറിച്ചാണ് സംസാരിച്ചതെന്ന് ചോദിച്ചപ്പോള്‍ പട്ടിയെ കുറിച്ചാണെന്ന് വിദ്യാര്‍ത്ഥി മറുപടി നല്കി. എന്നാല്‍ പട്ടിക്കൂടില്‍ അടക്കേണ്ടതാണല്ലോ എന്നു പറഞ്ഞു കൊണ്ടായിരുന്നു ശിക്ഷ നടപ്പാക്കിയത്. സ്കൂള്‍ വിടുന്നത് വരെ കുട്ടിയെ കൂട്ടില്‍ അടച്ചിട്ടു.
കുട്ടിയുടെ സഹോദരിയായ മൂന്നാം ക്ലാസുകാരി ഇതേക്കുറിച്ച് അദ്ധ്യാപകരോട് ചോദിച്ചപ്പോള്‍ അച്ഛനമ്മമാരോട് പറഞ്ഞാല്‍ വായില്‍ കമ്പ് തിരുകികയറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു. എന്നാല്‍ പിന്നീട് കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു.
സംഭവം വിവാദമായതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഡി.പി.ഐ അറിയിച്ചു.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ.മുനീറും പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: