ന്യൂദല്‍ഹി: കേന്ദ്രഫണ്ട് ലഭിക്കുന്നതിനായി വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ കേരളം സമ്മതിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ലഭിക്കുന്നതിനായാണ് പദ്ധതിയുടെ ഘടനയില്‍ മാറ്റം വരുത്തുന്നത്. പുതിയ പദ്ധതി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചാലുടന്‍ കേന്ദ്രധനകാര്യ സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി വിഴിഞ്ഞം പദ്ധതിയുടെ വിജിഎഫ് സഹായത്തിനുള്ള അന്തിമാനുമതി നല്‍കും.
ദല്‍ഹിയില്‍ ഇന്നലെ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചകളിലാണ് വിജിഎഫ് വ്യവസ്ഥകള്‍ക്കനുസൃതമായ മാറ്റങ്ങള്‍ക്ക് കേരളം തയ്യാറായത്. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ട് കേന്ദ്രസഹായത്തിനാവശ്യമായ മാറ്റങ്ങള്‍ പദ്ധതിയില്‍ വരുത്തുന്നതിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ കേന്ദ്ര ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാമുമായി സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ് ചര്‍ച്ച നടത്തി. പദ്ധതിക്കായി വിജിഎഫ് വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവനുവദിക്കണമെന്ന ആവശ്യം ചീഫ് സെക്രട്ടറി യോഗത്തില്‍ ഉന്നയിച്ചു. എന്നാല്‍ വിജിഎഫ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കുക അപ്രായോഗികമാണെന്ന് കേന്ദ്രധനവകുപ്പ് സെക്രട്ടറി വ്യക്തമാക്കി. തുടര്‍ന്നാണ് വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള ഭേദഗതികള്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ വരുത്താന്‍ തീരുമാനിച്ചത്. രാജ്യത്താദ്യമായി വിജിഎഫ് അനുവദിച്ച തുറമുഖപദ്ധതിയായതിനാല് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുകയായിരുന്നു.
നാലായിരം കോടി രൂപ മുടക്കുമുതല്‍ പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 40 ശതമാനം തുകയാണ് വിജിഎഫ് ആയി ലഭിക്കുന്നത്. ഏകദേശം 800 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ കേന്ദ്രസഹായമായി ലഭിക്കുന്നത്. കടലില്‍ നിന്ന് മണ്ണെടുത്തു നിര്‍മ്മിക്കുന്ന കൃത്രിമകരയ്ക്കും അതിന്റെ നിര്‍മ്മാണത്തിനുള്ള മണ്ണുമാന്തലിനും വിജിഎഫ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരും തുറമുഖ അധികൃതരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ ചില മാറ്റങ്ങള്‍ വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പാട്ടക്കാലാവധി, താരിഫ് നിര്‍ണ്ണയം, നഗരവികസനം തുടങ്ങിയ കാര്യങ്ങളിലും മാറ്റങ്ങള്‍ ആവശ്യമാണ്.
വിഴിഞ്ഞം പദ്ധതിക്ക് ടെണ്ടര്‍ യോഗ്യത നേടിയ എസ്സാര്‍ ഗ്രൂപ്പ്, ഹ്യുണ്ടായി, സ്േ്രട ഇന്‍ഫ്രാസ്ട്രക്ചറും ഒഎച്ച്എല്‍ കമ്പനിയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം, അഡാനി, ഗാമണ്‍ ഇന്ത്യ എന്നിവ യോഗത്തിലെ ധാരണയനുസരിച്ചുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ നല്‍കും.പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം വിഴിഞ്ഞം ടെണ്ടറില്‍ അന്തിമനടപടികളുണ്ടാകും.
പദ്ധതിയോട് കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണെന്നും സാങ്കേതികവിഷയങ്ങള്‍ മാത്രമേ ചര്‍ച്ചയ്ക്കു വന്നിട്ടുള്ളൂവെന്നും യോഗത്തിനുശേഷം ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം പറഞ്ഞു. വളരെ സാധ്യതകളുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ കേന്ദ്രം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി പറഞ്ഞു. പദ്ധതി നിര്‍മ്മാണ ടെണ്ടര്‍ എപ്പോള്‍ വിളിക്കുമെന്നും എത്ര ശതമാനം വി.ജി.എഫ് പദ്ധതിക്കു ലഭിക്കുമെന്നും ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറി ഇ.കെ.‘ഭരത്ഭൂഷണ് പറഞ്ഞു. പുലിമുട്ട് നിര്‍മ്മാണത്തില്‍ ചില മാറ്റങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി സഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല ഉറപ്പ് ലഭിച്ചിട്ടുണ്ട്, ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം തുറമുഖ പദ്ധതി മാനേജിങ് ഡയറക്ടര്‍ എ.എസ്.സുരേഷ് ബാബു,തുറമുഖ സെക്രട്ടറി ജെയിംസ് വര്‍ഗ്ഗീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: