ന്യൂദല്‍ഹി: ശുചിയായ ഭാരതം വിഭാവനം ചെയ്യുന്ന സ്വച്ഛ് ഭാരത് പദ്ധതിയില്‍ രാജ്യത്തെ 31 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും ഒരു കോടിയിലധികം വരുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഒമ്പതു മണിക്ക് ഇന്ത്യാഗേറ്റിനു മുന്നില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സുരക്ഷ മുന്‍നിര്‍ത്തി, എവിടെയായിരിക്കും മോദി ശുചീകരണപ്രവര്‍ത്തനം നടത്തുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രമന്ത്രിസഭാംഗങ്ങളെല്ലാം രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കും.
ഗാന്ധിജയന്തി പൊതുഅവധി ദിനമാണെങ്കിലും ഇന്ന് വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ ശുചിത്വ പ്രതിജ്ഞ എടുക്കും. സര്‍ക്കാര്‍ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളും പരിസരവും ജീവനക്കാര്‍ ശുചിയാക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപുറമേ സര്‍ക്കാരിതര സംഘടനകള്‍, നഗര-ഗ്രാമ തദ്ദേശ സ്ഥാപനങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, യുവജന സംഘടനകള്‍, റെസിഡന്റ്-മാര്‍ക്കറ്റ് അസോസിയേഷനുകള്‍, വ്യാവസായിക സംഘടനകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കൊപ്പം പൊതുസമൂഹവും സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളികളാകും. വീടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, മറ്റു തൊഴിലിടങ്ങള്‍, പൊതുനിരത്തുകള്‍, റോഡുകളും ചന്തകളും, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, പ്രതിമകള്‍, പൈതൃക കേന്ദ്രങ്ങള്‍, നദികള്‍,തടാകങ്ങള്‍, കുളങ്ങള്‍,പാര്‍ക്കുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ശൂചീകരിക്കും.
മഹാത്മാഗാന്ധിയുടെ ജീവിതദൗത്യമായ ശുചിത്വപരിപാലനമെന്ന ലക്ഷ്യത്തിലേക്ക് രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികമായ 2019ല്‍ രാജ്യത്തെ എത്തിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. രാജ്യത്തെ 120 കോടി ജനങ്ങളുടെ ശുചിത്വനിലവാരം ഉയര്‍ത്തുകയും പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമായി തുടരുന്നത് അവസാനിപ്പിക്കുകയുമാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ലക്ഷ്യം. എന്‍ഡിഎ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ഏറ്റവും ശ്രമകരമായ ദൗത്യമാണിത്. കേന്ദ്രനഗര വികസന മന്ത്രാലയം 62,000 കോടി രൂപയും കുടിവെള്ള-ശുചീകരണ മന്ത്രാലയം 1.34 ലക്ഷം കോടി രൂപയും പദ്ധതി നടത്തിപ്പിന് വകയിരുത്തും.
ശ്രീരാമകൃഷ്ണമിഷന്, ബാബാ രാംദേവിന്റെ പതഞ്ജലി യോഗാപീഠ്, ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ്, ഗായത്രി പരിവാര്‍, കാഞ്ചി കാമകോടി മഠം, കര്‍ണ്ണാടകയിലെ സിദ്ധ ഗംഗാ മഠം എന്നിവര്‍ കേന്ദ്രസര്‍ക്കാരിന്റെ ശുചീകരണ യജ്ഞത്തില്‍ മുഖ്യപങ്കാളികളാകും. ജമായത്തെ ഇസ്ലാമി ഹിന്ദ്, ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളേയും ശുചീകരണ പദ്ധതിയുമായി സഹകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.
രാജ്യത്താകമാനം പദ്ധതിയുടെ ഭാഗമായി 1.10കോടി കക്കൂസുകളാണ് നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്.രാജ്യത്തെ എല്ലാ സ്കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍ നിര്‍മിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ ആരംഭിച്ചുകഴിഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: