ന്യൂദല്‍ഹി: സംസ്ഥാന ഗവര്‍ണ്ണര്‍ പി.സദാശിവത്തിന് ദല്‍ഹിയിലെ കേരളാ ഹൗസില്‍ അവഗണന. സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഗവര്‍ണ്ണര്‍ പി.സദാശിവം റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ ഐഎഎസിനെ വിളിച്ചുവരുത്തി ശാസിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് കേരളാ ഹൗസിലെ ഗവര്‍ണ്ണറുടെ മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് റസിഡന്റ് കമ്മീഷണറെ ഗവര്‍ണ്ണര്‍ ശാസിച്ചത്. കേരളാ ഹൗസ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയില്‍ ഗവര്‍ണ്ണര്‍ ക്ഷുഭിതനായതായാണ് വിവരം.
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചക്കെത്തിയ ഗവര്‍ണ്ണറെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലും കേരളാ ഹൗസ് ഗസ്റ്റ് ഹൗസിലും റസിഡന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ ആരുമുണ്ടായിരുന്നില്ല. യുഡി ക്ലാര്‍ക്ക് തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥനും ഡ്രൈവറും മാത്രമാണ് വിമാനത്താവളത്തില്‍ ഗവര്‍ണ്ണറെ സ്വീകരിക്കാനുണ്ടായിരുന്നത്. ഗസ്റ്റ് ഹൗസിലും പുതിയ ഗവര്‍ണ്ണര്‍ക്ക് യാതൊരു സ്വീകരണവും നല്‍കിയില്ല. സംസ്ഥാന സര്‍ക്കാരിനു ഗവര്‍ണ്ണറോടുള്ള അതൃപ്തിയാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്ത ഉദ്യോഗസ്ഥനായ ഗ്യാനേഷ്കുമാറിന്റെ വിവാദ നടപടികളിലെ അവസാനത്തേതാണ് ഗവര്‍ണ്ണര്‍ക്ക് നേരിട്ട അവഗണന. കടുത്ത പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടും ഗ്യാനേഷ്കുമാറിനെ സംരക്ഷിക്കുന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. മുന്‍ കേരളാ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിതിനോടും സമാനമായ രീതിയില്‍ കമ്മീഷണര്‍ പെരുമാറിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് വിഷയം അവസാനിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച അവധിയായതിനാലാണ് ഗവര്‍ണ്ണറെ സ്വീകരിക്കാതിരുന്നതെന്നാണ് റസിഡന്റ് കമ്മീഷണര്‍ പറയുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പു നിശ്ചയിച്ച ഗവര്‍ണ്ണറുടെ ദല്‍ഹി സന്ദര്‍ശനത്തിനു യാതൊരു മുന്നൊരുക്കങ്ങളും കമ്മീഷണര്‍ നടത്തിയിരുന്നില്ല. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ എത്തുന്നതിന് വലിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി മണിക്കൂറുകളോളം കേരളാ ഹൗസില്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുള്ള റസിഡന്റ്കമ്മീഷണര് ഗവര്‍ണ്ണറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് യാതൊന്നും ക്രമീകരിച്ചിരുന്നില്ല.
സംസ്ഥാന ഗവര്‍ണ്ണര്‍ രാജ്യതലസ്ഥാനത്തെത്തുമ്പോള് റസിഡന്റ് കമ്മീഷണറോ അഡീഷണല്‍ റസിഡന്റ് കമ്മീഷണറോ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വലിയ അലംഭാവമാണ് ഇക്കാര്യത്തില്‍ വരുത്തിയിരിക്കുന്നത്. അഡീഷണല്‍ ആര് സി രചനാ ഷാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ കേരളാ ഹൗസിന്റെ ചുമതലയിലില്ല. കേരളാ ഹൗസിന്റെ ചുമതലക്കാരനായ കണ്ട്രോളര് അവധിയില്‍ കേരളത്തിലുമാണ്.
രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഗവര്‍ണ്ണര്‍ പി. സദാശിവം ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: