ന്യൂദല്‍ഹി: ഹരിയാന, മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാരുകള്‍ അധികാരത്തിലെത്തുമെന്നും ഹരിയാനയിലെ കര്‍നാലില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകൊണ്ട് നരേന്ദ്രമോദി പറഞ്ഞു. ഒക്ടോബര്‍ 15 -നാണ് ഇരു സംസ്ഥാനങ്ങളിലും നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടിംഗ് നടക്കുന്നത്.
ലോകം മുഴുവന്‍ ഭാരതത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ 125 കോടി ജനങ്ങളിലേക്ക് ഭരണം എത്തിയതാണ് അതിനു കാരണം, മോദി ഹരിയാനയില്‍ പറഞ്ഞു. താന്‍ ചെയ്തതിന്റെ കണക്കു കാണണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കഴിഞ്ഞ 60 വര്‍ഷമായി അവരെന്താണ് ചെയ്തതെന്ന് മോദി മഹാരാഷ്ട്രയിലെ ബീഡില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ ചോദിച്ചു. അറുപതു മാസം നല്കിയാല് മുഴുവന്‍ പ്രശ്നങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തി പുറത്തെത്തിക്കാനാവും. മഹാരാഷ്ട്രയില്‍ ബിജെപി സമ്പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. വികസനം സാധ്യമാകണമെങ്കില്‍ ബിജെപി അധികാരത്തിലെത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയം ജലസേചന സൗകര്യങ്ങള്‍ നല്കാതിരുന്നതു മൂലം വര്‍ഷം തോറം 3,700 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. ശരിയായ ജലസേചന സൗകര്യങ്ങളും വൈദ്യുതിയും നല്കിയിരുന്നെങ്കില് കൃഷിയിടങ്ങളില്‍ പൊന്നുവിളയിക്കാനാകുമായിരുന്നു, മോദി പറഞ്ഞു.
ചൈന, ജപ്പാന് സന്ദര്‍ശനങ്ങളില്‍ ഏര്‍പ്പെട്ട കരാറുകള്‍ മഹാരാഷ്ട്രയ്ക്ക് പ്രയോജനകരമായി മാറുന്നതാണ്. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച സ്വച്ഛ് ഭാരത് പദ്ധതിയേപ്പറ്റി റാലിയില്‍ പങ്കെടുത്തവരെ ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി പ്ലാസ്റ്റിക് വെള്ളക്കുപ്പികളും പേപ്പറുകളും സമ്മേളന മൈതാനിയില്‍ ഉപേക്ഷിച്ചു മടങ്ങരുതെന്നും ജനങ്ങളോട് പറഞ്ഞു.
ഹരിയാനയില്‍ അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഓംപ്രകാശ് ചൗട്ടാലയുടെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനെ കടന്നാക്രമിച്ച മോദി, ജയിലില്‍ നിന്നും സംസ്ഥാനം ഭരിക്കപ്പെടണമെന്നാണോ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: