കേരള സംസ്ഥാന മന്ത്രിസഭയുടെ 2014 ഒക്ടോബര്‍ ഒന്നാം തീയതി കൂടിയ യോഗം സംസ്ഥാനത്തെ ജനങ്ങളുടെ രക്ഷയെ കരുതി, ഭാവിതലമുറയ്ക്കുണ്ടാകുന്ന ഭവിഷ്യത്ത് പരിഗണിച്ച് ഫ്ളെക്സ് സംസ്ഥാനത്ത് നിരോധിക്കുവാനും പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുവാനും തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടികളില്‍ മുഖ്യമന്ത്രി സ്വന്തം പേരില്‍ സ്ഥാപിച്ച ഫ്ളെക്സ് വലിച്ചുകീറി ഫ്ളെക്സ് ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തു.
ഫ്ളെക്സ് പരസ്യബോര്‍ഡുകള്‍ കാലാവധി തീരുന്ന മുറയ്ക്ക് എടുത്തുമാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒക്ടോബര്‍ മൂന്നിന് കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോഷക തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് പത്രസമ്മേളനം നടത്തി സംസ്ഥാനത്ത് ഫ്ളെക്സ് ബോര്‍ഡുകള്‍ നിരോധിക്കുവാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും പ്രഖ്യാപിക്കുന്നു. ഐഎന്‍ടിയുസിയുടെ ഫ്ളെക്സ് ആരും തൊടില്ലെന്നും അദ്ദേഹം ഭീഷണി മുഴക്കുന്നു. മദ്യനയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ സമൂഹത്തിന്റെ ഭരണക്കാര്‍ തന്നെ വികലമാക്കിയതുപോലെ ഫ്ളെക്സ് നിരോധനവും അലങ്കോലമാക്കുന്ന നടപടികളിലേക്കാണ് ആ പാര്‍ട്ടി പോകുന്നതെന്ന സൂചനകളാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. എന്തിനാണ് ഫ്ളെക്സ് ബോര്‍ഡുകളും പ്ലാസ്റ്റിക്കും നിരോധിക്കുന്നതെന്ന് പരിശോധിക്കാം.
ഉല്‍പ്പാദിപ്പിക്കുന്നതു മുതല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിന് രൂപമാറ്റം വരുത്തി ഉണ്ടാക്കുന്നതാണ് ഫ്ളെക്സ്. ഇതിന്റെ അടിസ്ഥാന പദാര്‍ത്ഥം പോളിവിനൈല്‍ ക്ലോറൈഡ് എന്ന പിവിസി തന്നെയാണ്. 1960 മുതല്‍ പ്ലാസ്റ്റിക് ഉപയോഗത്തിലുണ്ടെങ്കിലും 2000-ാം ആണ്ടിനുശേഷമാണ് പ്ലാസ്റ്റിക് രൂപമാറ്റം വരുത്തിയ ഫ്ളെക്സ് പ്രചുരപ്രചാരം നേടിയത്. ഇന്ന് ഹൈദരാബാദ് പോലുള്ള പട്ടണങ്ങളില്‍ പ്രതിമാസം 750 ടണ്‍ എന്ന കണക്കിനാണ് ഫ്ളെക്സ് ഉപയോഗിച്ച് തള്ളുന്നത്.
സംസ്ഥാനത്തെ നഗരങ്ങളിലും സ്ഥിതി വിഭിന്നമല്ല. ഫ്ളെക്സ് സിന്തറ്റിക് പോളിമര്‍ ഉപയോഗിച്ചശേഷം 80 ശതമാനവും കത്തിച്ചു കളയുകയാണ്. ഫ്ളെക്സ് ബോര്‍ഡുകള്‍ ഫുട്പാത്തിലൂടെപോലും ജനങ്ങള്‍ക്ക് നടക്കുവാന്‍ പറ്റാത്ത രീതിയില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നു. റോഡരികില്‍ സ്ഥാപിക്കുന്ന പല ഫ്ളെക്സ് ബോര്‍ഡുകളും ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്നതിന് ഇടയാക്കുന്നുണ്ട്. ഇത് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ഫ്ളെക്സ് നിര്‍മിക്കുമ്പോള്‍ വിവിധയിനങ്ങള്‍ ലഭിക്കുന്നതിനും പ്ലാസ്റ്റിക് ഗുണം ലഭിക്കുന്നതിനും വേണ്ടി ഘനലോഹങ്ങള്‍ ചേര്‍ക്കുന്നുണ്ട്. പൂപ്പല്ശല്യം ഒഴിവാക്കുവാനായി കുമിള്‍നാശിനികളും മഴയില്‍ നശിക്കാതിരിക്കാന്‍ ലാമിനേറ്റ് ചെയ്യുമ്പോള്‍ ഫ്ളെക്സില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ വരെ അപകടകാരികളാണ്.
ഫ്ളെക്സില്‍ നിന്നും പുറത്തുവരുന്ന ഘനലോഹങ്ങള്‍, മനുഷ്യശരീരത്തിലെ രാസാഗ്നികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. ലാമിനേഷന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളും ആസ്മയ്ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും ഇടവരുത്തുന്നു. നാഡീവ്യൂഹ തളര്‍ച്ചക്കും ഇത് കാരണമാകുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഫ്ളെക്സില്‍ അച്ചടിക്കുവാന്‍ ഉപയോഗിക്കുന്ന മഷിയില്നിന്നും പുറത്തുവരുന്ന അമ്ലങ്ങള്‍ കണ്ണുകളുടെ നാശത്തിന് ഇടവരുത്തുന്നുണ്ട്. ഈ മഷികള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടത്രെ! ഫ്ളെക്സ് മലിനീകരണം ജലത്തെയും മണ്ണിനെയും വായുവിനെയും ഒരുപോലെ മലിനമാക്കുന്നു. കുടിവെള്ളത്തിലൂടെയും ഭക്ഷ്യവസ്തുക്കളിലൂടെയും അമ്മയിലെത്തുന്ന ഫ്ളെക്സിലെ ഡൈയോക്സിനുകള്‍ മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലെത്തുന്നു.
ഫ്ളെക്സ് കത്തിക്കുമ്പോള്‍ പുറത്തുവരുന്ന മാരകമായ വിഷമാലിന്യങ്ങളില്‍ പ്രധാനപ്പെട്ടത് പോളിവിനൈല്‍ ക്ലോറൈഡ്, പോളി എത്തിലീന്‍ ട്രൈഫ്ത്താലെറ്റ്, ടെട്രാക്ലോറോഡൈബെന്‍സോ പാരാഡൈയോക്സിന്‍, അമ്ലവാതകങ്ങള്, ഖനലോഹങ്ങള്‍, കുമിള്‍നാശിനികള്‍, എത്തിലീന്‍ ഡൈക്ലോറൈഡ്, ബിസ്ഫിനോള്‍ എ, മഷികള്‍, ട്രൈഹാലോമീഥേന് എന്നിവയാണ്.ജര്‍മനിയിലെ ഗോയിഥേ സര്‍വകലാശാലയിലും യുഎസ്എയിലും നടന്ന ഗവേഷണഫലങ്ങള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മാരകമായ പ്രവര്‍ത്തനശേഷിയുളള 419 തരം ഡൈയോക്സിനുകളില് ടിസിഡിസിയും മറ്റും വിവിധയിനം കാന്‍സറുകള്‍, ജനനവൈകല്യങ്ങള്‍, പഠനവൈകല്യങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഉല്പ്പാദനേന്ദ്രീയ വൈകല്യങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, നാഡീവ്യവസ്ഥയ്ക്ക് മാന്ദ്യത, കുടല് പ്രശ്നങ്ങള്‍, ത്വക്ക് അലര്‍ജി, ആസ്മ എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടത്രെ! ബിസ്ഫീനോള്‍ എയും ഫ്ത്താലേറ്റുകളും ആണ്‍കുട്ടികളില്‍ ത്രൈണസ്വഭാവം ഉണ്ടാക്കുന്നതിനും പെണ്‍കുട്ടികളില്‍ സ്തനാര്‍ബുദത്തിനും കാരണമാകുന്നുണ്ട്. മുതിര്‍ന്നവരില്‍ വന്ധ്യതയും ഉല്പ്പാദനേന്ദ്രിയങ്ങളിലെ വളര്‍ച്ചാ കുറവിനും ഇടവരുത്തുന്നുണ്ട്.
ഫ്ളെക്സ് മലിനീകരണം കരള്‍, കിഡ്നി, ശ്വാസകോശങ്ങള്‍ എന്നിവയുടെ കാന്‍സറിന് ഹേതുവാകുന്നുണ്ടെന്ന് തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. ജൈവവിഘടനത്തിന് വിധേയമാകാത്തതുമൂലം ഫ്ളെക്സ് വിഘടിപ്പിക്കപ്പെടുവാന് പതിറ്റാണ്ടുകള്‍ ആവശ്യമാണ്. ഫ്ളെക്സ് ഉണ്ടാക്കുന്ന തലമുറയ്ക്ക് അവയുടെ സംസ്കരണം സാധ്യമല്ലെന്നര്‍ത്ഥം. വായുവിലൂടെയും ജലത്തിലൂടെയും മണ്ണിലെത്തുന്ന ഫ്ളെക്സ് രാസമാലിന്യങ്ങള്‍ ജീവജാലങ്ങളില്‍ കടന്നുകൂടുവാന് ഏറെസമയം ആവശ്യമില്ല. കുഴഞ്ഞുവീണ് മരിക്കുന്നതും കിഡ്നി പ്രവര്‍ത്തനരഹിതമാകുന്നതും വിവിധതരത്തിലുള്ള അര്‍ബുദങ്ങള്‍ ഉണ്ടാകുന്നതും കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേരളീയ സമൂഹത്തില്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കയാണ്.
പ്ലാസ്റ്റിക് ഉപയോഗവും ഫ്ളെക്സ് ഉപയോഗവും വര്‍ധിച്ചിരിക്കുന്നതും കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കകത്ത് സംഭവിച്ച വസ്തുതയാണ്. രോഗങ്ങള്‍ക്കും ഫ്ളെക്സ്-പ്ലാസ്റ്റിക് മലിനീകരണങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടോ എന്ന് സംസ്ഥാനതലത്തില്‍ ഇതുവരെ ഒരു പഠനവും നടന്നിട്ടില്ല. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ചവര്‍ പ്ലാസ്റ്റിക് അടക്കം അടിച്ചുകൂട്ടി കത്തിച്ചുകൊണ്ടിരിക്കയാണ്. രാത്രിയും പകലും ഉപയോഗശേഷം ഫ്ളെക്സ് ബോര്‍ഡുകള്‍ കത്തിച്ചില്ലാതാക്കല് സംസ്ഥാനമൊട്ടാകെ തുടരുകയാണ്.
കേരളത്തിന്റെ സംവഹനശേഷിയേക്കാള് അനേക മടങ്ങായ ഫ്ളെക്സ് ഉപയോഗം നിയന്ത്രണാതീതമായിരിക്കുന്നു. കേരളത്തിന്റെ തെരുവുകള്‍ ഫ്ളെക്സുകള്‍ കീഴടക്കിക്കഴിഞ്ഞു. ഉപയോഗശേഷം ഈ മാലിന്യങ്ങള്‍ എവിടെപ്പോകുന്നു എന്നുപോലും ജനം ശ്രദ്ധിക്കാറില്ല. പുഴകളുടെ അടിത്തട്ടിലും കായലുകളിലും പൊട്ടക്കിണറുകളിലും കാനകളിലും പാടശേഖരങ്ങളിലും മറ്റു കൃഷിയിടങ്ങളിലും ഫ്ളെക്സിന്റെ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടുന്ന കാഴ്ച കേരളമെങ്ങും കണ്ടുവരുന്നു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ 2010 സപ്തംബര്‍ 20 ന് പുറത്തിറങ്ങിയ ഫ്ളെക്സ് വരുത്തിത്തീര്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഇലക്ഷന് കമ്മീഷന് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഫ്ളെക്സ് വിലക്കി ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ ഫ്ളെക്സ് പ്രിന്റിംഗ് അസോസിയേഷനും മൂവാറ്റുപുഴയിലെ ഒരു സ്ഥാനാര്‍ത്ഥിയും ഫയല്‍ചെയ്ത കേസില്‍ 2010 ഒക്ടോബര്‍ 6 ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇലക്ഷന് കമ്മീഷന്റെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
കെഎസ്പിസിബി റിപ്പോര്‍ട്ട് പരിഗണിച്ച് ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജനങ്ങളുടെ മൗലികാവകാശം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണത് ചെയ്തത്. ഫ്ളെക്സ് മലിനീകരണം നടത്തുന്ന വസ്തുവാണെന്ന് കോടതി വിലയിരുത്തുകയായിരുന്നു വിധിയിലൂടെ. എന്നാല്‍ 2010 ഒക്ടോബര്‍ 11 -ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് മലിനീകരിക്കുന്ന വസ്തുക്കള്‍ ബാന്‍ ചെയ്യാനുള്ള അധികാരം ഇലക്ഷന് കമ്മീഷനില്ലെന്ന വാദത്തോടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് തള്ളി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (എ), (ജി) എന്നീ വകുപ്പുകള്‍പ്രകാരം സംസാരിക്കുവാനുള്ള സ്വാതന്ത്ര്യംപോലെ ഒരാള്‍ക്ക് എന്ത് കച്ചവടം നടത്തണമെന്ന് തീരുമാനിക്കുവാനുള്ള അധികാരം അയാള്ക്കുള്ളതാണെന്നും ഫ്ളെക്സ് നിരോധനം ഇലക്ഷന് കമ്മീഷന്റെ ഉത്തരവാദിത്തമല്ലെന്നും അതിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. അങ്ങനെ കോടതി കയറി ഫ്ളെക്സ് നിരോധനം തള്ളിപ്പോയി.
ഫ്ളെക്സിന്റെ പ്രശ്നങ്ങളെക്കുറിച്ച് തീരുമാനമെടുക്കുവാനുള്ള അധികാരം സര്‍ക്കാരിനാണെന്ന ഹൈക്കോടതി പരാമര്‍ശവും കെഎസ്പിസിബി റിപ്പോര്‍ട്ടും ഫ്ളെക്സിനെക്കുറിച്ചുള്ള എണ്ണമറ്റ പരാതികളുമായിരിക്കാം ഒരുപക്ഷേ കേരള മന്ത്രിസഭ 2014 ഒക്ടോബര്‍ ഒന്നാം തീയതി ഫ്ളെക്സ് നിരോധിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. മറ്റ് പല സര്‍ക്കാര്‍ തീരുമാനങ്ങളെയും പോലെ എങ്ങനെയാണ് ഫ്ളെക്സ് നിരോധനം നടപ്പാക്കുകയെന്നൊന്നും ഇതുവരെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. പൊടുന്നനെ ഗാന്ധിജയന്തി ദിനം ഫ്ളെക്സ് നിരോധനം വലിയ ആഘോഷത്തോടെ തുടങ്ങിയെന്നു പറയുമ്പോഴും അതിനുവേണ്ട നിയമപിന്ബലങ്ങളും സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയതായി ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല.
കേന്ദ്രമലിനീകരണ ബോര്‍ഡിന്റെയും കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെയും പുനഃചംക്രമണ പ്ലാസ്റ്റിക് (നിര്‍മാണം, ഉപയോഗം, മാലിന്യസംസ്കരണം) നിയമം 2009 (ഭേദഗതി 2011) എന്നതാണ് ഫ്ളെക്സ് നിരോധനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍. കേരളത്തില്‍ ഈ നിയമം കാര്യക്ഷമമായി നടപ്പാക്കേണ്ടത് കെഎസ്പിസിബിയാണ്. ഫ്ളെക്സ് പ്രിന്റിംഗ് അസോസിയേഷന് ഇലക്ഷന് കമ്മീഷനെതിരെ നല്കിയ കേസ് 2010 ല്‍ തോറ്റതിന് മുഖ്യകാരണം കെഎസ്പിസിബി ശരിയായി കേസ് നടത്താതിരുന്നതാണെന്ന് പരിസ്ഥിതി രംഗത്തുള്ളവര്‍ ഉറച്ചു വിശ്വസിക്കുന്നു. അവര്‍ ഉണ്ടാക്കിയ ഫ്ളെക്സിനെതിരെയുള്ള റിപ്പോര്‍ട്ട് ഡിവിഷണല്‍ ബെഞ്ച് കാര്യമായെടുക്കാതിരുന്നത് കെഎസ്പിസിബിയുടെ വീഴ്ചയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് മന്ത്രിസഭ പാസ്സാക്കിയ ഫ്ളെക്സ് നിരോധനം എത്രത്തോളം പ്രായോഗികതലത്തില്‍ നടപ്പാവുമെന്ന് കണ്ടറിയണം.
കെഎസ്പിസിബി പ്രസിഡന്റ് ഫ്ളെക്സിനെതിരെ നടത്തുന്ന പടയൊരുക്കങ്ങളും തന്റെ കേരള യാത്രയില്‍ ഫ്ളെക്സ് ഉപയോഗിക്കുകയില്ലെന്ന പ്രഖ്യാപനവും ഒരുപക്ഷേ മുഖ്യമന്ത്രിയേയും കൂട്ടരെയും മദ്യനയം പോലെ ”ഒരു മുഴംമുമ്പെ”യെന്ന ആശയത്തിലെത്തിച്ചിരിക്കാമെന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ അവരെ കുറ്റംപറയാനാകുമോ? ആ ക്രെഡിറ്റും വി.എം.സുധീരന് നല്കരുതല്ലോ…. വലിയ മുന്നൊരുക്കങ്ങള്‍ ആവശ്യമായ ഫ്ളെക്സ് നിരോധനം ഒരു തയ്യാറെടുപ്പുമില്ലാതെ നടപ്പാക്കുവാനുള്ള തീരുമാനം വിജയകരമാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ഏതൊക്കെ ഫ്ളെക്സുകള്‍ എടുത്തുമാറ്റും? രാഷ്ട്രീയക്കാരുടെ ഫ്ളെക്സ് മാത്രമാണോ അതോ പരസ്യബോര്‍ഡുകള്‍ മാറ്റുമോ? ജാതി-മത നേതാക്കളുടെ ബോര്‍ഡുകള്‍, സമ്മേളന ബോര്‍ഡുകള്‍, ഉത്സബോര്ഡുകള്, മരണ അറിയിപ്പ് ബോര്‍ഡുകള്‍, സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വയ്ക്കുന്ന ബോര്‍ഡുകള്‍ തുടങ്ങി ഏതെല്ലാം ബോര്‍ഡുകള്‍ എടുത്തുമാറ്റും? ബോര്‍ഡു വയ്ക്കുന്നവര്‍ക്ക് ഫൈനടയ്ക്കേണ്ടിവരുമോ? എടുത്തുമാറ്റുന്ന ബോര്‍ഡുകള്‍ എന്ത് ചെയ്യും? ഫ്ളെക്സ് ഉല്‍പ്പാദിപ്പിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ അടപ്പിക്കുമോ? പിടിച്ചെടുക്കുന്ന ഫ്ളെക്സ് സംസ്കരണം എങ്ങനെ നടത്തും? മറ്റു സംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ എന്തു ചെയ്യും? ഈ രംഗത്ത് തൊഴിലെടുക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുമോ? ഫ്ളെക്സിന് പകരം എന്ത് സംവിധാനങ്ങള്‍ സര്‍ക്കാരിന് നിര്‍ദ്ദേശിക്കാനാകും? തുടങ്ങി അനേകം ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. എന്തുതന്നെ വന്നാലും സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുക തന്നെ വേണം. ഭാവിതലമുറയ്ക്ക് ഇവിടെ മാരകരോഗങ്ങളില്ലാതെ ജീവിക്കുവാന്‍ ഫ്ളെക്സ് നിരോധനം അനിവാര്യവുമാണ്. ഡോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: