കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കിന് വരുന്ന പ്രീ പ്രൈമറി അധ്യാപകര്‍ ദുരിതത്തില്‍. സര്‍ക്കാരിന്റെ യാതൊരുവിധ സഹായവും ലഭിക്കാതെ അവഗണനയുടെ പുറമ്പോക്കിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ് ഇവര്‍.
നാമമാത്രമായ പ്രതിഫലം കൈപ്പറ്റി വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന ഇവര്‍ക്ക് പി.എഫ്, ഇഎസ്ഐ, ബോണസ്, ക്ഷേമനിധി, പെന്ഷന് തുടങ്ങി യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. ബിരുദവും ബിരുദാനന്തര ബിരുദവും അധ്യാപക പരിശീലനവും ഉള്ള ഇവര്‍ക്ക് അതത് സ്കൂളിലെ പിടിഎ നല്കുന്ന 1500 – 2000ത്തിനും ഇടയ്ക്കുള്ള തുകയാണ് ശമ്പളമായി ലഭിക്കുന്നത്. അതേ സമയം സര്‍ക്കാര്‍ സ്കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകര്‍ക്ക് കുറഞ്ഞത് 5000 രൂപയും ആയമാര്‍ക്ക് 3500 രൂപയുമാണ് ലഭിക്കുന്നതത്രെ.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം പ്രീ പ്രൈമറി വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ എയിഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകരെ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്. നാമമാത്രമായ തുക നല്കി എയ്ഡഡ് മേഖലയും ഇവരെ ചൂഷണം ചെയ്യുകയാണ്. സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നും, ശമ്പളം ഏകീകരിച്ച് ജോലി സ്ഥിരത ഉറപ്പു വരുത്തണമെന്നും മറ്റ് അധ്യാപകര്‍ക്ക് നല്കുന്ന ആനുകൂല്യം ഇവര്‍ക്കും നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എയിഡഡ് മേഖലയിലെ പ്രീ പ്രൈമറി അദ്ധ്യാപകരോടുള്ള കടുത്ത അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രീ പ്രൈമറി അദ്ധ്യാപകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: