ന്യൂദല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരായ ഭിന്നത മറനീക്കി പുറത്ത്. കാല്‍നൂറ്റാണ്ടായി പാര്‍ട്ടി സ്വീകരിച്ച അടവുനയത്തെ വിലയിരുത്തി പി.ബി തയ്യാറാക്കിയ കരടുരേഖയ്ക്ക് ബദല്‍രേഖയുമായി സീതാറാം യെച്ചൂരി രംഗത്തെത്തിയത് ഇന്നാരംഭിക്കുന്ന കേന്ദ്രകമ്മറ്റിയോഗത്തെ പ്രതിസന്ധിയിലാക്കി.
പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ ശേഷം സ്വീകരിച്ച തീരുമാനങ്ങളിലും നടപടികളിലും വലിയ പിഴവുകളുണ്ടായെന്നാണ് കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാനായി സീതാറാം യെച്ചൂരി നല്കിയ ബദല്‍ രേഖയിലുള്ളത്. സീതാറാം യെച്ചൂരി അഭിപ്രായം വ്യക്തമാക്കി രേഖ സമര്‍പ്പിച്ച കാര്യം സിപിഎം കേന്ദ്രനേതൃത്വം സമ്മതിച്ചു. പി.ബി തയ്യാറാക്കിയ നയരേഖയേപ്പറ്റി വിയോജനക്കുറിപ്പ് നല്കാന് ഒരു പി.ബി അംഗത്തിന് അവകാശമുണ്ടെന്ന് മറ്റൊരു അംഗമായ എസ് രാമചന്ദ്രന് പിള്ള പറഞ്ഞു. എന്നാല്‍ സീതാറാം യെച്ചൂരി സമര്‍പ്പിച്ചത് ബദല്‍ രേഖയല്ലെന്നും സിപിഎം നേതൃത്വം പറയുന്നു.
കാല്‍നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ അടവുനയങ്ങളിലെ തിരുത്തലുകള്‍ സംബന്ധിച്ച് കഴിഞ്ഞയാഴ്ച നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ സീതാറാംയെച്ചൂരിയുടേയും കൂട്ടരുടേയും നിലപാടുകളെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പ്രകാശ് കാരാട്ട് മറികടക്കുകയായിരുന്നു. കേരളാഘടകത്തിന്റെ പിന്തുണ കാരാട്ടിന് ലഭിച്ചതോടെയാണിത്. അതിനാല്‍ത്തന്നെ കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ കരടുരേഖയ്ക്ക് പിബി അംഗീകാരം നല്‍കുകയും കേന്ദ്രകമ്മറ്റിയുടെ അംഗീകാരത്തിനായി വെയ്ക്കുകയും ചെയ്തു.
രാഷ്ട്രീയ അടവുനയത്തിലെ പിഴവുകളാണ് ദേശീയതലത്തില്‍ സിപിഎം രക്ഷപ്പെടാത്തതിനു കാരണമെന്നാണ് പിബി അംഗീകരിച്ച രേഖയില്‍ പറയുന്നത്. കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കപ്പുറത്തേക്ക് പാര്‍ട്ടി വളരാതിരിക്കുന്നതിന്റെ പ്രധാന കാരണവും പാര്‍ട്ടി സ്വീകരിച്ച നയത്തിലെ പിഴവുകളാണെന്ന് പിബി രേഖ പറയുന്നു. എന്നാല്‍ രാഷ്ട്രീയ അടവുനയങ്ങളല്ല, പ്രയോഗിച്ച രീതിയാണ് തെറ്റിപ്പോയതെന്നാണ് യെച്ചൂരി പക്ഷത്തിന്റെ അഭിപ്രായം. നയമാണ് തെറ്റിയതെങ്കില്‍ വി.പി.സിങ് അധികാരത്തിലെത്തിയതും ജ്യോതിബസുവിനു പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തതും 2004ല്‍ ഇടതു പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ ഉണ്ടായതും എങ്ങനെയെന്നും സീതാറാം യെച്ചൂരി ചോദിക്കുന്നു.
സംഘടനാപരമായ ദൗര്‍ബല്യമാണ് സിപിഎമ്മിന്റെ വീഴ്ചയ്ക്കു കാരണം. വ്യക്തികേന്ദ്രീകൃത നടപടികള്‍ പാര്‍ട്ടിക്കകത്തു നടപ്പാക്കാന്‍ ശ്രമിച്ചതില്‍ നേതൃത്വപരമായ പിഴവുകള്‍ പറ്റി. ഇതാണ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം, യെച്ചൂരിയുടെ രേഖയില്‍ പറയുന്നു. സീതാറാം യെച്ചൂരിയുടെ ബദല്‍രേഖ സിപിഎം കേന്ദ്രകമ്മറ്റി അംഗങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ ആരംഭിക്കുന്ന കേന്ദ്രകമ്മറ്റിയോഗം 29ന് സമാപിക്കും. കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്ന അടവുനയരേഖ കീഴ്ഘടകങ്ങള്‍ക്ക് അയച്ചു നല്‍കും. ഇവിടെ ചര്‍ച്ച ചെയ്തശേഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: