കൊച്ചി: കൊച്ചി മഹാനഗരത്തിലെ സംഘകാര്യകര്‍ത്താക്കളില്‍ ഏറ്റവും മുതിര്‍ന്ന തലമുറയുടെ പ്രതിനിധിയാണ് അന്തരിച്ച രാമചന്ദ്രന് കര്‍ത്ത. എതിര്‍പ്പുകളുടെയും കടന്നാക്രമണങ്ങളുടെയും കഠിനമായ കാലത്ത് സംഘപ്രവര്‍ത്തനത്തിന് ധീരമായ നേതൃത്വം നല്കിയ കര്‍ത്താസാര്‍ എന്നും പുതിയ പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു. മഹാനഗര്‍ സംഘചാലക് ആയി പ്രവര്‍ത്തിക്കുമ്പോള്‍ പുതിയ പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കാന്‍ എന്നും പഴയകാല അനുഭവകഥകള്‍ പങ്കുവെക്കുമായിരുന്നു അദ്ദേഹം. അടുത്ത് പരിചയപ്പെടാന്‍ സാധിച്ചവര്‍ക്ക് സംഘപ്രവര്‍ത്തനം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഉതകുന്ന ഒട്ടേറെ വിലപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
പ്രതിസന്ധികളെ അനായാസേന മറികടക്കുന്നതില്‍ സംഘപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുണയാകാറുണ്ട്. കേരളത്തില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച 40-കളിലും 50-കളിലും മറ്റും നേരിടേണ്ടിവന്ന എതിര്‍പ്പുകളും പ്രതിസന്ധികളും അവയെ ധീരമായും സരസമായും ആദ്യകാലപ്രവര്‍ത്തകര്‍ അതിജീവിച്ച രീതികളും കര്‍ത്താസാര്‍ സരസമായി അവതരിപ്പിക്കുമായിരുന്നു. വാര്‍ധക്യത്തിന്റെ അവശതകള്‍ പരിഗണിക്കാതെ കഴിയാവുന്നത്ര സംഘപരിപാടികളില്‍ അവസാനകാലത്തും പങ്കെടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സംഘചാലക് ചുമതല വഹിക്കുമ്പോഴും അതിനുശേഷവും കൊച്ചിയിലെ സംഘപരിപാടികളില്‍ ആ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു. കഴിഞ്ഞ വിജയദശമി പരിപാടിയിലും ഗണവേഷധാരിയായി കര്ത്താകാര് പങ്കെടുത്തു.
ഒരിക്കലും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാണ് താനെന്ന തോന്നിലില്ലാതെ സാധാരണക്കാരായ പ്രവര്‍ത്തകരിലൊരാളായി മാറുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. കേരളത്തിലെ ആദ്യകാല സംഘപ്രചാരകന്മാരിലൊരാളായിരുന്ന രാമചന്ദ്രന് കര്‍ത്താ വിടവാങ്ങുന്നതോടെ നഷ്ടമാകുന്നത് ഗതകാലത്തിന്റെ സൗഭാഗ്യങ്ങളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: