കോട്ടയം: ശബരിമലയുടെ ഭക്തിയുടെ വഴിയില്‍ വേറിട്ട വഴിപാടുമായി ദുബായ് അയ്യപ്പസേവാസമിതി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. സ്വര്‍ണ്ണ ഫലകത്തില്‍ ഹരിവരാസനം പൂര്‍ണ്ണമായി എഴുതി കടല്‍കടന്നെത്തുന്ന ഭക്തിക്കു പത്തരമാറ്റിന്റെ തിളക്കം. അയ്യപ്പസേവാസമിതിയുടെ വേറിട്ട കാണിക്കയാണിത്.
യുഎഇയില്‍ നിന്നും വിവിധ സംഘങ്ങളായി അയ്യപ്പന്മാര് എത്തുന്ന തീര്‍ത്ഥാടന യാത്രക്ക് ഈ വര്‍ഷം മുതല്‍ തുടക്കം കുറിക്കുകയാണ്. ആദ്യസംഘം 20ന് ശബരിമലയില്‍ എത്തും. ഇവര്‍ രണ്ടാഴ്ചമുമ്പ് വ്രതം ആരംഭിച്ചു. 19ന് വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന സംഘം 20ന് പുലര്‍ച്ചെ തന്ത്രി സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിയുടെ കാര്‍മ്മികത്വത്തില്‍ കെട്ടുമുറുക്കി ശബരിമലയ്ക്ക് യാത്രതിരിക്കും. കൊട്ടാരക്കര ഗണപതിക്ഷേത്രവും ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രവും ദര്ശിച് സംഘം പത്തനംതിട്ട വഴി ശബരിമലയ്ക്ക് പോകും. ഓമല്ലൂര്‍ മുള്ളനിക്കാട് വെള്ളകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സംഘത്തിനും സ്വര്ണ്ണഫലകത്തിനും വരവേല്പ് നല്‍കും.
സൂര്യകാലടി മനയില്‍ പ്രത്യേകം പൂജ ചെയ്ത് എടുത്ത ഫലകത്തിന് ഹരിവരാസനം കൊത്തിയെടുത്തത്. രണ്ടര അടി നീളവും ഒന്നേകാല്‍ അടി വീതിയിലുമാണ് ഫലകം നിര്‍മ്മിച്ചിരിക്കുന്നത്. രാത്രി പൂജകള്‍ക്കുശേഷം ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് സ്വര്‍ണ്ണഫലകം സമര്‍പ്പിക്കാനാണ് സേവാസമിതിയുടെ തീരുമാനം.
പുരുഷോത്തമന് നായര്‍ (രക്ഷാധികാരി), വിജയന് (പ്രസിഡന്റ്), അജിത് ശര്‍മ്മ ഭസ്മക്കാട്ടുമഠം( ജനറല്‍ കണ്‍വീനര്‍), ഹരികൃഷ്ണന് മൂളോളത്ത് (സെക്രട്ടറി), രവീന്ദ്രന് വെള്ളനാട് (പ്രോഗ്രാം കണ്‍വീനര്‍), ആത്മജ വര്‍മ തമ്പുരാന് (കോ -ഓര്‍ഡിനേറ്റര്‍), ജയപാലന് നായര്‍, ശശിധരന് നായര്‍ (ചീഫ് കോ – ഓര്‍ഡിനേറ്റേഴ്സ്) എന്നിരാണ് സമിതി ഭാരവാഹികള്‍. വിവരങ്ങള്‍ക്ക് 9349509027.
പ്രതികരിക്കാൻ ഇവിടെ എഴുതുക: