ആലുവ: ബാര്‍ കോഴ വിവാദത്തില്‍ സിപിഐ നിലപാട് വ്യക്തതയുള്ളതും സിപിഎമ്മിന്റേത് അണികളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നതുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എസ്എന്‍ഡിപി യോഗം ആലുവ യൂണിയന് ആസ്ഥാനത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെകാലമായി വല്ല്യേട്ടന്റെ അടിയും തൊഴിയും കൊണ്ട സിപിഐ മദ്യവിഷയത്തില്‍ തന്റേടത്തോടെയാണ് നിലപാടെടുത്തത്. സിപിഎമ്മിന്റെ അഭിപ്രായത്തെ ഓരോ ഘട്ടത്തിലും ശക്തമായി നേരിട്ടു.
മദ്യക്കോഴ വിഷയത്തില്‍ സിപിഎമ്മിന് സമരം നടത്തണമോയെന്നതില് ‘വേണ്ടണം’ എന്ന അവസ്ഥയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും ജനവും ഇതുകണ്ട് അന്ധാളിച്ച് നില്‍ക്കുകയാണ്. മന്ത്രിസഭയിലെ ഒരംഗമാണ് കോഴ വാങ്ങിയതെന്നാണ് ആരോപണമെങ്കിലും കുഴപ്പമുണ്ടായത് പ്രതിപക്ഷത്താണ്.
പ്രതിപക്ഷത്ത് ഇക്കാര്യത്തില്‍ കൂട്ടക്കലഹമാണ് നടക്കുന്നത്.
പ്രതിപക്ഷത്തെ തമ്മിലടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്ലകാലമാണ് നല്‍കുന്നത്. കെ. കരുണാകരന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ‘ലീഡര്‍’ പദവി ഉമ്മന്‍ചാണ്ടിക്ക് നല്കി സാഷ്ടാഗം പ്രണമിക്കേണ്ടി വരുമായിരുന്നു. വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: