കൊല്‍ക്കത്ത: ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശാരദ ഗ്രൂപ്പിന്റെ മൂന്ന് സ്ഥാപനങ്ങളില്‍ സിബിഐ തെരച്ചില്‍ നടത്തി. അന്വേഷണ വിധേയമായി സിബിഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നവയാണ് ഈ ഓഫീസുകള്‍. കേസ് സംബന്ധിച്ച് സിബിഐ ഇതുവരെ നാല് എഫ്ഐആറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ അടുത്തിടെ സിബിഐ രണ്ട് ചാര്ജുഷീറ്റുകളാണ് തെയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ ശാരദ ഗ്രൂപ്പ് ഉടമസ്ഥന് സുദീപ്ത സെന്‍, അസോസിയേറ്റ് ദേബ്ജാനി മുഖര്‍ജി, കുനാല്‍ഘോഷ് എന്നിവര്ക്കിതിരെയുള്ള ചാര്‍ജ് ഷീറ്റ് ഒക്ടോബര്‍ 22ന് സിറ്റി സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.
രണ്ടാമത്തെ ചാര്‍ജ് ഷീറ്റ് മുന്‍ പശ്ചിമബംഗാള്‍ ഡിജിപി രജത് മുജുംദാര്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ് ഒഫീഷ്യല്‍ ദേബേന്ദ്ര സര്‍ക്കാര്‍, അസാമി ഗായകന് സദാനന്ദ് ഗൊഗോയി എന്നിവര്‍ക്കെതിരെയാണ്. ഇവരെല്ലാം നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇതുകൂടാതെ ചാര്‍ജ് ഷീറ്റിലെ പ്രതിപ്പട്ടികയില്‍ പ്രമുഖ വ്യവസായി സജ്ജന്‍ അഗര്‍വാളും മകന് സന്ധീര് അഗര്‍വാള്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരെ സിബിഐ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി ശാരദ ഹൗസിംങ്, ശാരദ ഗാര്‍ഡെന്‍സ്, ശാരദ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നിവ കേന്ദ്ര ഏജന്‍സി പിടിച്ചെടുത്തിരിക്കുകയാണ്. അതേസമയം ശാരദ ചിട്ടിതട്ടിപ്പ് കേസിന്റെ തുക ഭീമമാകുമെന്ന് കേന്ദ്ര ഏജന്‍സി കഴിഞ്ഞദിവസം വാര്‍ത്ത പുറത്തു വിട്ടിരുന്നു. ശാരദ ഗ്രൂപ്പിനു പങ്കാളിത്തമുള്ള നാല് കമ്പനികളില്‍ നിന്നും 2500 കോടി രൂപ സിബിഐ കണ്ടുകെട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തുക ഉയരുമെന്ന് കേന്ദ്ര ഏജന്‍സി പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: