തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പ മാപിനികളിലെ വിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്കും അറിയാം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നെറ്റ്വര്‍ക്ക് വഴിയാണിത്. എന്നാല്‍, ഭൂകമ്പത്തിന്റെ ശക്തി ജനങ്ങള്‍ക്കറിയാന്‍ രണ്ടു മാസം കാത്തിരിക്കണമെന്നു മാത്രം. മുല്ലപ്പെരിയാറില്‍ ആറ് ഭൂകമ്പ മാപിനികളാണ് (സീസ്മോഗ്രാഫ്) സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം പ്രവര്‍ത്തന സജ്ജവുമാണ്.
ഡാമിന്റെ ഫൗണ്ടേഷനിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ എവിടെല്ലാമാണെന്ന വിവരങ്ങള്‍ പുറത്തുവിടുന്നില്ല. മൂന്നോ അതില്‍ കൂടുതലോ അളവില്‍ റിക്ടര്‍ സ്കെയില്‍ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളാണ് ഇനി മുതല്‍ പൊതുരേഖയാകുന്നത്. ഇതുവരെ കെഎസ്ഇബിക്കും ദുരന്തനിവാരണ അതോറിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്ക്കുമേ ഈ വിവരം ലഭിച്ചിരുന്നുള്ളു. വിവരങ്ങള്‍ പൊതുജനങ്ങളും അറിയേണ്ടതാണെന്നു തീരുമാനിച്ചത് മുല്ലപ്പെരിയാറില്‍ തമിഴ്നാട് ജലനിരപ്പുയര്ത്തിയപ്പോഴാണ്. മൂന്നുകോടി രൂപ ചെലവിലാണ് സീസ്മോഗ്രാഫുകള്‍ സ്ഥാപിച്ചത്.
എന്കാര്ഡിയ റൈറ്റ്സ് എന്ന ഭാരത കമ്പനിയുടേതാണ് ഭൂകമ്പമറിയിക്കുന്ന നെറ്റ്വര്‍ക്ക് സംവിധാനം. രണ്ടുമാസം കൊണ്ട് അവര്‍ നെറ്റ്വര്ക്കിംഗ് പൂര്‍ത്തിയാക്കും. അതോടെ എല്ലാ കമ്പ്യൂട്ടറുകളിലും സീസ്മോഗ്രാഫില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കും. മുല്ലപ്പെരിയാര്‍ നിവാസികള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും അധികൃതര്‍ പറയുന്നു. റിക്ടര്‍ സ്കെയിലില്‍ മൂന്നില്‍ കൂടുതല്‍ അളവില്‍ ഭൂകമ്പം ഉണ്ടായാല്‍ അതറിയാന്‍ കഴിയുന്നതു തന്നെ ഒരു മുന്നറിയിപ്പായി കാണാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: