ന്യൂദല്‍ഹി: ഭീകരന് ദാവൂദ് ഇബ്രാഹിം പാക്-അഫ്ഘാന്‍ അതിര്ത്തിയിലുണ്ടെന്നു പ്രസ്താവിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി ദാവൂദിനെ വേട്ടയാടുമോ എന്നകാര്യം തന്ത്രപരമായതിനാല് വെളിപ്പെടുത്താനാവില്ലെന്നു പറഞ്ഞു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ദാവൂദിനെ സംരക്ഷിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യാ ടുഡേയുടെ നേതൃത്വ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനുമായി നല്ല ബന്ധം ഭാരതം ആഗ്രഹിക്കുമ്പോള്‍ ഐഎസ്ഐ വഴി ഭാരതത്തില്‍ ഭീകരത പ്രോത്സാഹിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. 2008 മുംബൈ ഭീകരാക്രമണക്കേസ് ഇഴഞ്ഞു പോകുന്നത് പാക്കിസ്ഥാന്റെ കുറ്റമാണെന്നും സിങ് പറഞ്ഞു.
”പാക്കിസ്ഥാന് പ്രധാനമന്ത്രി ഭാരതത്തില്‍ വന്നപ്പോള്‍ ദാവൂദിനെ കൈമാറാന്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. നമ്മള് അതിനു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ തുടരുന്നു. ഭാരതം ഏറ്റവും ശക്തമായി ആവശ്യപ്പെടുന്ന കുറ്റവാളിയായ ദാവൂദ് ഇപ്പോള്‍ പാക്-അഫ്ഘാന്‍ അതിര്‍ത്തിയിലുണ്ട്,” ആഭ്യന്തരമന്ത്രി വിശദീകരിച്ചു.
ദാവൂദിനെ പിടിക്കാന്‍ വേട്ട നടത്തുമോ എന്ന ചോദ്യത്തിന്,” സമയം തരൂ, തന്ത്രങ്ങള്‍ വെളിപ്പെടുത്താനാവില്ല, സമയ പരിധിയൊന്നുമില്ല, പക്ഷേ, ദാവൂദിനെ എത്രയും വേഗം കൈമാറാന്‍ പാക്കിസ്ഥാനില്‍ സമ്മര്‍ദ്ദം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്,” എന്ന് രാജ്നാഥ് സിങ് മറുപടി നല്കി.
പാക്കിസ്ഥാനുമായി സൗഹാര്‍ദ്ദമാണ് നമ്മള് ആഗ്രഹിക്കുന്നത്. പക്ഷേ അവിടെനിന്ന് സൗഹാര്ദ്ദത്തെക്കുറിച്ചുള്ള വര്ത്തമാനമെങ്കിലും ഉണ്ടാവണം. എന്നാല്‍, ഏറെ വൈകാതെ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നു കരുതുന്നുവെന്ന് സിങ് പറഞ്ഞു. അടുത്തയാഴ്ച സാര്‍ക്ക് സമ്മേളനത്തിന് നേപ്പാളില്‍ ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ കാണും. പക്ഷേ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊന്നും സാധ്യത ഇല്ലെന്നും സിങ് പറഞ്ഞു.
ഭാരതവുമായി ചര്‍ച്ചക്കു മുമ്പ് കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, അവരുടെ നിലപാടും നമ്മുടെ നിലപാടും വ്യക്തമായില്ലേ എന്നു മറുപടി പറഞ്ഞു.
രാജ്യത്തെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനുള്ള ഒരു വഴിയും പാഴാക്കില്ലെന്ന് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: