കൊച്ചി: ബാര്‍ കോഴകേസില്‍ കെ.എം. മാണിക്ക് പിന്തുണ പ്രഖ്യാപിച്ച യുഡിഎഫ് നേതൃയോഗം പക്ഷേ സൂരജ് പ്രശ്നത്തില്‍ മൗനം പാലിച്ചു. മുന്നണിയിലെ ഭിന്നത രൂക്ഷമാകുമെന്ന് ഭയന്നാണ് പരസ്യ ചര്‍ച്ച ഒഴിവാക്കിയത്. സൂരജിനെതിരായ നടപടികളെച്ചൊല്ലി മുന്നണി പൊട്ടിത്തെറിയുടെ വക്കിലാണെങ്കിലും യോഗത്തില്‍ പരസ്യ ചര്‍ച്ച വേണ്ടെന്ന് യോഗം തുടങ്ങും മുന്‍പേ ധാരണയായിരുന്നു.
ചര്‍ച്ച ഒഴിവാക്കിയെങ്കിലും സൂരജിനെതിരായ നടപടികളില്‍ മുസ്ലിം ലീഗ് കടുത്ത അമര്‍ഷത്തിലാണ്. എന്നാല്‍ ഈ അമര്‍ഷം പുറത്തു പറയാനും കഴിയുന്നില്ല. ഇന്നലെ യുഡിഎഫ് യോഗത്തിനു മുന്‍പ് ലീഗ് നേതൃത്വം ഇക്കാര്യത്തിലുള്ള നിലപാട് മുഖ്യമന്ത്രിയേയും മുന്നണി കണ്‍വീനറേയും കെപിസിസി പ്രസിഡന്റിനേയും അറിയിച്ചു. ആഭ്യന്തര വകുപ്പിനെതിരെ ലീഗ് നേതൃത്വം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതായാണ് വിവരം. വകുപ്പ് മന്ത്രിയെപ്പോലും അറിയിക്കാതെയാണ് റെയ്ഡ് നടത്തിയത്. ലീഗ് നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെയാണ് ആഭ്യന്തര വകുപ്പ് പെരുമാറിയത്, ലീഗ് നേതൃത്വത്തെ ലക്ഷ്യം വെച്ചാണ് സൂരജിനെതിരായ നടപടി തുടങ്ങിയ ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ മുന്നണി യോഗത്തില്‍ ലീഗ് നേതൃത്വം അവതരിപ്പിച്ചില്ല.
പ്രശ്നത്തെച്ചൊല്ലി യുഡിഎഫില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുകയാണ്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചനും ലീഗ് നിലപാടിനെ അവഗണിച്ച് വിജിലന്‍സ് നടപടിയെ പരസ്യമായി പിന്തുണച്ച് രംഗത്തു വന്നത് ആഭ്യന്തര വകുപ്പിനെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് നടപടി അനവസരത്തിലായെന്ന അഭിപ്രായത്തിലാണ്. പ്രതിഷേധ സൂചകമായി സൂരജിനെ സസ്പെന്റ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിക്കാന്‍ പോലും മുഖ്യമന്ത്രി സന്നദ്ധനായില്ല. അത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സസ്പെന്ഷന് നടപടിയുടെ ഫയല്‍ കൊച്ചിയിലെത്തിച്ചാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. സസ്പെന്‍ഷനെതിരെ ലീഗിന്റെ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും ഇനിയും നടപടി വൈകുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് തിരക്കിട്ട് ഫയല്‍ കൊച്ചിയിലെത്തിച്ച് മുഖ്യമന്ത്രി ഒപ്പിട്ടത്. സസ്പെന്‍ഷനിലായ സൂരജിനെ അടുത്ത ദിവസം അറസ്റ്റുചെയ്യാനും വിജിലന്‍സ് നീക്കമാരംഭിച്ചിട്ടുണ്ട്. ലീഗിന്റെ എതിര്‍പ്പിനെ അവഗണിച്ച് മുന്നോട്ടു പോകാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ബാര്‍ കോഴ പ്രശ്നത്തില്‍ മുന്നണി ഒറ്റക്കെട്ടായി തന്നെ പിന്തുണക്കണമെന്ന് കെ.എം മാണി യോഗത്തിനു മുന്‍പ് നേരിട്ട് നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. സര്‍ക്കാരിന്റെ മദ്യ നിരോധന നയത്തില്‍ എതിര്‍പ്പുള്ള ബാറുടമകളാണ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും എന്നാല്‍ മദ്യ നയത്തില്‍ തിരുത്തല്‍ വരുത്തില്ലെന്നും മുന്നണി കണ്‍വീനര്‍. പി.പി തങ്കച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: