ന്യൂദല്‍ഹി: താലിബാന് ഭീകരതയില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന് വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി ഭാരതത്തിലെ മുഴുവന്‍ സ്കൂളുകളിലും രണ്ട് മിനിറ്റ് മൗനം ആചരിച്ചു. മൗനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചിരുന്നു. കറുത്ത റിബണുകള്‍ അണിഞ്ഞും പ്ലക്കാര്‍ഡുകള്‍ പിടിച്ചും ദുരന്തത്തില്‍പ്പെട്ട പാക്കിസ്ഥാനിലെ വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ദല്‍ഹിയിലെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ കൊണാട് പ്ലേസില്‍ ഭീകരതക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തി. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെതുടര്‍ന്ന് രാജ്യത്തെങ്ങും സ്കൂളുകളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ ഉണ്ടായിരുന്നു.
പ്രധാനമന്ത്രി മോദി പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ടെലിഫോണ്‍ വിളിച്ച് ദുഃഖം അറിയിച്ചു. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ഭാരതത്തിന്റെ ശക്തമായ പിന്തുണയും മോദി അറിയിച്ചു. ദുരന്തത്തിന് സാക്ഷികളായ കുട്ടികളെ സാധരണനിലയിലേക്ക് കൗണ്‍സിലിങ്ങിലൂടെ തിരിച്ചുകൊണ്ടുവരണം. വേദനയുടെയും ദുഃഖത്തിന്റെയും ഈ നിമിഷത്തില്‍ ഭീകരതയെ പരാജയപ്പെടുത്തുവാന്‍ ഭാരതവും പാക്കിസ്ഥാനും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: