മണ്ണാര്‍ക്കാട്: അട്ടപ്പാടി ഉള്‍പ്പടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരിക്കുന്ന മണ്ണാര്‍ക്കാടിന് അഭിമാനമായി എംഇഎസ് കോളേജിന് രസതന്ത്ര ഗവേഷണ പദവി ലഭിച്ചു.
പാലക്കാട് ജില്ലയില്‍ ഗവേഷണ കേന്ദ്രമാകുന്ന ആദ്യത്തെ എയ്ഡഡ് കോളേജാണ് എംഇഎസ് എന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രസതന്ത്രത്തിലെ നൂതന ശാഖകളായ നാനോകെമിസ്ട്രി, മെറ്റീരിയല്‍ കെമിസ്ട്രി, ഓര്‍ഗാനിക് കെമിസ്ട്രി, കോര്‍ഡിനേഷന്‍ കെമിസ്ട്രി എന്നീ വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുക.
ഇന്ത്യയിലേയും വിദേശങ്ങളിലേയും സര്‍വകലാശാലകളില്‍ നിന്ന് ഗവേഷണ പരിചയം നേടിയ പ്രഗത്ഭരായ അധ്യാപകര്‍ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ആധുനിക ഉപകരണങ്ങളോടു കൂടിയ ലാബ്, പ്രത്യേക പോര്‍ട്ടലുകള്‍, ഇന്ഫ്ലിബനെറ്റ്, കെമിക്കല്‍ സ്റ്റോറുകള്‍ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെ സഹായവും ഗവേഷണ കേന്ദ്രത്തിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഈ കോളേജിന് ഹിസ്റ്ററി ഗവേഷണ വിഭാഗം അനുവദിച്ചിരുന്നു.
പത്ര സമ്മേളനത്തില്‍ ചെയര്മാന് കെ.സി.കെ.സൈതാലി, പ്രിന്‍സിപ്പാള്‍ പ്രൊഫ.ഉസ്മാന് വേങ്ങശ്ശേരി, പ്രൊഫ.പി.എം.സലാഹുദ്ദീന്,ഡോ. എ.കെ. മുംതാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: