കാസര്‍കോട്: ബന്തിയോട് കയ്യാര്‍ മണ്ടേക്കാപ്പിലെ ജി.കെ സ്റ്റോര്‍ ഉടമ രാമകൃഷ്ണമൂല്ല്യയെ കഴുത്തിന് വെട്ടിക്കൊന്ന കേസിലെ നാലുപ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചെങ്കള എടനീര്‍ ചൂരിമൂല വീട്ടില്‍ ബി.എം ഉമര്‍ ഫാറൂഖ് (36), പൊവ്വല്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന നൗഷാദ് ഷെയ്ഖ് (33), ബോവിക്കാനം എട്ടാംമൈലിലെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ ആരിഫ് എന്ന അച്ചു (33), ചെങ്കള റഹ്മത്ത് നഗര്‍ ചോപ്പാല ഹൗസിലെ കെ. അഷ്റഫ് (33) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സി.ഐ വി.വി മനോജാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇന്നലെ നാലുപ്രതികളേയും തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയിരുന്നു. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) ആല്ഫമമായിയുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.
രാമകൃഷ്ണമൂല്ല്യയെ വെട്ടിക്കൊല്ലുന്നത് കണ്ട രണ്ടുപേരാണ് തിരിച്ചറിയാനായെത്തിയത്. സി.ഐ തിരിച്ചറിയല്‍ പരേഡിനായി കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. സി.ജെ.എമ്മാണ് തിരിച്ചറിയല്‍ പരേഡ് നടപ്പാക്കാനായി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ഉത്തരവ് നല്‍കിയത്. തിരിച്ചറിയല്‍ പരേഡിന്റെ ഫലം സി.ജെ.എമ്മിന് കൈമാറി.
രാമകൃഷ്ണമൂല്യയെ കൊലപ്പെടുത്താനുപയോഗിച്ച മൂന്ന് ആയുധങ്ങള്‍ ഇനി കണ്ടെത്തേണ്ടതുണ്ട്. സംഭവത്തിനുശേഷം പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളിലും പരിശോധന നടത്തണം. പ്രതികള്‍ സഞ്ചരിച്ച കാര്‍ മംഗളൂരു ദേര്‍ലക്കട്ടയിലെ സ്വകാര്യകോളജ് മൈതാനിയില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: