കാഞ്ഞങ്ങാട്: പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്രയമാകുന്ന ജില്ല ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പരാധീനതകളുമായി വീര്‍പ്പ്മുട്ടുന്നു. ശുദ്ധജലക്ഷാമംമൂലം ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷനുകള്‍ മുടങ്ങി. ഓപ്പറേഷനുകള്‍ ജൂണ്‍, ജുലൈ മാസത്തേക്ക് മാറ്റിയിരിക്കുകയാണ്. അത്യാവശ്യമുള്ളവരെ മറ്റ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്നു.
വരള്‍ച്ചരൂക്ഷമായതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പതിവായി വെള്ളമെത്തിക്കുന്ന മാര്‍ഗ്ഗങ്ങളെല്ലാം സ്തംഭിച്ചു. ഇപ്പോള്‍ ടാങ്കറുകളില്‍ വെള്ളമെത്തിച്ചാണ് കഷ്ടിച്ച് ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. വെള്ളം ആവശ്യത്തിന് കിട്ടാത്തതിനാല്‍ രോഗികള്‍ക്ക് പ്രാഥമിക കര്മ്മത്തിനൊ കുളിക്കാനോ കഴിയാത്ത അവസ്ഥയാണ്. തൊട്ടടുത്ത് കിടക്കുന്ന രോഗികളുടെ ബന്ധുക്കള്‍ വീടുകളില്‍ നിന്നും കൊണ്ടു വരുന്ന വെള്ളം പരസ്പരം നല്‍കിയാണ് അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റുന്നത്.
ശസ്ത്രക്രിയക്ക് തീയ്യതി നിശ്ചയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ വെളളമില്ലാത്തതിന്റെ പേരില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീട്ടിലേക്ക് മടങ്ങുകയാണ്. ദിവസം 20000 ലിറ്റര്‍ വെള്ളം വേണ്ടിവരുന്ന ജില്ലാ ആശുപത്രിയില്‍ 5000 ലിറ്റര്‍ വെള്ളം പോലും ലഭിക്കുന്നില്ല. ഇഞ്ചക്ഷനും, ഗുളികയും വേണ്ട. ഒരിറ്റ് വെള്ളം കിട്ടിയാല്‍ മതിയെന്നാണ് രോഗികള്‍ ഡോക്റോടും, നേഴ്സ്മാരോടും ആവശ്യപ്പെടുന്നത്.
രണ്ടരമാസമായി ജില്ലാശുപത്രിയിലെ അണുവിമുക്ത യന്ത്രം(ഓട്ടോക്ലേവ്) തകരാറിലായത്. അതുകൊണ്ട് തന്നെ ആശുപത്രിയില്‍ നടക്കേണ്ട പ്രധാനപ്പെട്ട ശസ്ത്രക്രിയകളൊന്നും തന്നെ നടക്കുന്നില്ല. പകരം മറ്റ് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയിട്ടാണ് ചെറിയ ശസ്ത്രക്രിയകള്‍ നടത്തുന്നത്. ജില്ലാ പഞ്ചായത്ത് അധികാരികള്‍ പകരമായി മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും അതും പ്രവര്‍ത്തന രഹിതമായി കിടക്കുകയാണ്.
അടുത്തിടെ ഡയാലിസിസ് വിഭാഗത്തിന്റെ ഉദ്ഘാടനം നടന്നുവെങ്കിലും പ്രവര്‍ത്തനമൊന്നും തുടങ്ങിയിട്ടില്ല. ദിവസം ആയിരക്കണക്കിന് രോഗികളാണ് ജില്ല ആശുപത്രിയില്‍ എത്തുന്നത്. മഴക്കാലം തുടങ്ങിയാല്‍ രോഗികളുടെ എണ്ണം ഇരട്ടിയാവും. പനി മറ്റ് പകര്‍വ്യാധികള്‍ ബാധിച്ച് ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്ന് രോഗികള്‍ എത്തുന്നത് ജില്ലാശുപത്രിയിലാണ്.
ശുചീകരണരംഗവും ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്. മഴക്കാല പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ വിഭാഗത്തില്‍ അഞ്ച് വര്‍ഷത്തേക്ക് നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ടശേഷം, ഇതേ വിഭാഗത്തിലേക്ക് 19 പേരെ നിയമിച്ച് മൂന്ന് മാസത്തെ കാലാവധിക്കുള്ളില്‍ അവരെ പിരിച്ച് വിട്ട് വീണ്ടും 18 പേരെ നിയമിക്കുകയായിരുന്നു. അവരും കാലാവധി കഴിഞ്ഞ് പോയിരിക്കുകയാണ്. ഇപ്പോഴാകട്ടെ ശുചീകരണ വിഭാഗം ആകെ താറുമാറായിരിക്കുകയാണ്.
ആശുപത്രി അധികൃതര്‍ ജില്ല പഞ്ചായത്ത് അധികൃതരെ നേരിട്ടറിയിച്ചിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. മോര്‍ച്ചറിയിലേക്കുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: